CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 13 Minutes 40 Seconds Ago
Breaking Now

യുക്മ സാംസ്ക്കാരിക വേദി കൂടുതല്‍ കരുത്തോടെ; വിവിധ വിഭാഗങ്ങളിലായി എല്ലാവര്‍ക്കും അവസരമൊരുക്കുന്നു

യു.കെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ അതിന്റെ പ്രവര്‍ത്തനം യു.കെയിലെ ഏതൊരു മലയാളിക്കും പ്രാപ്തമാക്കുന്നതിന് വേണ്ടി രൂപകല്‍പ്പന ചെയ്ത സംരംഭമാണ് യുക്മ സാംസ്കാരിക വേദി. അംഗ അസോസിയേഷനുകളില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് മാത്രമായി യുക്മയുടെ കലാ-കായിക-സാംസ്കാരിക പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരം ഒതുക്കി നിര്‍ത്താതെ യു.കെയിലെ ഏതൊരു മലയാളിക്കും യുക്മയുമായി സഹകരിച്ച് യുക്മയുടെ പ്രവര്‍ത്തന പരിപാടികളില്‍ സജീവമാകുന്നതിനുള്ള അവസരം ഒരുക്കുന്നതിനായിട്ടാണ് യുക്മ സാംസ്കാരിക വേദി രൂപീകരണത്തിലൂടെ രണ്ട് വര്‍ഷം മുന്‍പ് യുക്മ ദേശീയ ഭരണസമിതി തുടക്കമിട്ടത്. കഴിഞ്ഞ ഭരണസമിതിയുടെ കാലഘട്ടത്തില്‍ ഏറെ ശ്രദ്ധേയമായ പല പ്രവര്‍ത്തനങ്ങളും കാഴ്ച്ച വയ്ക്കുന്നതിനു സാംസ്ക്കാരിക വേദിയ്ക്ക് സാധിച്ചുവെന്നുള്ളത് അഭിമാനകരമാണ്.


മലയാളത്തിന്റെ വാനമ്പാടി പ്രശസ്ത ചലചിത്ര പിന്നണി ഗായിക ശ്രീമതി ചിത്ര പ്രധാന വിധികര്‍ത്താവ് ആയിരുന്ന യുക്മ സ്റ്റാര്‍ സിംഗര്‍, സാഹിത്യ മത്സരങ്ങള്‍, കേരളീയം, ജ്വാല ഇ-മാഗസിന്‍ എന്നിവ ഇതില്‍ എടുത്ത് പറയേണ്ടവയാണ്. എന്നാല്‍ ഈ വര്‍ഷം സാംസ്കാരിക വേദിയുടെ വ്യാപ്തിയും പ്രവര്‍ത്തനങ്ങളും വിപുലീകരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക വിഭാഗങ്ങളായി തരംതിരിച്ചാണ് കമ്മറ്റി രൂപീകരിക്കുന്നത്. യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നതാണ്. യുക്മ സാംസ്കാരിക വേദിയുടെ ചുമതല നിര്‍വഹിച്ചു വന്ന യുക്മ സ്ഥാപക നേതാവ് കൂടിയായ അബ്രഹാം ജോര്‍ജ്ജ് കോര്‍ഡിനേറ്റര്‍ സ്ഥാനം ഏറ്റെടുക്കും. യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കിവരുന്ന യു.കെയിലെ ഏറ്റവും മുന്‍നിരസംഘടനകളില്‍ ഒന്നായ ലിവര്‍പൂള്‍ ലിംകയുടെ സ്ഥാപക പ്രസിഡന്റ് തമ്പി ജോസ് സാംസ്ക്കാരിക വേദിയുടെ വൈസ് ചെയര്‍മാനാവും. യുക്മ ലിവര്‍പൂളില്‍ നടത്തിയ കലാമേള വന്‍വിജയമാക്കിയതിനു പിന്നില്‍ ഇദ്ദേഹത്തിന്റെ അക്ഷീണപ്രയത്നമുണ്ട്. മികച്ച സംഘാടകനായ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവ് വിപുലമായ പദ്ധതികളുമായി വരുന്ന സാംസ്ക്കാരിക വേദിയ്ക്ക് മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷയാണുള്ളത്. 

  മറ്റ് ഭാരവാഹികള്‍: ജനറല്‍ കണ്‍വീനേഴ്സ്: ജയപ്രകാശ് പണിക്കര്‍ (ക്രോയിഡോണ്‍) സി.എ ജോസഫ് (വോക്കിങ്)

വിവിധ കലാ-സാഹിത്യ- സാംസ്ക്കാരിക പരിപാടികള്‍ക്ക് പ്രാധാന്യം ലഭിക്കത്തക്ക വിധത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പ്രത്യേക ചുമതല അതത് വിഭാഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് നല്‍കിക്കൊണ്ടുള്ള വിപുലമായ കമ്മറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്.

