CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 27 Minutes 45 Seconds Ago
Breaking Now

ബ്രിസ്റ്റോൾ സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ് സമൂഹം ആനന്ദ നിർവൃതിയിൽ: പുതിയ പള്ളിയുടെ കൂദാശ സെപ്റ്റംബർ 6-7 തിയ്യതികളിൽ

ഒരു പതിറ്റാണ്ടിന്റെ സ്വപ്നം പൂവണിയുന്ന ആ സുന്ദര മുഹൂർത്തത്തിനായി കാത്തിരിക്കുകയാണ് ബ്രിസ്റ്റൊളിലെ ഇന്ത്യൻ ഓർത്തഡോക്സ് സമൂഹം.അവർ പുതിയതായി നിർമ്മിച്ച പള്ളിയുടെ കൂദാശ സെപ്റ്റംബർ 6-7 തിയ്യതികളിൽ നടക്കുകയാണ്

സ്വന്തമായൊരു പള്ളി അവിടെ എല്ലാ ഞായറാഴ്ച്ചകളിലും വിശുദ്ധ കുർബാനയും, കുട്ടികൾക്കുള്ള സണ്‍‌ഡേ സ്കൂളും,സമൂഹമായി എല്ലാവർക്കും ഒത്തു ചേരാനും നിയന്ത്രണങ്ങളും സമയപരിധികളും ഇല്ലാതെ ആരാധനകൾക്കായി ഒത്തു ചേരാനുള്ള അവസരം ഈ സ്വപനങ്ങളെല്ലാം പൂവണിയുകയാണ്. ബ്രിസ്റ്റൊളിലെ സെന്റ്‌ വിൻസെന്റ് ചർച്ചിൽ ശനിയാഴ്ചകളിൽ വിശുദ്ധ കുർബാനയും, കുട്ടികളുടെ സണ്‍‌ഡേ സ്കൂളുകളും നടത്തിയിരുന്ന ഈ സമൂഹത്തിനു ഇതൊരു ആഹ്ലാദ നിമിഷമാണ്. യു.കെയിലെ മറ്റു ക്രൈസ്തവ സമൂഹങ്ങൾക്കെല്ലാം മാതൃകയായി സൌത്ത് വെസ്റ്റിൽ ആദ്യമായി സ്വന്തമായി ഒരു പള്ളി നിർമ്മിക്കുന്ന ആദ്യത്തെ ക്രൈസ്തവ സമൂഹമായി മാറുകയാണ് ബ്രിസ്റ്റൊള്ളിലെ സെന്റ്‌ മേരീസ്‌ ഇന്ത്യൻ  ഓർത്തഡോക്സ് ചർച്ച്. 

2002 ഒക്ടോബറിൽ ഫാദർ എബ്രഹാം തോമസിന്റെ (എബിയച്ചൻ) നേതൃത്വത്തിൽ10 ഫാമിലിയിൽ തുടങ്ങിയ ഈ സമൂഹം ഇന്ന് നൂറോളം കുടുംബങ്ങളുള്ള ബ്രിസ്റ്റൊളിലെ ഒരു വലിയ  സമൂഹമാണ്. ഏകദേശം 3 വർഷങ്ങൾക്ക് മുൻപാണ് സ്വന്തമായി ഒരു പള്ളി വാങ്ങിക്കാനുള്ള ശ്രമത്തിനു തുടക്കം കുറിച്ചത്.ഇടവകാംഗങ്ങളുടെ മാസവരിയും ഉദാരമതികളുടെ സംഭാവനകളും കൂട്ടിച്ചേർത്തുവെച്ചുകൊണ്ടുള്ള അവരുടെ ശ്രമത്തിനു ദൈവാനുഗ്രഹം കൂടി ചേർന്നപ്പോൾ പിൽനിങ്ങിലെ ബാങ്ക് റോഡിൽ അവർക്കൊരു പഴയ സ്കൂളും ഏകദേശം ഒന്നര ഏക്കർ സ്ഥലവും കണ്ടെത്താൻ കഴിഞ്ഞു. തുടർന്ന് പള്ളി നിർമ്മിക്കുന്നതിനുള്ള നൂലാമാലകളും, ബിൽഡിംഗ് പുനർ നിർമാണത്തിന്റെ സാങ്കേതിക ബുദ്ധിമുട്ടുകളും എല്ലാം തരണം ചെയ്ത് ഏകദേശം രണ്ടു വർഷത്തോളമായുള്ള നിരന്തര പരിശ്രമത്തിന്റെ ഫലമാണ് സെപ്റ്റംബർ ആറാം തിയതി വെള്ളിയാഴ്ച മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ കാതോലിക്കാ ബാവ ബസേലിയസ് മാർ തോമ പൗലോസ് ll ന്റെ മുഖ്യ കാർമികത്വത്തിൽ യു കെ യും , യൂറോപ്പും,ആഫ്രിക്കയും, ഉൾക്കൊള്ളുന്ന രൂപതയുടെ മെത്രാപ്പൂലീത്തയായ  മാത്യൂസ്‌ മാർ തിമോത്തിയോസിന്റെയും, ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ്‌ മാർ അത്തനേഷ്യസിന്റെയും കാർമികത്വത്തിൽ പൂവണിയുന്നത്.

