CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 28 Minutes 32 Seconds Ago
Breaking Now

സ്നേഹം ജീവകാരുണ്യമായി, കണ്ണൻ ഗംഗാധരൻ ലണ്ടൻ മാരത്തോണ്‍ താണ്ടിയത് ബവൽ ക്യാൻസർ റിസേർച്ചിന്

യുകെയിലെ ഏറ്റവും പ്രമുഖ ജീവ കാരുണ്യ സംരംഭമായ ലണ്ടൻ മാരത്തോണിൽ മലയാളിയായ കണ്ണൻ ഗംഗാധരൻ ഓടി തീർത്തത് സ്നേഹ പർവ്വത്തിന്റെ ഉത്തുംഗത്തിലേക്ക്. തന്റെ സഹ പ്രവർത്തകയും, സംഗീത-നൃത്ത മേഖലകളിൽ അപാരമായ കഴിവും, അറിവും തെളിയിച്ച പ്രഗത്ഭയും, MBA ബിരുദക്കാരിയും, അന്തർദേശീയ തലത്തിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുമുള്ള ജപ്പാൻ സുന്ദരി സടൊരി ഹാമ കുടൽ സംബന്ധമായ രോഗത്താൽ ലോകത്തോട്‌ വിടപറയുമ്പോൾ ലോകത്തിന്റെ മനസ്സിൽ തട്ടിയ ഗദ്ഗദം ഇന്ന് കണ്ണനിലൂടെ പുറത്തു വരികയായിരുന്നു.

രോഗ ബാധിതയായി കടുത്ത വേദനകളെ ചെറു ചിരിയോടെ സഹനത്തിലൊതുക്കി, ബവൽ ക്യാൻസറിന്റെ പ്രതിവിധിക്കായി ഗവേഷണം നടത്തുവാൻ ഊർജ്ജം പകർന്നും, ഇതേ രോഗത്താൽ വലയുന്നവർക്ക് സാന്ത്വനവും, മനശ്ശക്തിയും പകർന്നും തന്റെ അക്ഷീണ സത്ക്കർമ്മങ്ങളുടെ വിജയ സ്വപ്‌നങ്ങൾ കണ്ടു കൊണ്ടു  2014 ലെ ലണ്ടൻ മാരത്തോണ്‍ ദിനത്തിൽ മന്ദസ്മിതയായി സംതൃപ്തിയോടെ മുപ്പത്തിനാലാം വയസ്സിൽ കണ്ണടച്ചപ്പോൾ വ്യംഗമായി ഏൽപ്പിച്ച ദൗത്യ നിർവ്വഹണത്തിൻറെ പ്രഥമ ചാരിറ്റി പ്രവർത്തനമാണ് ഇന്ന് കണ്ണനിലൂടെ വിജയം കണ്ടത്. അക്കാലത്തെ നിത്യ സന്ദർശകരും, സഹായികളും ആയിരുന്നു കണ്ണനും,ഡോ.ഓമനയും കുടുംബവും.ലണ്ടനിലെ പ്രമുഖ ആംഗലേയ പത്രങ്ങളിൽ പ്രത്യേകം ഹൈലൈറ്റ് ചെയ്ത ചാരിറ്റി ഓട്ടക്കാരനായി കണ്ണൻ എന്നതും, മാലാഖയായി സടോരി വിരിഞ്ഞതും മലയാളികൾക്കു അഭിമാനമാണ് നേടിത്തന്നത്.