ജ്വാല ഇ-മാഗസിന്‍: റെജി നന്തിക്കാട്ട് (ചീഫ് എഡിറ്റര്‍), ജോയ് ആഗസ്തി

യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2: ഹരീഷ് പാലാ, റോയ് കാഞ്ഞിരത്താനം, ജോയ് ആഗസ്തി.

നാടക കളരി: ജിം കണ്ടാരപ്പള്ളില്‍, സോണി ജോർജ്, ജോബി ഐത്തില്‍

കലാ വിഭാഗം: സുനില്‍ രാജന്‍, ആഷ മാത്യു, ഫ്രാങ്ക്ളിന്‍ ഫെര്‍ണാണ്ടസ്, ജിജി വിക്ടര്‍ 

സാഹിത്യ വിഭാഗം: ജേക്കബ് കോയിപ്പള്ളി, ഷേബാ ജെയിംസ്, ജോയ് ജോസഫ് (ജോയിപ്പാന്‍), ജോഷി പുലിക്കൂട്ടില്‍   

ഫിലിം ക്ലബ്: ബിനോ അഗസ്റ്റിന്‍, ഷിജോ വര്‍ഗ്ഗീസ് (ആശീര്‍വാദ് ഫിലിംസ്), ജേക്കബ് തോമസ് കോയിപ്പുറം, ചിന്തു ജോണി പനങ്കുഴ

553f28cb6aa65.jpg

യു.കെ മലയാളികളുടെ പുതിയ തലമുറയ്ക്കിടയില്‍ മലയാള ഭാഷ പ്രചരണത്തിനു വേണ്ടി യുക്മ സാംസ്ക്കാരിക വേദി മുന്‍കൈ എടുക്കുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസികാര്യ വകുപ്പ് നടത്തുന്ന മലയാളം മിഷന്‍ പദ്ധതിയുമായി സഹകരിച്ച് അംഗ അസോസിയേഷനുകളില്‍ മലയാള ഭാഷാ ക്ലാസ്സുകള്‍ നടത്തുന്നതിന് ആവശ്യമായ പിന്തുണ നല്‍കുന്നതുമാണ്. സാംസ്ക്കാരിക വേദി വൈസ് ചെയര്‍മാന്‍ തമ്പി ജോസ് മലയാളം മിഷന്‍ യു.കെയുടെ ചുമതലയുള്ള അഡ്വ. എബി സെബാസ്റ്റ്യനുമായി ചേര്‍ന്ന് ഇതു സംബന്ധിച്ച പദ്ധതി സംസ്ഥാന സര്‍ക്കാരിനു നല്‍കുന്നതായിരിക്കും. യുക്മ സാംസ്ക്കാരിക വേദിയോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനു താല്‍പ്പര്യമുള്ള യു.കെ മലയാളികള്‍ക്ക് യുക്മ നാഷണല്‍ കമ്മിറ്റിയുമായോ സാംസ്ക്കാരിക വേദി ഭാരവാഹികളുമായോ ബന്ധപ്പെടാവുന്നതാണ്. റീജിയണല്‍ തലങ്ങളില്‍ കൂടുതല്‍ ആളുകളെ കണ്ടെത്തി സഹകരിപ്പിക്കുന്നതിനുള്ള ചുമതല സാംസ്ക്കാരികവേദി കമ്മറ്റിയില്‍ നിക്ഷിപ്തമാണ്.

യു.കെ മലയാളികള്‍ക്കിടയിലെ സാഹിത്യ രചനാ വൈഭവത്തെയും അഭിരുചികളെയും പരിപോഷിപ്പിക്കുന്നതിനായി കഥ, കവിത, ഉപന്യാസം എന്നിവയില്‍ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള രചനകളെ സ്വീകരിച്ച് സമ്മാനങ്ങള്‍ നല്‍കുന്നതും അവയെ കോര്‍ത്തിണക്കി ഇ-മാഗസിന്‍ പ്രസിദ്ധീകരിക്കുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നതാണ്. കുട്ടികള്‍ക്ക് വേണ്ടി വിപുലമായ ഒരു ചിത്രരചനാ, ക്ലേ മോഡലിംഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനും പരിപാടിയുണ്ട്. യുക്മയുടെ പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ യുക്മയില്‍ ഔദ്യോഗികമായി അംഗത്വമില്ലാത്തവര്‍ക്ക് കൂടി ലഭ്യമാക്കുന്നതിനും യുക്മ അംഗത്വമില്ലാത്തവരും എന്നാല്‍ സഹകരിക്കാന്‍ താത്പര്യം ഉള്ളവരുമായ കലാസാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് അതിന് അവസരം ഒരുക്കുന്നതിനുമായി രൂപീകരിച്ച സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടേയും പിന്തുണ ഉണ്ടാവണമെന്ന് പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ട്, സെക്രട്ടറി സജീഷ് ടോം എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. കലാ-സാഹിത്യ മേഖലകളില്‍ പരിചയമുള്ളവരും യുക്മ സാംസ്കാരിക വേദിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവരും ആയവര്‍ യുക്മയുമായി ബന്ധപ്പെടുക .

 

 

 




കൂടുതല്‍വാര്‍ത്തകള്‍.