CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 24 Seconds Ago
Breaking Now

റബർ പ്രതിസന്ധി - ഭരണ നേതൃത്വത്തിലുള്ളവരുടെ സമരപ്രഖ്യാപനങ്ങൾ വിരോധാഭാസം: ഇൻഫാം

റബർ മേഖലയിലെ പ്രതിസന്ധി രൂക്ഷമായി തുടരുമ്പോൾ നടപടികൾ എടുക്കുവാൻ ഉത്തരവാദിത്വപ്പെട്ടവർ അധികാരത്തിലിരുന്നു നടത്തുന്ന സമര പ്രഖ്യാപനങ്ങൾ വിരോധാഭാസവും ജനങ്ങളെ മണ്ടന്മാരാക്കുന്നതും കർഷകരുടെ കണ്ണിൽ പൊടി ഇടുന്ന രാഷ്ട്രീയ തന്ത്രമാണെന്ന് ഇൻഫാം. റബർ പ്രതിസന്ധി പരിഹരിക്കുവാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് റബർ കർഷകരെ കണ്ണീർക്കയത്തിലേക്ക് തള്ളിയിട്ടവർ തന്നെ പ്രഖ്യാപിക്കുന്നത് സൗകര്യപ്പൂർവ്വം വസ്തുതകൾ മറന്നാണ്. കേന്ദ്രത്തിൽ യുപിഎയും കേരളത്തിൽ യുഡിഎഫും ഒരുമിച്ചു ഭരിച്ചിരുന്ന നാളുകളിലെ കർഷക ദ്രോഹത്തിന്റെ ബാക്കി പത്രമാണ് ഇന്ന് റബർ മേഖലയിലെ പ്രതിസന്ധിയുടെ അടിസ്ഥാന കാരണമെന്നതാണ് യാഥാർത്ഥ്യം. വിദേശത്തു നിന്നുമുള്ള അനിയന്ത്രിതമായ റബർ ഇറക്കുമതിക്ക് പച്ചപ്പരവതാനി വിരിച്ചത് ആരാണെന്ന് കർഷകർക്കറിയാം.  

സംസ്ഥാന സർക്കാർ2014 സെപ്റ്റംബറിൽ റബർ കിലോഗ്രാമിന് രണ്ടു രൂപ അധികം നല്കുമെന്ന് പറഞ്ഞു. ഒക്ടോബർ 14 നു അഞ്ചു രൂപ അധികം പ്രഖ്യാപിച്ചു. ഡിസംബർ 18 നു 131.50 രൂപയ്ക്ക് 2015 മാർച്ച്‌ 31 വരെ റബർ സംഭരിക്കുമെന്ന് ഉത്തരവ് ഇറക്കി. 2015 മാർച്ച്‌ 13 നു 150 രൂപ അടിസ്ഥാന വിലയായി 300 കോടി രൂപയ്ക്ക് 20,000 ട്ടണ്‍ റബർ സംഭരിക്കുമെന്ന് ബജറ്റും അവതരിപ്പിച്ചു. ഇവയിലൊന്ന് പോലും ഫലപ്രദമായി നടപ്പിലാക്കുവാൻ സംസ്ഥാന   സർക്കാരിന് ഇതിനോടകം കഴിഞ്ഞിട്ടില്ലെന്ന് ഇൻഫാം ദേശീയ സമിതി കുറ്റപ്പെടുത്തി.               

പാർലമെന്റിൽ ഒറ്റക്കെട്ടായി സംസ്ഥാനത്തെ കർഷകർക്ക് വേണ്ടി വാദിക്കുവാൻ നമ്മുടെ എം.പിമാർക്കാകുന്നില്ലെങ്കിൽ കർഷക വിരുദ്ധ കേന്ദ്രങ്ങളോടുള്ള ഇവരുടെ അവിശുദ്ധ കൂട്ടുക്കെട്ടുകളാണ് കാരണമെന്ന് ജനങ്ങൾ വിശ്വസിക്കും. അധികാരത്തിലിരുന്നപ്പോൾ കേന്ദ്ര വിലസ്ഥിരതാഫണ്ട്‌ കർഷകരക്ഷയ്ക്കായി ഉപയോഗിക്കാത്തവർ ഇന്ന് ഈ ഫണ്ട് തേടി നിവേദനങ്ങൾ സമർപ്പിക്കുന്നതും കൂടിക്കാഴ്ചകൾ നടത്തുന്നതും വിരോധാഭാസമാണ്. കേന്ദ്രസർക്കാർ കേരളത്തിലെ റബർ കർഷകരോട് കാണിക്കുന്ന അവഗണനയും പ്രതിഷേധാർഹമാണെന്നും ഇൻഫാം പറഞ്ഞു.  

ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ്‌ പി.സി സിറിയക്ക്, ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വക്കേറ്റ്. വി. സി. സെബാസ്റ്റ്യൻ, ഡോ. എം.സി. ജോർജ്, ജനറൽ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാൽ, കെ. മൈതീൻ ഹാജി, ജോയി തെങ്ങുംകുടിയിൽ, ഫാ. ജോസഫ് കാവനാടി, ഫാ. ജോർജ് പൊട്ടയ്ക്കൽ, ഫാ. ജോസ് തറപ്പേൽ, ജോസഫ് കരിയാങ്കൽ, ബേബി പെരുമാലിൽ, ജോസ് എടപ്പാട്ട്, കെ.എസ്. മാത്യൂ മാമ്പറമ്പിൽ, ജോയി പള്ളിവാതുക്കൽ എന്നിവർ സംസാരിച്ചു.           




കൂടുതല്‍വാര്‍ത്തകള്‍.