553f1e178c817.jpg

2012 ലെ ഒളിമ്പിക് വേദിയായ ന്യു ഹാമിൽ ജനിച്ച കണ്ണൻ മിഡിൽ സെക്സ്, വാർവിക്ക്  യൂണിവെഴ്സിറ്റികളിൽ നിന്നും മികച്ച നിലയിൽ പഠനം പൂർത്തിയാക്കി. വിദ്യാഭ്യാസ കാലഘട്ടത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടുള്ള കണ്ണനെ ഇന്ന് വീണ്ടും അതേ പന്താവിലേക്ക് ഉപകരണമാക്കിയത് മുൻ കർമ്മങ്ങൾ കൊണ്ട് തന്നെയാവാം എന്നു തീർച്ച. ഗ്രാജുവേഷനിൽ വാലിഡേഷൻ അവസരം വരെ നൽകപ്പെട്ട ഉന്നത പഠന റിക്കോർഡും കണ്ണനുണ്ട്‌. ലണ്ടനിലെ ഒരു പ്രമുഖ സ്ഥാപനത്തിൽ ഹ്യുമൻ റിസോർസ് ഡയറക്ടർ ആയി സേവനം അനുഷ്ടിക്കുന്ന ഈ കാരുണ്യ സ്നേഹി പക്ഷെ കായികതലത്തിൽ കാര്യമായി ഒന്നും നേടാത്ത വ്യക്തിയാണ് എന്നതു അദ്ദേഹത്തിന്റെ മാരത്തോണ്‍ ഓട്ടത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.

553f1f46cd0e8.jpg

ലണ്ടനിലെ ന്യുഹാം മുൻ സിവിക് അംബാസഡറും,പ്രശസ്ത എഴുത്തുകാരിയും, സാമൂഹ്യ-ജീവ കാരുണ്യ പ്രവർത്തകയും ആയ ഡോ. ഓമന ഗംഗാധരന്റെയും,മുൻ ബ്രിട്ടണ്‍ ട്രാൻസ്പോർട്ട് ആൻഡ്‌ ജനറൽ വർക്കേഴ്സ് യുണിയൻ സീനിയർ ഷോപ്പ് സ്റ്റുവാർഡ്‌, സിംഗപ്പൂരിൽ മുൻ റോയൽ എയർ ഫോഴ്സ്, ലണ്ടൻ ടെലിഫോണ്‍ കേബിൾ എന്നിവയിൽ ഉദ്യോഗസ്ഥനും ആയിരുന്ന പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഗംഗാധരന്റെയും മകനായ കണ്ണൻ പാരമ്പര്യ സാമൂഹ്യ പ്രതിബദ്ധതയുടെ പിന്തുടർച്ചക്കാരൻ ആയി എന്നു തന്നെ പറയുന്നതിൽ തെറ്റില്ല. തന്റെ സഹോദരി കാർത്തിക സൂരജ്  ഇതേ ജീവ കാരുണ്യ നിധിയിലേക്ക് 'ടെയിസ്റ്റ് എ കേക്ക്' ലൂടെ റോങ്ങ്ഫോർഡ്‌ ലൈബ്രറി ഹാളിൽ സ്വരൂപിച്ചത് 2000ൽ പരം പൌണ്ടാണ്. ഇതും മാദ്ധ്യമങ്ങൾ ഏറെ പ്രശംസിച്ച നേട്ടം ആയിരുന്നു.

ന്യൂയോർക്കിലെ മാരത്തോണിൽ ആകൃഷ്ടരായവർ അത്തരം ഒരു ഇവന്റ് ലണ്ടനിലും സംഘടിപ്പിച്ചു മനുഷ്യ ഓട്ടത്തിലൂടെ ഒരുമിച്ചു അദ്ധ്വാനിച്ചു, ഒരുമിച്ചു ചിരിച്ചു, കായിക ക്ഷമതയും, ശാരീരിക വ്യത്യാസവും, പ്രായവും, സ്ത്രീ പുരുഷ വേർതിരിവ്വില്ലാതെ അപ്രാപ്യത്തെ ഒരുമിച്ചു കീഴടക്കി അതിലൊരു ചാരിറ്റി സുമനസ്സ് എന്ന ആശയം ദി ഒബ്സെർവർ വഴി പ്രചരിപ്പിച്ചു. 'ഗില്ലെറ്റിന്റെ' 50,000 പൌണ്ടിന്റെ ചാരിറ്റിയോടെ 1981 ൽ മാർച്ച്‌ 29 ന് മുൻ ഒളിമ്പിക് ചാമ്പ്യനും ജേർണലിസ്റ്റുമായ ക്രിസ് ബ്രഷെർ,കായിക താരം ജോണ്‍ ടിസ്ലേ എന്നിവരുടെ ശ്രമപലമായി തുടക്കം കുറിച്ചതാണ് ലണ്ടൻ മാരത്തോണ്‍. 1909 ൽ തുടക്കം കുറിച്ച ലണ്ടൻ പോളിടെക്നിക് മാരത്തോണ്‍ ആണ് ആദ്യത്തെ മാരത്തോണ്‍ സംരംഭം. 

