CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 26 Minutes 10 Seconds Ago
Breaking Now

കുപ്രചരണങ്ങള്‍ ഏശുന്നില്ല, യുക്മയിലേക്ക് അസോസിയേഷനുകളുടെ ഒഴുക്ക് തുടരുന്നു. ഹണ്ടിംഗ്ടനും, വേക്ക്ഫീല്‍ഡും യുക്മയിലേക്ക്

യുക്മ കലാമേളകളുടെ വന്‍ വിജയം കണ്ടു വിറളി പൂണ്ട സ്വകാര്യസംഘടനയും അവരുടെ കുഴലൂത്തുകാരായി കുപ്രചരണം നടത്തുന്ന ഓണ്‍ലൈന്‍ ബ്ലോഗും കിണഞ്ഞു പരിശ്രമിച്ചിട്ടും യു.കെ യിലെ കൂടുതല്‍ മലയാളി സംഘടനകള്‍ യുക്മയിലേക്ക് ചേക്കേറുന്നത് തടയാന്‍ കഴിയുന്നില്ല. ഈസ്റ്റ് ആംഗ്ലിയ റീജിയണില്‍ ഹണ്ടിംഗ്ടണ്‍ മലയാളി അസോസിയേഷനും യോര്‍ക്ക്ഷയര്‍ ആന്റ് ഹമ്പര്‍ റീജിയനില്‍ വെസ്റ്റ് യോര്‍ക്ക്ഷയര്‍ മലയാളി അസോസിയേഷനും ആണ് യുക്മയില്‍ പുതുതായി അംഗത്വം നേടിയത്.

യോര്‍ക്ക്ഷയറിലെ വേക്ക്ഫീല്‍ഡ്, ഡ്യൂസ്ബറി, പോണ്ടെഫാക്റ്റ് പ്രദേശങ്ങള്‍  കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരു ദശാബ്ധക്കാലമായി വളരെ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച് കൊണ്ടിരിക്കുന്ന വേക്ക്ഫീല്‍ഡ് മലയാളി അസോസിയേഷനാണ് യോര്‍ക്ക്ഷയര്‍ ആന്റ് ഹമ്പര്‍ റീജിയന്റെ കരുത്ത് വര്‍ദ്ധിപ്പിച്ചു കൊണ്ട് യുക്മയുടെ ഭാഗമായി തീര്‍ന്നത്. അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ സത്യനും സെക്രട്ടറി ടോമി കോലഞ്ചേരിയും ട്രഷറര്‍ സജി ആന്റണിയും യുക്മ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് അസോസിയേഷന്‍ യുക്മയില്‍ ചേര്‍ന്നത്. ടോം തോമസ് പ്രസിഡന്റായും ടോമി ജോസഫ് സെക്രട്ടറിയായും ഉള്ള നിലവിലെ യുക്മ യോര്‍ക്ക്ഷയര്‍ ആന്റ് ഹമ്പര്‍ റീജിയന്റെ മികച്ച പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായാണ് വെസ്റ്റ് യോര്‍ക്ക്ഷയര്‍ മലയാളി അസോസിയേഷന്‍ യുക്മയുടെ ഭാഗമായത്. ഒക്ടോബര്‍ 25നു ബ്രാഡ്‌ഫോര്‍ഡില്‍ വച്ച് നടക്കുന്ന യുക്മ റീജിയണല്‍ കലാമേളയുടെ ഭാഗമാകുവാന്‍ അസോസിയേഷനിലെ അംഗങ്ങള്‍ക്ക് അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അതിനായുള്ള പരിശീലനത്തിലാണ് വൈമ എന്നാ ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ സംഘടനയെന്നും ഭാരവാഹികള്‍ അറിയിച്ചു. വൈസ് പ്രസിഡന്റ് ഷിബു ഓട്ടപ്പള്ളിയും, ജോയിന്റ് സെക്രട്ടറി ജോസ് പരപ്പനാട്ടും, ആക്ടിവിറ്റി കോര്‍ഡിനേറ്റര്‍മാരായ ലീന ഫ്രാന്‍സീസും, സാലി ബെന്നിയും, ഏരിയ കോര്‍ഡിനേറ്റര്‍മാരായ സാബു മാടശ്ശേരിയും, മാത്യുവും ഒക്കെ ചേര്‍ന്ന് ഈ മാസം 25നു നടക്കുന്ന യോര്‍ക്ക്‌ഷെയര്‍ ആന്റ് ഹംബര്‍ റീജിയന്റെ ഇത്തവണത്തെ യുക്മ റീജിയണല്‍  കലാമേളയില്‍ പങ്കെടുപ്പിക്കുവാന്‍ മല്‍സരാര്‍ത്ഥികളെ ഒരുക്കുന്ന തിരക്കിലാണ്.

