CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 6 Minutes 19 Seconds Ago
Breaking Now

യുക്മ കലാതിലകം മരിയാ തങ്കച്ചന് നാഷണല്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ്ങ് മത്സരത്തില്‍ അഭിമാന നേട്ടം ; പ്രശസ്ത ശാസ്ത്രജ്ഞര്‍ക്കൊപ്പം വേദി പങ്കിടാം

രാജ്യത്തെ പ്രശസ്ത ശാസ്ത്രജ്ഞര്‍ക്കൊപ്പം സംവദിക്കാനും ഇതിലൂടെ മരിയയ്ക്ക് കഴിയും.

ബര്‍മിങ്ഹാമില്‍ നടന്ന നാഷണല്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ്ങ് മത്സരത്തില്‍(എന്‍എസ്ഇസി) റിസര്‍ച്ച് സൗകര്യങ്ങള്‍ ഏറ്റവും മികവുറ്റ രീതിയില്‍ ഉപയോഗിച്ചതിന് മാഞ്ചസ്റ്ററിലെ വൈറ്റ് ഫീല്‍ഡില്‍ താമസിക്കുന്ന എ ലെവല്‍ വിദ്യാര്‍ത്ഥിനി മരിയ തങ്കച്ചനാണ് റിസര്‍ച്ച് കൗണ്‍സില്‍ യുകെ പ്രൈസ് സ്വന്തം പേരിലാക്കി മലയാളികള്‍ക്കെല്ലാം അഭിമാനമായത്.മെഡലും സര്‍ട്ടിഫിക്കറ്റും അഞ്ഞൂറ് പൗണ്ട് ക്യാഷ് പ്രൈസിന് പുറമേ വിഖ്യാതമായ യുകെ ലബോറട്ടറി സന്ദര്‍ശിക്കാനുള്ള അപൂര്‍വ്വമായ അവസരവുമാണ് മരിയക്ക് സ്വന്തമായത്.രാജ്യത്തെ പ്രശസ്ത ശാസ്ത്രജ്ഞര്‍ക്കൊപ്പം സംവദിക്കാനും ഇതിലൂടെ മരിയയ്ക്ക് കഴിയും.

നാഷണല്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ്ങ് മത്സരത്തിലെ ഫൈനലിസ്റ്റ് എന്ന നിലയിലാണ് ഗവേഷണ മേഖലയിലുള്ള ആരും കൊതിക്കുന്ന ഈ ഭാഗ്യം മരിയയ്ക്ക് ലഭിച്ചത്.ഓട്ടിസം സംബന്ധിയായ വൈകല്യങ്ങളെ കുറിച്ച് എന്‍എസ്ഇസിയില്‍ മരിയ അവതരിപ്പിച്ച കണ്ടെത്തലുകള്‍ക്കാണ് അംഗീകാരം.

നഫീല്‍ഡ് റിസര്‍ച്ച് പ്ലേസ്‌മെന്റിനായി അപേക്ഷ സമര്‍പ്പിച്ച് പരിഗണിക്കപ്പെട്ടതിനാലാണ് നേട്ടങ്ങളിലേക്കുള്ള പാത മരിയയ്ക്ക് മുന്നില്‍ തുറന്നത്.മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സില്‍ റിസര്‍ച്ച് നടത്തിയ മരിയ അതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ വളരെ നേരത്തേ ആരംഭിച്ചു.റിസര്‍ച്ചിനായി തിരഞ്ഞെടുത്തശേഷം ജൂലൈ 1 മുതല്‍ 31 വരെ മരിയ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ ജെനറ്റിക് മെഡിസിനില്‍ ഗവേഷണം നടത്തിയ ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കുകയും പിന്നാലെ നവംബറില്‍ നഫീല്‍ഡ് അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.

നഫീല്‍ഡ് റിസര്‍ച്ച് പ്ലേസ്‌മെന്റ് കോമ്പറ്റീഷന്‍ സര്‍ട്ടിഫിക്കറ്റിന് പുറമേ ബ്രിട്ടീഷ് സയന്‍സ് അസോസിയേഷന്റെ ഗോര്‍ഡ് ക്രസ്റ്റ് അവാര്‍ഡ് മരിയയ്ക്ക് ലഭിക്കുകയും ഈ പരിപാടിയില്‍ മരിയയിലെ പ്രതിഭയെ തിരിച്ചറിഞ്ഞ ശാസ്ത്രലോകത്ത് നിന്നുള്ളവരുടെ പ്രേരണയില്‍ ബിംഗ് ബാംഗ് ഫെയര്‍ നാഷണല്‍ കോമ്പറ്റീഷനില്‍ പങ്കെടുക്കുവാന്‍ അപേക്ഷ അയച്ച മരിയ രണ്ടായിരത്തില്‍ പരം അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറ് പേരില്‍ ഒരാളായി അവസാന റൗണ്ടില്‍ എത്തി.കാരക്ടറൈസിംഗ് ദികീന്‍ ഡെല്‍ട്ടെക്‌സ് 2 എന്ന ഓട്ടിസം സ്‌പെക്ട്രം വൈകല്യങ്ങളെ കുറിച്ചായിരുന്നു മരിയയുടെ കണ്ടെത്തലുകള്‍.ഇതു സംബന്ധിച്ച് വിധി കര്‍ത്താക്കള്‍ മരിയയില്‍ നിന്ന് വിശദാംശകള്‍ ആരായുകയും ചെയ്തതോടെയാണ് പുരസ്‌കാരത്തിന് കളമൊരുങ്ങിയത്.

മാഞ്ചസ്റ്റര്‍ വൈറ്റ് ഫീല്‍ഡില്‍ താമസിക്കുന്ന കോട്ടയം ഇരവിമംഗലം സ്വദേശി തങ്കച്ചന്റേയും കല്ലറ സ്വദേശി ആന്‍സിയുടേയും മകളായ മരിയ ബറി ഹോളിക്രോസ് കോളേജില്‍ എലെവലിലാണ് പഠിക്കുന്നത്.പാഠ്യത്തര രംഗത്ത് അസാമാന്യ പ്രതിഭയായ മരിയ 2012 ലെ യുക്മ നാഷണല്‍ കലാമേളയിലെ കലാതിലകമായി തെരഞ്ഞെടുത്തിരുന്നു.യുകെയിലെ കലാകായിക സാംസ്‌കാരിക രംഗങ്ങളില്‍ മരിയയുടെ പ്രതിഭയ്ക്ക് മലയാളി സമൂഹം നിരവധി തവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്.യുകെസി വൈ എല്ലിലും കലാതിലകം ചൂടിയ ഈ മിടുമിടുക്കി മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ തുടങ്ങിയ പ്രമുഖ സംഘടനകളുടെ പരിപാടികളിലെ നിറസാന്നിധ്യമാണ്.മാതാപിതാക്കളുടേയും സഹോദരന്റേയും അകമഴിഞ്ഞ പിന്തുണയാണ് തന്റെ വിജയത്തിന്റെ പിന്നിലെന്ന് മരിയ പറഞ്ഞു.എല്ലാത്തിനുമുപരിയായി ദൈവത്തിന് നന്ദി പറയുന്നതായും മരിയ കൂട്ടിച്ചേര്‍ത്തു.തന്നെ പ്രോത്സാഹിപ്പിക്കുന്ന വിവിധ തലത്തിലുള്ള എല്ലാ നല്ലവരേയും നന്ദിയോടെ ഓര്‍മിക്കുവാനും ഈ മിടുക്കി മറക്കുന്നില്ല ...




കൂടുതല്‍വാര്‍ത്തകള്‍.