CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 30 Seconds Ago
Breaking Now

യുക്മയുടെ ആദ്യ നാട്യരത്‌ന അവാര്‍ഡുകള്‍ ഈസ്റ്റ് ആംഗ്ലിയക്ക്, അഭിമാനത്തിന്റെ തേരിലേറി യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍

യു കെ യിലെ മികച്ച നര്‍ത്തക പ്രതിഭകളെ കണ്ടെത്തി അനുമോദിക്കുന്നതിന് യുക്മ നാഷണല്‍ കമ്മിറ്റി കെറ്ററിംഗ് മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ കെറ്ററിംഗിലെ കെ ജി എച് ഹാളില്‍ വച്ചു നടത്തിയ യുക്മ സൂപ്പര്‍ ഡാന്‍സര്‍ 2014 മത്സരങ്ങളുടെ ഫലമാണ് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ യശസ് വാനോളം ഉയര്‍ത്തിയത്. സബ്ജൂനിയര്‍ വിഭാഗത്തില്‍ സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍സ്, സെമിക്ലാസ്സിക്കല്‍ ഡാന്‍സ് സിംഗിള്‍സ് ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടി ബാല നാട്യരത്‌ന അവാര്‍ഡ് നേടിയ ആന്‍ മേരി ജോജോയും, ജൂനിയര്‍ വിഭാഗത്തില്‍ സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍സ്, സെമിക്ലാസ്സിക്കല്‍ ഡാന്‍സ് സിംഗിള്‍സ് ഇനങ്ങളില്‍ ഒന്നാമതെത്തി യുവ നാട്യരത്‌ന അവാര്‍ഡ് കരസ്ഥമാക്കിയ സ്‌നേഹ സജിയുമാണ് ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ അഭിമാനഭാജനങ്ങളായത്. കൂടാതെ സിനിമാറ്റിക് ഗ്രൂപ്പ് ഇനങ്ങളില്‍ സബ്ജൂനിയര്‍ ജൂനിയര്‍ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനം നേടിയ ഇപ്‌സ്വിച് മലയാളി അസോസിയേഷന്റെ കുട്ടികളും ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ മികവിന് മിഴിവേകി.

ബാല നാട്യരത്‌ന അവാര്‍ഡ് നേടിയ ആന്‍ മേരി ജോജോ ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷനിലെ ജോജോദീപ ദമ്പതികളുടെ മകളാണ്. യുക്മ റീജിയണല്‍നാഷണല്‍ കലാമേളകളില്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ ഭരതനാട്യത്തിനും, സിനിമാറ്റിക് സിംഗിള്‍സിനും ഒന്നാം സ്ഥാനം നേടിയ ഇയര്‍ 4 വിദ്യാര്‍ത്ഥിനിയായ ഈ കൊച്ചു മിടുക്കി ഇക്കഴിഞ്ഞ എഷ്യാനെറ്റ് ടാലന്റ് കൊണ്ടസ്റ്റിലെ സിനിമാറ്റിക് സിംഗിള്‍സ് റണ്ണര്‍ അപ്പാണ്. മികച്ച നൃത്താദ്ധ്യാപകനായ ഷിജു മേനോന്‍ ആണ് ആന്‍ മേരിയെ നൃത്തം അഭ്യസിപ്പിക്കുന്നത്.

ബാസില്‍ഡന്‍ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് യുക്മ സൂപ്പര്‍ ഡാന്‍സര്‍ മത്സരത്തില്‍ പങ്കെടുത്ത് യുവ നാട്യരത്‌ന അവാര്‍ഡ് നേടിയ സ്‌നേഹ സജി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ യുക്മ റീജിയണല്‍നാഷണല്‍ കലാമേളകളിലെ ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ് മത്സരങ്ങളിലെ വിജയിയാണ്. ഇക്കഴിഞ്ഞ യുക്മ നാഷണല്‍ കലാമേളയില്‍ വ്യക്തിഗതമായി ഏറ്റവും കൂടുതല്‍ പോയന്റ് നേടിയ ഈ കൊച്ചു മിടുക്കി സജിബിന്ദു ദമ്പതികളുടെ മകളാണ്.  മികച്ച നൃത്താദ്ധ്യാപകനായ ഷിജു മേനോന്റെ നൃത്താദ്ധ്യാപനത്തില്‍ വളരുന്ന ഈ കൊച്ചു മിടുക്കി എഷ്യാനെറ്റ് ടാലന്റ് കൊണ്ടസ്ടിലെയും വിജയിയാണ്. ഈസ്റ്റ് ഹാമില്‍ വച്ചു നടത്തിയ ചിത്രഗീതം ഷോയില്‍ കാണികള്‍ക്കും പദ്മശ്രീ കെ എസ് ചിത്രക്കും മറ്റു കലാകാരന്മാര്‍ക്കും സ്വാഗതമോതി അവതരണ നൃത്തം ചെയ്തത് വെസ്റ്റ്ക്ലിഫ് ഗ്രാമര്‍ സ്‌കൂള്‍ ഇയര്‍ 9 വിദ്യാര്‍ത്ഥിയായ ഈ ശിഷ്യയും ഗുരുവും ചേര്‍ന്നായിരുന്നു.