 റീജിയണല്‍ പ്രസിഡന്റ് ടോം തോമസ്, സെക്രട്ടറി ടോം ജോസഫ്, നാഷണല്‍ കമ്മറ്റി മെമ്പര്‍ ജേക്കബ് കുയിലാടന്‍, യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി അബ്രഹാം ജോര്‍ജ്ജ്  തുടങ്ങിയവരുടെ നേതൃത്വത്തില്‍ വളരെ മികച്ച രീതിയില്‍ കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന യുക്മ യോര്‍ക്ക്ഷയര്‍ ആന്റ് ഹമ്പര്‍ റീജിയന്റെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരം കൂടിയായി പുതിയ അസോസിയെഷനുകളുടെ യുക്മയിലേക്കുള്ള കടന്നു വരവ്. വളര്‍ച്ച മുരടിച്ച് നിന്ന യോര്‍ക്ക്ഷയര്‍ റീജിയനില്‍ നിന്നും ചില പാഴ്മരങ്ങള്‍ പുറത്ത് പോയത് റീജിയന് നവജീവന്‍ പകര്‍ന്നതിന്റെ സൂചന കൂടിയാണ് വെസ്റ്റ് യോര്‍ക്ക് ഷയര്‍ മലയാളി അസോസിയേഷന്റെ കടന്നു വരവ്.

സഞ്ജീവ് അയ്യപ്പന്‍ പ്രസിഡന്റായും ജെനി ജോസ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്ന ഹണ്ടിംഗ്ഡന്‍ മലയാളി അസോസിയേഷന്‍ യുക്മയുടെ മികച്ച റീജിയനുകളില്‍ ഒന്നായ ഈസ്റ്റ് ആംഗ്ലിയ റീജിയനിലാണ് ചേര്‍ന്നിട്ടുള്ളത്. ജയ്‌സന്‍ ചാക്കോച്ചന്‍ പ്രസിഡന്റും കുഞ്ഞുമോന്‍ ജോബ് സെക്രട്ടറിയും സണ്ണി മത്തായി ട്രഷററും രഞ്ജിത്കുമാര്‍ നാഷണല്‍ കമ്മറ്റി മെമ്പറും ആയ ഈസ്റ്റ് ആംഗ്ലിയ അംഗബലത്തിന്റെ കാര്യത്തിലും പ്രവര്‍ത്തന മികവിന്റെ കാര്യത്തിലും എന്നും മുന്‍പന്തിയിലാണ്. ഒക്ടോബര്‍ 26നു കാന്‍വെ ഐലന്റിലെ പാഡോക്ക് സെന്ററില്‍ വച്ച് കലാമേള നടത്താന്‍ ഒരുങ്ങിയിരിക്കുന്ന ഈസ്റ്റ് ആംഗ്ലിയ റീജിയന്  ഹണ്ടിംഗ്ഡന്‍ മലയാളി അസോസിയേഷന്റെ കൂടി പ്രാതിനിധ്യം ഒരു മുതല്‍ക്കൂട്ടായിരിക്കും.

ഹണ്ടിംഗ്ടന്‍ മലയാളി അസോസിയേഷനെയും വെസ്റ്റ് യോര്‍ക്ക്ഷയര്‍ മലയാളി അസോസിയേഷനെയും യുക്മയിലേക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം  മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന ഇരു റീജിയന്റെയും ഭാരവാഹികളെ അഭിനന്ദിക്കുന്നതായും യുക്മ നാഷണല്‍ പ്രസിഡന്റ് വിജി കെ.പി, സെക്രട്ടറി ബിന്‍സു ജോണ്‍, ട്രഷറര്‍ അഡ്വ. ഫ്രാന്‍സിസ് മാത്യു എന്നിവര്‍ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.