CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 1 Minutes 10 Seconds Ago
Breaking Now

കെന്റിലെ സഹൃദയയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷം സഹൃദയത്വം വിളിച്ചോതി താളാത്മകമായി..

ടണ്‍ ബ്രിഡ്ജ് വെൽസ്: ഇംഗ്ലണ്ടിന്റെ പൂന്തോട്ടനഗരിയായ കെന്റിലെ റോയൽ ടണ്‍ ബ്രിഡ്ജ് വെൽസിലെ സാഹോദര്യക്കൂട്ടാമയായ സഹൃദയ ദി വെസ്റ്റ്‌ കെന്റ് കേരളൈറ്റ്സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷമാണ്‌ പുതുമനിറഞ്ഞ പരിപാടികളോടെ സഹൃദയത്വം വിളിച്ചോതി വ്യത്യസ്തമായത്. ജാതിമതഭേദമെന്യേ ഒരാഴ്ച നീണ്ടുനിന്ന കരോൾ ആഘോഷങ്ങൾക്കുശേഷം ക്രിസ്തുമസ് പതിവുപോലെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ പെംബുറി വില്ലേജ് ഹാളിൽ അരങ്ങേറിയപ്പോൾ കുട്ടികളും മുതിർന്നവരുമടക്കം ഏതാണ്ടെല്ലാവരുടെയും കലാപരിപാടികളിലെ പങ്കാളിത്തം കൊണ്ട് തന്നെയാണ്  അതിഥികൾക്ക്‌ വിരുന്നൊരുക്കിയത്. 

 

പരിപാടികൾ ഉദ്ഘാടനം ചെയ്തത്  യു.കെയിലെ കലാകാരന്മാരിൽ ആഗ്രഗണ്യരിൽ ഒരാളായ,  ജീവാത്മാവും പരമാത്മാവുമായി ശുദ്ധകലയെ മാറോടണച്ച് ജീവിക്കുന്ന, ജീവിതം കലയുടെ മന്വന്തരങ്ങളിൽ വിലയിപ്പിക്കുന്ന സാത്വികനും പ്രഗത്ഭനായ അഭിനേതാവും, നാടകത്തിൽ സ്വന്തമായ പരീക്ഷണങ്ങൾ നടത്തുന്ന കലാസപര്യയും എന്തിനേറെ, പൃഥ്വിരാജിനോടൊപ്പം ശ്യാമപ്രസാദിന്റെ ഇംഗ്ലീഷിലും  ലാലിനോടൊപ്പം "ഇ എം എസും പെണ്‍കുട്ടിയും എന്ന ചിത്രത്തിലും പ്രാധാന്യമുള്ള വേഷങ്ങൾ അഭിനയിച്ച സിനിമാനടമായ ശ്രീ. മനോജ്‌ ശിവയായിരുന്നു. യുകെ മലയാളികളുടെ തബലയിലെ സ്വന്തം "ഉസ്താദ് സക്കീർ ഹുസൈൻ" മനോജെത്തിയത് തന്റെ പ്രിയതമയും എഴുത്തുകാരിയും കലാകാരിയും അതിലുമുപരി മാത്തമാറ്റിക്സ് ലക്ചററുമായ ശ്രീമതി മീരാ മനോജ്‌ ശിവയുമായിട്ടാണ്.  