പ്രതിഭാധനനായ ഗുരുവിന്റെ കീഴില്‍ അഭ്യസിച്ച് ആന്‍ മേരിയും , സ്‌നേഹയും നേട്ടങ്ങള്‍ കൊയ്യുമ്പോള്‍, പേരെടുത്തു പറയാന്‍ ഗുരുക്കളില്ലാതെ സ്വന്തമായി ചിട്ടപ്പെടുത്തി പരിശീലിച്ച ഗ്രൂപ്പ് ഡാന്‍സും ആയാണ് ഇപ്‌സ്വിച് മലയാളി അസോസിയേഷന്റെ കുട്ടികള്‍ ജൂനിയര്‍ വിഭാഗത്തിലും സബ്ജൂനിയര്‍ വിഭാഗത്തിലും സിനിമാറ്റിക് ഗ്രൂപ്പ് ഡാന്‍സ് ഇനത്തില്‍  രണ്ടാം സ്ഥാനം നേടിയത്. യുക്മ നാഷണല്‍ കലാമേളയുടെ തുടക്കം മുതല്‍ തന്നെ സിനിമാറ്റിക് ഗ്രൂപ്പ് ഡാന്‍സ് ചാമ്പ്യന്‍മാരായിരുന്ന ഇപ്‌സ്വിച്ച് ഗേള്‍സിന്റെ മേധാവിത്വത്തിന് ഇളക്കം തട്ടി രണ്ടാം സ്ഥാനത്ത് എത്തിയത് ഈ കഴിഞ്ഞ നാഷണല്‍ കലാമേളയില്‍ മാത്രമാണ്.  ജെസ്‌ലിന്‍ ജോജോ, ജെനറ്റ് ജോജോ,ജീവ ജയ്‌സണ്‍, എയ്ഞ്ചല്‍ ബാബു, അലീന ബാബു, അദ്വൈത ഉദയന്‍, ആന്‍ ജോസ് എന്നിവരടങ്ങുന്ന ഈ സംഘമാണ് സിനിമാറ്റിക് ജൂനിയര്‍ ഗ്രൂപ്പ് ഇനത്തില്‍ രണ്ടാം സ്ഥാനം നേടിയത്. ഷോണ്‍ ഷിബിയുടെ നേതൃത്വത്തില്‍ സൂസന്‍ ബാബു, എബിന ബാബു, മിഷ ടോമി എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച സിനിമാറ്റിക് ഗ്രൂപ്പ് ഡാന്‍സ് സബ്ജൂനിയര്‍ വിഭാഗത്തില്‍ രണ്ടാം നേടിയപ്പോള്‍, മൂന്നാം സ്ഥാനത്ത് എത്തിയത് ഇപ്‌സ്വിച്ചിലെ തന്നെ അഞ്ജന ബാബു, ജോസ്സി ജോസ്, അല്‍ക്ക ബിബിന്‍, ഡിവീന തങ്കച്ചന്‍,റോസ് ജോണ്‍ എന്നീ മിടുക്കികള്‍ ആണ്. 

യുക്മ നാഷണല്‍ ട്രഷറര്‍ അഡ്വ ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ സെക്രട്ടറി കുഞ്ഞുമോന്‍ ജോബ്,  ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ വൈസ് പ്രസിടന്റ്‌റ് ബേബി തോമസ് എന്നിവര്‍ ഈ ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ യുക്മ സൂപ്പര്‍ ഡാന്‍സര്‍ 2014 വേദിയില്‍ ഉണ്ടായിരുന്നു. റീജിയണല്‍ നാഷണല്‍ ഭാരവാഹികളും, അസോസിയേഷനുകളും, അഭ്യുദയകാംക്ഷികളും വിജയികളെ പ്രത്യേകം പ്രത്യേകം അനുമോദിച്ചു. 

 




കൂടുതല്‍വാര്‍ത്തകള്‍.