CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 42 Minutes 19 Seconds Ago
Breaking Now

മറ്റ് കലാമേളകളില്‍ പങ്കെടുക്കുന്നവര്‍ക്ക് യുക്മ കലാമേളയില്‍ പങ്കെടുക്കാമോ? ഒരു ഓണ്‍ലൈന്‍ പത്രത്തില്‍ വളച്ചൊടിച്ചു വന്ന വാര്‍ത്തക്ക് പിന്നിലെ സത്യാവസ്ഥ

യു.കെ യിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയുടെ  വിവിധ യുക്മ റീജിയണല്‍ കലാമേളകള്‍ വളരെ ഭംഗിയായും വന്‍ ജനപങ്കാളിത്തത്തോടെയും നടന്ന്! കൊണ്ടിരിക്കെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന നുണ പ്രചാരണങ്ങളുമായി ചിലര്‍ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. യുക്മക്ക് ബദലായി രൂപം കൊണ്ട്, യുക്മയെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു സമാന്തര സംഘടനയും, അവരുടെ കുഴലൂത്ത്കാരനായ ഒരു ഓണ്‍ലൈന്‍ ബ്ലോഗറുമാണ്  ഇതിന് നേതൃത്വം നല്‍കുന്നത്. യുക്മയുമായി   മത്സരിച്ച് കലാമേളകള്‍ പ്രഖ്യാപിക്കുകയും മത്സരാര്‍ത്ഥികളില്ലാതെയും സംഘാടക പിഴവ് മൂലവും അവ പരാജയപ്പെട്ടത്തിലെ നൈരാശ്യവുമാണ്  ഇത്തരം നുണക്കഥകള്‍ പ്രചരിക്കപ്പെടാന്‍ കാരണം. തങ്ങളുടെ കലാമേളകള്‍ക്ക് ആള്‍ ഇല്ല എന്ന് തിരിച്ചറിഞ്ഞ ഇവര്‍  യുക്മ അംഗ അസോസിയേഷനുകളില്‍ പല വിധത്തിലുള്ള ആശയകുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും പല വിധത്തിലുള്ള വാഗ്ദാനങ്ങള്‍ നല്‍കിയും മറ്റുമായി അതിലെ കലാകാരന്മാരെ അവരുടെ പ്രോഗ്രാമില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്.  അതിനായി യുക്മ കലാമേളകളിലും ഇവരുടെ കലാമേളകളിലും ഒരേ സമയം പങ്കെടുക്കാമെന്ന രീതിയില്‍ ഉള്ള ഒരു പ്രചാരണമാണ് പ്രധാനമായും നടത്തിയത്. ഇക്കാര്യം യുക്മ നാഷണല്‍ കമ്മറ്റി അടിയന്തിര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യുകയും അംഗ അസോസിയേഷനുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള നടപടിയായി വ്യക്തമായ നിര്‍ദ്ദേശം അസോസിയേഷനുകള്‍ക്ക് നല്‍കുന്നതിന് യുക്മ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയുമുണ്ടായി.

യുക്മ കലാമേളകളിലും ഫോബ്മ കലാമേളകളിലും ഒരുമിച്ച് പങ്കെടുക്കാം എന്ന പ്രചരണം തികച്ചും തെറ്റാണ് എന്നും ഫോബ്മ കലാമേളകളില്‍ പങ്കെടുക്കുന്നവരെ യുക്മ കലാമേളയില്‍ പങ്കെടുപ്പിക്കേണ്ട എന്ന തീരുമാനമാണ് യുക്മ നാഷണല്‍ കമ്മറ്റി എടുത്തിട്ടുള്ളത് എന്നും യുക്മ സെക്രട്ടറി എല്ലാ അംഗ അസോസിയേഷനുകളെയും ഇ മെയില്‍ മുഖാന്തിരം അറിയിച്ചത് ഇതിനെ തുടര്‍ന്നാണ്.  യുക്മ കലാമേളകള്‍ യുക്മയില്‍ അംഗത്വമുള്ളവര്‍ക്ക് മാത്രമാണെന്നും, യുക്മ ഈ നിലപാട് സ്വീകരിക്കുന്നത് യുക്മ കലാമേളകളില്‍ മാത്രം പങ്കെടുക്കുന്ന കുട്ടികളുടെ അര്‍ഹമായ അവസരം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണെന്നും വിശദീകരിച്ചിരുന്നു. രണ്ടു സംഘടനകളുടെയും നാഷണല്‍ കലാമേള ഒരേ ദിവസമായതിനാല്‍ എവിടെ പങ്കെടുക്കണം എന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം ഉള്ളവര്‍ക്ക് ഇക്കാര്യത്തില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകാന്‍ പോകുന്നില്ല എന്നതും വാസ്തവമാണ്. ഫോബ്മയുടെ കാര്യത്തില്‍ മാത്രം യുക്മ ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ വേറെയും കാരണങ്ങളുണ്ട്. യുക്മയിലും അംഗ സംഘടനകളിലും പ്രവര്‍ത്തിക്കുമ്പോള്‍ സംഘടനാ വിരുദ്ധവും സാമൂഹിക വിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിലൂടെ സംഘടനയ്ക്ക് പുറത്ത് പോയവര്‍ ചേര്‍ന്ന് രൂപീകരിച്ച സംഘടനയാണ് ഫോബ്മ എന്നതും, ആരംഭ കാലം മുതല്‍ ഒളിഞ്ഞും തെളിഞ്ഞും യുക്മയുടെ നാശം ആഗ്രഹിച്ച് തത്വദീക്ഷയില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ ആണ് ആ സംഘടനയുടെ അരങ്ങത്തും അണിയറയിലും പ്രവര്‍ത്തിക്കുന്നത് എന്നതും ഈ തീരുമാനത്തിന് പിന്നിലെ മറ്റൊരു കാരണമാണ്.