ലോകത്തിന്റെ കേന്ദ്ര ബിന്ദു എന്ന് വിഖ്യാതമായ ഗ്രീനിച്ചിൽ നിന്നും (ലോക സമയം നിയന്ത്രിക്കുന്ന) പുറപ്പെട്ടു  ലണ്ടന്റെ അഭിമാനമായ ടവർ ബ്രിഡ്ജ്, ഏറെ പ്രശസ്തവും, സാംസ്കാരിക നീലിമ തഴുകി ഒഴുകുന്ന തെംസ് നദി തിരത്തിലൂടെ നീങ്ങി, സിറ്റി ഓഫ് ലണ്ടനിലൂടെ ഓടി പാർലമെന്റ് ഹൗസിന്റെ മുന്നിലൂടെ  ബ്രിട്ടണ്‍ അധിനിവേശങ്ങളുടെ ആലങ്കാരിക പ്രൗഡി  പ്രഘോഷിക്കുന്ന അധികാര വേദിയായ ബാക്കിങ്ങാം പാലസിന് മുന്നിലൂടെ ഗ്രീൻ പാർക്കിൽ എത്തി 26.2 മൈൽ താണ്ടിയ അഭിമാന പുഞ്ചിരി കണ്ണന്റെ മിഴികളിൽ നിറ ശോഭ പരത്തുമ്പോൾ എത്രയോ രോഗികൾക്ക് ആയുസ്സിനു ദൈർഘ്യം നൽകുവാൻ കഴിയേണ്ട അനുഗ്രഹ സാഫല്യം ആവട്ടെ അത് എന്നു നമുക്ക് പ്രാര്‍ത്ഥിക്കാം.  . 

കണ്ണൻ ഗംഗാധരന്റെ സ്പോണ്‍സറായ പ്രമുഖ ബിസിനസ് ശ്രുംഗല വിർജിൻ മണിയാണ് ലണ്ടൻ-വിർജിൻ  മാരത്തോണിന്റെ മുഖ്യ സ്പോൻസർ .40,000 ൽ പരം ഓട്ടക്കാർ പങ്കെടുത്ത 2015 ലെ ലണ്ടൻ മാരത്തോണ്‍  കാലാവസ്ഥ അനുകൂലമല്ലാഞ്ഞിട്ടും അതിന്റെ നിറ ശോഭ നിലനിർത്തുവാൻ കഴിഞ്ഞത് കോടിക്കണക്കിനു വരുന്ന ദൃക്സാക്ഷികളുംടിവി മാധ്യമ വീക്ഷകരും, സ്പോണ്‍സേഴ്സും നന്മയുടെ നേർ സാക്ഷികളായി.ഏവരുടെയും മനസ്സിൽ ഉള്ള ചേതോപഹാരത്തിന്റെ നനവുകൾ സാന്ത്വന അരുവിയായി ഒഴുക്കുവാൻ ഏവർക്കും കഴിയട്ടെ എന്ന് മാത്രമാണ് തനിക്കുള്ള ആഗ്രഹം എന്ന് കണ്ണൻ മനസ്സു തുറക്കുമ്പോൾ അത് നമ്മോടുള്ള സന്ദേശമായി പടരട്ടെ. 




കൂടുതല്‍വാര്‍ത്തകള്‍.