CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 5 Minutes 14 Seconds Ago
Breaking Now

യുക്മ നേഴ്സസ് ഫോറത്തിന്റെ ആദ്യ കണ്‍വൻഷൻ മെയ് 2-ന് ലിവർപൂളിൽ

പ്രിയ യു കെ മലയാളി സുഹൃത്തുക്കളെ,

ഇക്കഴിഞ്ഞ 15 വർഷ കാലയളവിനുള്ളിൽ യു കെ യിലേക്കുള്ള മലയാളി കുടിയേറ്റത്തിൽ അധികവും ഇവിടത്തെ ആതുര സേവന രംഗത്തെ തൊഴിൽ സാദ്ധ്യതകളെ ആസ്പദമാക്കി ആയിരുന്നല്ലോ. ഇന്നും കൃത്യമായ കണക്കുകൾ ലഭ്യമല്ല എങ്കിലും, 30000-ൽ അധികം വരുന്ന മലയാളികൾ ഇവിടത്തെ നേഴ്സിംഗ്/ കെയറിംഗ് മേഖലകളിൽ ആയി ജോലി ചെയ്തു വരുന്നുണ്ട്. ഇവിടത്തെ മറ്റു തൊഴിൽ മേഖലകളിലേക്കും, രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലേക്കും മലയാളികളുടെ സാന്നിദ്ധ്യം വ്യാപിപ്പിക്കുന്നതിന് തുടക്കമായതും മലയാളി നേഴ്സുമാരുടെ കുടിയേറ്റം തന്നെയാണ്. എന്നാൽ, അഭിമാനത്തിന്റെ പ്രതീകമായ മലയാളി നേഴ്സിംഗ് സമൂഹത്തിന് അർഹിക്കുന്ന പ്രാധാന്യത്തെക്കാൾ ഉപരിയായി, അവഗണനയുടെയും, പീഡനത്തിന്റെയും, അധിക്ഷേപത്തിന്റെയും കഥകൾ ആയിരിക്കും കൂടുതൽ പറയാനുള്ളത്. അർഹിക്കുന്ന പ്രോമോഷനുകളും, ട്രെയിനിംഗ് കോഴ്സുകളും നിഷേധിക്കപ്പെടുകയോ, വഴിമാറി പോകുകയോ ചെയ്യുമ്പോൾ പ്രതികരിക്കുന്നവരെ എൻ എം സിയിൽ റിപ്പോർട്ട് ചെയ്തും, ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തും പീഡിപ്പിക്കുന്നതും വിരളമല്ല. ഇതിനെയെല്ലാം മറികടന്ന് അസൂയാവഹമായ നേട്ടങ്ങൾ കൈവരിച്ച മലയാളി നേഴ്സുമാർ ഉണ്ട് എങ്കിലും വിരലിൽ എണ്ണാവുന്നത്ര മാത്രമേ ഉള്ളൂ. 

യുകെയിലെ മലയാളി സമൂഹത്തിന്റെ പ്രധാന തൊഴിൽ മേഖലയായ നേഴ്സിംഗ് ജോലി ചെയ്യുന്നവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും, അവരുടെ സാമൂഹികവും വിദ്യാഭ്യാസപരവും, തൊഴിൽപരവുമായ അഭിവൃദ്ധിക്ക് പരസ്പരമുള്ള അനുഭവങ്ങളും അറിവുകളും പങ്കുവച്ച് ഒന്നുചേർന്ന് ശ്രമിക്കുന്നതിനുമായി യുക്മയുടെ നേതൃത്വത്തിൽ യുക്മ നേഴ്സസ് ഫോറം രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിരുന്നു. ശരിയായ ദിശയിൽ ഇതിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ആദ്യപടിയായി, മെയ് 2-ന് ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷന്റെ (ലിംക) ആതിഥ്യത്തിൽ ലിവർപൂൾ ബ്രോഡ്ഗ്രീൻ ഇന്റർനാഷണൽ സ്കൂളിൽ വച്ച് ഒരു ദേശീയ കണ്‍വെൻഷൻ വിളിച്ചിരിക്കുന്ന വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ജാതിയുടെയോ,മതത്തിന്റെയോ, സംഘടനകളുടെയോ അതിർവരമ്പിൽ നിൽക്കാതെ; മലയാളി എന്നും, നേഴ്സ് എന്നും മാത്രമുള്ള വികാരം ഉൾക്കൊണ്ടുകൊണ്ട് പരമാവധി മലയാളികൾ ഈ ഏകദിന കണ്‍വെൻഷനിൽ പങ്കെടുക്കണമെന്നും ഭാഗഭാക്കുകൾ ആകണമെന്നും ഞാൻ അഭ്യർത്ഥിക്കുകയാണ്. 

ഈ കണ്‍വെൻഷന്റെ നടത്തിപ്പിനായി പ്രവർത്തിക്കുന്ന ലിംക ചെയർപേഴ്സൻ തോമസ്‌ ജോണ്‍ വാരികാട്ട്, യുക്മ ദേശീയ ഉപാധ്യക്ഷ ശ്രീമതി ആൻസി ജോയ് , ശ്രീമതി രേഖ കുര്യൻ, ശ്രീമതി മായ മാത്യു., ശ്രീ ബിജു പീറ്റർ, ശ്രീ എബ്രഹാം ജോസ് എന്നിവർ അടങ്ങുന്ന കമ്മിറ്റിയെ അവരുടെ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണ നൽകി ഈ പരിപാടി വിജയിപ്പിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. മലയാളി നേഴ്സിംഗ് സമൂഹം ഒറ്റപ്പെട്ട ശബ്ദങ്ങളായി മാറാതെ കരുത്തുറ്റ സംഘടനാ ശബ്ദമാകുന്നതിന്റെ തുടക്കമാകട്ടെ മെയ് 2-ലെ കണ്‍വെൻഷൻ എന്ന ആശംസയോടെ 

അഡ്വ ഫ്രാൻസീസ് മാത്യു കവളക്കാട്ടിൽ (യുക്മ നാഷണൽ പ്രസിഡന്റ്‌)

വേദിയുടെ വിലാസം :

ബ്രോട്ഗ്രീൻ ഇന്റർനാഷണൽ സ്കൂൾ, ഹീലിയേഴ്സ്‌ റോഡ്‌, ഓൾഡ്‌ സ്വാൻ, ലിവർപൂൾ L13 4DH




കൂടുതല്‍വാര്‍ത്തകള്‍.