വികാരി ഫാ.വർഗീസ് മാത്യുവിന്റെയും, സെക്രട്ടറി എൽദോസ് വർഗീസിന്റെയും ട്രസ്റ്റി മാരായ തോമസ്‌ ഡേവിഡ്‌, ബിജോയ് ജോർജ് എന്നിവരുടെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സജി വർഗീസ്,തങ്കച്ചൻ ജോണ്‍ ,ഡെന്നിസ് ഡാനിയേൽ,ജേക്കബ്‌ കെ ജോർജ്,വി.ഓ.ജോസ് ,റോജൻ മാത്യു,ജേക്കബ്‌ ജോർജ്,വർഗീസ്‌ മാത്യു എന്നിവരുടെയും മേൽ നോട്ടത്തിൽ പള്ളിയുടെ മിനുക്ക്‌ പണികൾ നടക്കുകയാണ്.നിർമ്മാണ അനുമതി കിട്ടാനുണ്ടായ താമസത്തെത്തുടര്ന്നു പള്ളിയുടെ മുഖവാരത്തിന്റെ പണി കൂദാശക്ക്‌ ശേഷമേ നടക്കുകയുള്ളു.

കേരളത്തിലെ ക്രിസ്ത്യാനികളുടെ കുടിയേറ്റത്തിന്റെ കാലഘട്ടങ്ങളുടെ തുടർച്ചയുടെ കാഴ്ച യായിരുന്നു ബ്രിസ്റ്റൊളിലും.ആദ്യം വല്ലപ്പോഴും ഒരു കുർബാന പിന്നീട് സ്ഥിരമായുള്ള കുർബാനയും കുട്ടികളുടെ സണ്‍‌ഡേ സ്കൂളുകളും പിന്നീട് ചെറിയൊരു പള്ളി, പിന്നെ സ്ഥിരമായ ഇടവക പള്ളി അങ്ങനെ കേരളത്തിലെ ക്രൈസ്തവരുടെ തനതായ പാരമ്പര്യം പൂർത്തീകരിക്കുന്ന ബ്രിസ്റ്റൊളിലെ സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ് ചർച് ഇടവക അംഗങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. 

 

തങ്ങളുടെ വരുമാനത്തിൽ നിന്ന് മിച്ചം വെച്ച് ക്രൈസ്തവ വിശ്വാസവും പാരമ്പര്യവും കാത്തു സൂക്ഷിക്കാൻ ആറ്  ലക്ഷംപൗണ്ടിലധികം ചിലവ് വരുന്ന ഈ സംരംഭത്തിന് തയ്യാറായ, അതിനു വേണ്ടി സമയവും അദ്ധ്വാനവും മാറ്റി വെക്കാനുള്ള സന്മനസ്സു കാട്ടിയ നൂറോളം അംഗങ്ങളുള്ള ഈ സമൂഹത്തെയും അതിനു നേതൃത്വം നല്കുന്ന വികാരി ഫാ.വർഗീസ് മാത്യുവിനെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല.     




കൂടുതല്‍വാര്‍ത്തകള്‍.