ഇതോടു കൂടി ഇനിയാരും ഈ സ്വകാര്യസംഘടനയുടെ ചതിയില്‍ വീഴില്ല എന്ന് വ്യക്തമായതോടെ ഈ സംഘടനയുടെ തലതൊട്ടപ്പനും രക്ഷിതാവും ഒക്കെയായ ഓണ്‍ലൈന്‍ ബ്ലോഗെഴുത്തുകാരന്റെ കുബുദ്ധിയില്‍ വിരിഞ്ഞ ആശയമാണ് യു.കെയില്‍ വളരെ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ചില സംഘടനകളെക്കൂടി ഇതിലേക്ക് വലിച്ചിഴക്കുകയും അത് വഴി യു.കെ മലയാളികളെ വര്‍ഗ്ഗീയമായും സാമുദായികമായും തമ്മില്‍ തല്ലിച്ച് തന്റെ സംഘടന വളര്‍ത്താം എന്നത്. ഇതിന് വേണ്ടിയാണ് യാതൊരു ആവശ്യമില്ലാതെ യു.കെയിലെ രണ്ട് മത സംഘടനളുടെ പേര് അവരുടെ അനുവാദമോ അറിവോ കൂടാതെ പ്രസിദ്ധീകരിച്ച് അവര്‍ക്ക് ആശങ്കയെന്ന തലക്കെട്ടുമായി നുണ പടച്ചിറക്കിയത്. എന്നാല്‍ യുക്മ നേതൃത്വം ഉടന്‍ തന്നെ ഈ സംഘടനാ നേതൃത്വങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ നീക്കിയതിനാല്‍ ഇയാളുടെ ശ്രമം വിലപ്പോയില്ല. മാത്രവുമില്ല ഇതേ സംഘടനകളെ കുറിച്ചും ഇയാള്‍ മുന്‍പ് അസത്യപ്രചാരണങ്ങള്‍ നടത്തിയിട്ടുള്ളതിനാല്‍ ഇവരാരും ഇയാള്‍ പറയുന്നതോ ഇയാളുടെ ബ്ലോഗില്‍ വരുന്നതോ ശ്രദ്ധിക്കുക പോലും ചെയ്യുന്നില്ല എന്നാണ് ഇവര്‍ യുക്മ നേതൃത്വത്തെ അറിയിച്ചത്.

       യുക്മ രൂപീകരിക്കപ്പെട്ടപ്പോള്‍ അതിന്റെ പിതൃത്വം ഏറ്റെടുക്കാനും തന്റെ അഭീഷ്ടപ്രകാരം യുക്മയെ കൊണ്ട് പോകാനുമുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട അന്ന് മുതല്‍ യുക്മയെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്ന ഓണ്‍ലൈന്‍ ബ്ലോഗര്‍ അതിനായി നടത്തിയ അവസാന ശ്രമമാണ് തന്റെ ഓണ്‍ലൈന്‍ ബ്ലോഗിന്റെ പേരില്‍ ഒരു സംഘടന തല്ലിക്കൂട്ടിയതും യു.കെയിലെ വിവിധ സംഘടനകളില്‍ നിന്നും പുറത്താക്കിയ കുറച്ച് പേരെ അതിന്റെ ചുമതല ഏല്‍പിച്ചു നോക്കിയതും. എന്നാല്‍ യു.കെ മലയാളികള്‍ ഇവരെ തള്ളിക്കളഞ്ഞു എന്ന തിരിച്ചറിവ് ആണ് യു.കെ മലയാളികളെ വര്‍ഗ്ഗീയ വിഷം ചീറ്റി തമ്മില്‍ തല്ലിക്കാന്‍ ഇയാളെ പ്രേരിപ്പിച്ചത്. പക്വമായ നേതൃത്വം കൈമുതലായുള്ള യുക്മ ഈ ശ്രമത്തെ പരാജയപ്പെടുത്തിയതില്‍ ഇയാള്‍ വീണ്ടും നിരാശ പൂണ്ടിരിക്കുന്നതായും യുക്മയെ തകര്‍ക്കാന്‍ ഏതറ്റം വരെ പോകാനും ഇയാള്‍ തയ്യാറായിരിക്കുന്നതായും വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും യുക്മ ഭാരവാഹികള്‍ക്ക് അറിയാന്‍ കഴിഞ്ഞു. ഇയാളുടെ സംഘടനയിലെ അംഗമായ മേലധികാരിയെ ഉപയോഗിച്ച് ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റിനെ ഭീഷണിപ്പെടുത്തുന്നതായും പ്രസ്ടനിലും ഇപ്‌സ്വിച്ചിലും ചില സ്വാര്‍ഥതാത്പര്യക്കാരെ ഉപയോഗിച്ച് ഭിന്നതകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതുമൊക്കെ ഇതിന്റെ ഭാഗമാണെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഫോബ്മ കലാമേളകളില്‍ പങ്കെടുക്കുന്നവര്‍ക്ക് മാത്രമേ യുക്മ കലാമേളയില്‍ പങ്കെടുക്കാന്‍ പറ്റാതെ വരികയുള്ളൂ എന്ന് യുക്മ ഭാരവാഹികള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിരിക്കുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.