 

ശ്രീ. മനോജ്‌ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സ്നേഹത്തിലൂന്നിയ ലാളിത്യവും അതുകൊണ്ടുണ്ടാകുന്ന ജീവിതനന്മയുടെയും സന്ദേശമാണ് പകർന്നത്. ചെറുപ്പകാലത്ത്  അച്ഛൻ പറഞ്ഞുതന്ന ടോൾസ്റ്റോയ് കഥകൾ ബൈബിളിലെ നന്മയുടെ ചിന്തകളെക്കുറിച്ച് ചിന്തിപ്പിക്കാൻ ഇടയാക്കിയതും  കലയിലൂടെ ബൈബിളിന്റെ അന്തസത്തയിൽ തരിമ്പും മാറ്റം വരാതെ വ്യതിരിക്തമായ കഥാശകലങ്ങളിലൂടെ ടോൾസ്റ്റോയ് തന്നിൽ സൃഷ്ടിച്ച കലാപരമായ നന്മയുടെ സന്നിവേശം അദ്ദേഹം എടുത്തു പറഞ്ഞു.  സംഗീതത്തിലെ ദൈവാംശത്തെയും മാ എല്ലാ മതങ്ങളിലെയും നന്മയെ മാറോടണയ്ക്കാൻ തന്നെ സഹായിക്കുന്നത് സംഗീതത്തിലെയും മറ്റു കലകളിലേയും ദൈവാംശമാണ്‌.  സ്വയം വിശ്വാസമുണ്ടെങ്കിലേ അന്യരെയും വിശ്വസിക്കാൻ കഴിയൂ. അതുപോലെതന്നെയാണ് വിശ്വസിക്കുന്ന മതത്തിലെ സ്നേഹം അറിഞ്ഞാലേ മറ്റു മതങ്ങളിലെ സ്നേഹവും അറിയാനാകൂ. ശ്രീ മനോജ്‌ ശിവ കൂട്ടിച്ചേർത്തു.

