CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 20 Minutes 18 Seconds Ago
Breaking Now

ബോൾട്ടനിൽ പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണ തിരുനാള്‍ ഭക്തിസാന്ദ്രമായി..300 ൽ അധികം ചിത്രങ്ങൾ കാണാം.

ബോള്‍ട്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് പള്ളിയില്‍ ഇന്നലെ നടന്ന പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണ തിരുനാള്‍ ഭക്തിസാന്ദ്രമായി.

തിരുനാളിന്റെ പ്രധാന ദിവസമായ ഞായറാഴ്ച രാവിലെ 10.45 നു ഫാ. ജോർജ് മാമ്പള്ളി എം.എസ്.ടി യുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ആഘോഷമായ തിരുന്നാൾ കുർബാനയ്ക്ക് മോണ്‍ . ജോണ്‍ ഡാലി , സാൽഫോർഡ് രൂപത സീറോ മലബാർ ചാപ്ലിൻ ഫാ.തോമസ്‌ തൈകൂട്ടത്തിൽ തുടങ്ങിയവർ സഹകാർമികരായി. പരിശുദ്ധ മാതാവിന്റെ സ്വർഗാരോപണ തിരുനാളിന്റെ പ്രാധാന്യവും, പരിശുദ്ധ മാതാവും വിശ്വാസികളും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും, പ്രാധാന്യവും എടുത്തു പറഞ്ഞ തിരുനാൾ സന്ദേശത്തിലൂടെ ഫാ.ജോർജ് മാമ്പള്ളി ഇംഗ്ലീഷുകാരടക്കമുള്ള വിശ്വാസികളുടെ മനം കവർന്നു.


ആഘോഷമായ തിരുന്നാൾ കുർബാനയ്ക്ക് ശേഷം നടന്ന മാതാവിന്റെ ലദീഞ്ഞിനു ശേഷം ഭക്തി സാന്ദ്രമായ പ്രദക്ഷിണം ആരംഭിച്ചു. ബോൾട്ടന്റെ തെരുവ് വീഥികളെ പുളകം കൊള്ളിച്ചു കൊണ്ട് പരിശുദ്ധ മാതാവിന്റെ ചൈതന്യം തുളുമ്പുന്ന തിരുസ്വരൂപവുമേന്തി മുത്തുക്കുടകളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന ഭക്തിസാന്ദ്രമായ പ്രദക്ഷിണം ബോൾട്ടണിലെ കത്തോലിക്കരുടെ വിശ്വാസ പ്രഘോഷണമായിരുന്നു.  


പ്രദക്ഷിണം പള്ളിയിലെത്തിയപ്പോൾ ശ്രീ രാദേഷ് നായരുടെ നേതൃത്വത്തിൽ യുകെയിലെ പ്രമുഖ ചെണ്ട മേളക്കാരായ ബോള്‍ട്ടണ്‍ ബീറ്റ്സിന്റെ മേളപ്പെരുക്കത്തിന്റെ പ്രകടനമായിരുന്നു. ചെറു ചെമ്പടയിൽ പാതികാലത്തിൽ തുടങ്ങിയ മേളം വിവിധ താളങ്ങളുടെയും നൃത്തച്ചുവടുകളുടെയും അകമ്പടിയോടെ കൊട്ടിക്കയറിയ ബോള്‍ട്ടണ്‍ ബീറ്റ്സിന്റെ പ്രകടനം കാണാൻ ഇംഗ്ലീഷുകാരടക്കമുള്ള തദ്ദേശ വാസികൾ ആവേശത്തോടെയാണ് അണിനിരന്നത്. 


തുടർന്ന് പാരിഷ് ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ ഇടവകയിലെ വിവിധ വാർഡുകളിലെ കലാപ്രതിഭകൾ ഒരുക്കിയ കലാ വിരുന്നുകൾക്ക് തുടക്കമായി. ഇടവകയിലെ അഞ്ചു വാർഡുകളായ സെന്റ്‌ തോമസ്‌ ,സെന്റ്‌ അൽഫോൻസ, സെന്റ്‌ മേരീസ്‌, മദർ തെരേസ, ബ്ലെസ്ഡു ചാവറ, എന്നിവയിൽ നിന്നുള്ള കലാ പ്രതിഭകളാണ് വിവിധ കലാപരിപാടികളിലൂടെ തിരുന്നാളിനെ കലയുടെ ഉത്സവമാക്കിയത്.


ജോണി കണിവേലിലിന്റെ നേതൃത്വത്തിൽ സമൃദ്ധമായ സ്നേഹ വിരുന്നും ഒരുക്കിയിരുന്നു. ബോള്‍ട്ടണ്‍ കേരള കാത്തലിക് കമ്മ്യുണിറ്റിയുടെ സെക്രട്ടറി ടോംസി ജിമ്മി സ്വാഗതവും, ഇടവകയുടെ ട്രസ്റ്റി ജോസ് ആന്റണി നന്ദിയും രേഖപ്പെടുത്തി. 


തിരുനാളിന്റെ 340 ലധികം ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

 


 




കൂടുതല്‍വാര്‍ത്തകള്‍.