അദ്ധ്യക്ഷപ്രസംഗത്തിൽ ബിജു ചെറിയാൻ, ഏഴാം വയസ്സിലെത്തിയ സഹൃദയ ഓരോ വർഷം കഴിയുന്തോറും കൂടുതൽ പങ്കാളിത്തവും അംഗബലവും കൊണ്ട് കരുത്താർജ്ജിക്കുന്നതോടൊപ്പം സാഹോദര്യത്തിന്റെയും പേര് സൂചിപ്പിക്കുന്നത് പോലെ സഹൃദയത്വത്തിന്റെയും കൂട്ടായ്മയായി വളരുന്നതിലെ സന്തോഷം മറച്ചുവച്ചില്ല. ആശംസാ പ്രസംഗം നടത്തിയ ശ്രീമതി മീരാ മനോജ്‌ ശിവയാകട്ടെ സ്നേഹത്തിന്റെ ഉത്സവമാണ് ക്രിസ്തുമസെന്നും ഓരോ ആഘോഷങ്ങളും ഓരോ ഉത്സവങ്ങളും കുഞ്ഞുങ്ങൾക്ക് മറ്റുള്ളവരെ വേദനിപ്പിക്കാതെയിരിക്കാനുള്ള സന്ദേശമാണ് പകരേണ്ടത്.   സ്നേഹം വിശാലമായി എല്ലായിടത്തും എത്താൻ ക്രിസ്തുമസ് കാരണമാകുന്നുണ്ട് എങ്കിലും  ഇക്കഴിഞ്ഞ സമയത്ത് പാക്കിസ്ഥാനിൽ ഉണ്ടായ കുട്ടികളുടെ ദുരന്തത്തെയോർത്തുണ്ടായ വേദന പങ്കുവച്ചു കൊണ്ട് സ്നേഹത്തിന്റെ വഴിയിൽ യാത്രചെയ്ത് നമ്മുടെയൊക്കെ പാപങ്ങൾ ചുമന്നു മരിച്ച ക്രിസ്തുവിന്റെ അമ്മയായ മാതാവിനും പാക്കിസ്ഥാനിലെ  അത്യാഹിതത്തിൽ ദാരുണമായി മരണമടഞ്ഞ നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെഅമ്മമാർക്കുണ്ടായ വേദന തന്നെയായിരുന്നിരിക്കണം ഉണ്ടായത് എന്ന് വികാരഭരിതയായി. അമ്മമാർ സമാധാനമായി ജീവിക്കുന്ന സമൂഹത്തിൽ മാത്രമേ തിളങ്ങുന്ന മുത്തുകൾ ജനിക്കുകയുള്ളൂ അതുകൊണ്ട് അമ്മമാരെ വേദനിപ്പിക്കാതെയിരിക്കാൻ ശ്രദ്ധിക്കണം എന്ന് അടിവരയിട്ടു. തന്റെ കവിതയുടെ വരികളിൽനിന്ന് ഉദ്ധരിച്ചുകൊണ്ട്  "വാക്കിനാൽ വസന്തത്തെത്തീർത്ത്  നമ്മിലൊന്നായി നാം അലിയേണം" എന്ന് ഓർമ്മിപ്പിച്ച് മീര എല്ലാ അമ്മമാരുടെയും പ്രതിനിധിയായി. പോയവർഷം ജി സി എസ് ഇ പരീക്ഷയിൽ ഉന്നത വിജയം വാങ്ങുന്ന കുട്ടിക്ക് നല്കുന്ന ഇത്തവണത്തെ കാഷ് അവാർഡ് അഞ്ച് എ സ്റ്റാർ വാങ്ങിയ ജൂലിയ ജോയി എന്ന മിടുക്കിക്ക് നല്കി. വൈസ് പ്രസിഡന്റ് ജെസി ഇമ്മാനുവേൽ ആശംസ പറഞ്ഞു. സേവ്യർ ഫ്രാൻസിസ് റിപ്പോർട്ട് അവതരിപ്പിച്ചു.'പൾസ് ലൈഫ് സ്റ്റാഫ്ഫിംഗ് സൊല്യൂഷനും ബ്രിട്ടീഷ് പത്രവും' സ്പോണ്‍സർ ചെയ്ത  ഏറ്റവും നല്ല ക്രിസ്തുമസ് പുല്ക്കൂടിനും അലങ്കാരങ്ങൾക്കുമായി ഏർപ്പെടുത്തിയ ഒന്നും രണ്ടും മൂന്നും കാഷ് അവാർഡുകൾ യഥാക്രമം മജോ തോമസ്‌ ആന്റണിയും, ബിനോജ് തോമസും,  ഷെബി കുടുംബവും ഒന്നാം സ്ഥാനം നേടി. തുടർന്ന് നടന്ന ശ്രീ. മനോജ് ശിവയുടെ തബലയിലെ മേളപ്പെരുക്കം എല്ലാവരും ശ്വാസമടക്കിയും പിന്നെ ഒപ്പം താളമിട്ടും ആസ്വദിച്ചു. ട്യൂണ്‍സ് ഓഫ് ലെസ്റ്റർ അവതരിപ്പിച്ച ഗാനമേള എല്ലാവരും നന്നായി ആസ്വദിച്ചു. ഗാനമേളയിലെ ഗായകരെ അണിനിരത്തി സദസ്സിന്റെ ആവശ്യപ്രകാരമുള്ള ഗാനങ്ങളുടെ തബലവായനയോടെ വീണ്ടും മനോജ്‌ ശിവ ആഘോഷപ്പരിപാടികളിലെ താരങ്ങളുടെ താരമായി. യു കെ യിലെ മലയാളികളുടെ സ്വന്തം ഉസ്താദ് സക്കീർ ഹുസൈനാണ് ശ്രീ മനോജ്‌ ശിവ എന്ന് സദസ് ഒന്നടങ്കം ആർപ്പു വിളിച്ചു. കുട്ടികളുടെ വർണ്ണശബളമായ സ്വാഗതനൃത്തത്തോടു കൂടി ആരംഭിച്ച പരിപാടികൾ നാട്ടിൽനിന്നെത്തിയ മുതിർന്ന മാതാപിതാക്കളെക്കൊണ്ട്  കേക്കുമുറിപ്പിച്ചു കൊണ്ട് മാതാപിതാക്കളെ  ബഹുമാനിക്കണം എന്ന സന്ദേശം പറയാതെ പകരാൻ ശ്രമിച്ചതും പ്രത്യേകതയായി. തുടർന്നു നടന്ന ഓരോ കലാപരിപാടികളും ഒന്നിനൊന്നു മെച്ചമായിരുന്നു. സിനിമാറ്റിക് ഡാൻസുകളും തമാശകളും രംഗം പിടിച്ചടക്കിയപ്പോൾ ഭരതനാട്യച്ചുവടുകളുമായി രണ്ടു മിടുക്കികൾ ഒരൊറ്റ നൃത്തം കൊണ്ട് സദസ്സിന്റെ മനം കവർന്നു. തുടർന്നു സംഘടനയിലെ ഒരു പറ്റം ഭാര്യാഭാർത്തക്കന്മാർ ചേർന്ന് അവതരിപ്പിച്ച വളരെ വ്യത്യസ്തമായ ദമ്പതീനൃത്തം മനോഹരമായിയെന്നു മാത്രമല്ല, ചിരിയുടെ മാലപ്പടക്കം തന്നെ സൃഷ്ടിച്ചു. അവസാനപരിപാടിയായി അംഗങ്ങൾ അവതരിപ്പിച്ച പുലിവാൽക്കല്യാണം എന്ന ലഘുനാടകത്തോടെ 2014 ക്രിസ്തുമസ് ആഘോഷങ്ങളും 2015 ന്റെ വരവേൽപ്പിനും തിരശ്ശീല വീഴുമ്പോൾ തീർന്നു പോയല്ലോ എന്ന് ചിന്തിച്ച്, പിരിഞ്ഞു പോകാൻ മടിച്ച് മനംനിറഞ്ഞ സന്തോഷത്തോടെയാണ്  എല്ലാവരും പിരിഞ്ഞത്. പ്രോഗ്രാം കോർഡിനേറ്റർ ലാലു തോമസിന്റെ നേതൃത്വത്തിലെ ഒരുക്കങ്ങൾ തന്നെയാണ് എല്ലാത്തിനും ചുക്കാൻ പിടിച്ചത് എന്ന് പറയാതെ വയ്യ. സംഘം ചേർന്ന്  ടണ്‍ബ്രിഡ്ജ് വെൽസും ടണ്‍ ബ്രിഡ്ജും കൂടാതെ സമീപപ്രദേശമായ ക്രോബറോയിലെയും മലയാളികളെയും ക്രിസ്തുമസിന്റെ മംഗളങ്ങൾ അർപ്പിക്കാൻ കരോൾ സംഘം കഴിഞ്ഞ വർഷത്തേതുപോലെ തന്നെ ഇത്തവണയും പരിശ്രമിച്ചു എന്നതും കൃത്യസമയത്ത് തന്നെ പരിപാടികൾ ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യാനായതും മാത്രമല്ല, എല്ലാവരും ഒന്നുചേർന്ന് വളരെ അച്ചടക്കവും ഒത്തൊരുമയും പ്രകടിപ്പിച്ചതും പ്രത്യേകം അഭിനന്ദനാർഹമാണ്. അതിഥികളടക്കം സഹൃദയയുടെ സഹൃദയത്വവും ക്രിയാത്മകതയും സ്നേഹവും പരാമർശിച്ചപ്പോൾ പ്രസിഡന്റ് ബിജു ചെറിയാന്റെയും സെക്രട്ടറി സേവ്യർ  നേതൃത്വത്തിൽ എല്ലാ ഭാരവാഹികളും മാത്രമല്ല, എല്ലാ അംഗങ്ങൾക്കും അഭിമാനിക്കാൻ വകയായി. പ്രോഗ്രാം കോർഡിനേറ്റർ ലാലു തോമസ്‌ നന്ദി പറഞ്ഞു.   




കൂടുതല്‍വാര്‍ത്തകള്‍.