CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 58 Minutes 43 Seconds Ago
Breaking Now

യൂറോപ്പിലെ പ്രഥമ വ്യക്തിഗത ഇടവക; ഫാ. മാത്യു ചൂരപൊയികലിന് അംഗീകാരം; ബ്ലാക്ക്പൂൾ കമ്മ്യുണിറ്റിക്ക് അഭിമാന നിമിഷവും.

യുറോപ്പിലെ സീറോ മലബാർ സഭയുടെ  സുവർണ്ണ നിമിഷങ്ങളിലെ അഭിമാനം പങ്കു വെക്കുക ആത്മീയതയിലും പാരമ്പര്യത്തിലും തീക്ഷ്ണത പുലർത്തുന്നതും, സഭയുടെ യുകെയിലെ അഭിമാന കേന്ദ്രങ്ങളിലൊന്നുമായ ലങ്കാസ്റ്റർ രൂപതയിലെ ബ്ലാക്ക്പൂൾ ദിവ്യകാരുണ്യ സമൂഹവും, അവരുടെ ചാപ്ലിനായി അജപാലന ദൗത്യം ജീവിത സാഫല്യവും,സഭാ വളർച്ച ഉപാസനയുമാക്കിയ റവ.ഡോ.മാത്യു ജേക്കബ് ചൂരപൊയികയിൽ അച്ചനും. 

സീറോ മലബാർ സഭയുടെ അനന്യത ശക്തമായി പരിപാലിക്കപ്പെടുമ്പോഴും യുകെയിലെ ആംഗ്ലെയ റോമൻ കത്തോലിക്കാ സഭയുടെ ആധികാരികത പൂർണ്ണമായും സംരക്ഷിച്ചും പോരുന്ന ലങ്കാസ്റ്ററിലെ ചാപ്ലിൻ മാത്യു ചൂരപൊയികയിൽ അച്ചൻ ഈ ചരിത്ര മുഹൂർത്തത്തിന് നിമിത്തം ആവുന്നതിലൂടെ സഭക്കും, യുകെയിലെ പ്രവാസി വിശ്വാസി സമൂഹത്തിനും അഭിമാനവും, ഊർജ്ജവും, പ്രതീക്ഷകളും പകരുന്നു. എല്ലാവരുടെയും പ്രാർത്ഥനയും, ആത്മാർഥമായ സഹകരണവും, പിന്തുണയും, സർവ്വോപരി ദൈവാനുഗ്രഹവും ആണ് ഈ മഹനീയ തുടക്കത്തിനു കാരണമായത് എന്ന് മാത്യു അച്ചൻ വിനയപുരസ്സരം പറയുന്നു. 

ലങ്കാസ്റ്റർ രൂപതയുടെ അഭിവന്ദ്യ ബിഷപ്പ് മൈക്കിൾ കാമ്പെലിന്റെ പൂർണ്ണവും, ശക്തവുമായ സഹായവും പിന്തുണയും കൂടി ഒത്തു വന്നതിനാലാണ് ഈ അഭിമാന നേട്ടം സീറോ മലബാർ സഭക്ക് സ്വന്തമാക്കുവാൻ ഇടയായത്. വിശുദ്ധരെ അനുസ്മരിക്കുകയും, തിരുന്നാളുകളും, നൊവേനകളും, മദ്ധ്യസ്ഥ പ്രാർത്ഥനകളും, സഭാ ദിനങ്ങളും അതീവ ഭക്തിയോടെ മുടങ്ങാതെ നടത്തുകയും, പരിശുദ്ധ ജപമാല മാസവും, വണക്ക മാസങ്ങളും ഭക്തിപുരസ്സരം ആചരിക്കുകയും ചെയ്യുന്ന ബ്ലാക്ക് പൂളിലെ വിശ്വാസി സമൂഹത്തിനു അതിനാൽ തന്നെയാവാം ഈ ചരിത്ര നേട്ടം കൈവന്നത്. 

മാത്യു ചൂരപൊയികയിൽ അച്ചന്റെ അജപാലന സേവന മികവും, ലങ്കാസ്റ്റർ രൂപതയിൽ നേടിയെടുത്ത വിശ്വാസവും, ബന്ധവും വഴി സഭക്ക് അഭിമാനം നേടിത്തന്ന പ്രഥമ ഇടവകയുടെ അംഗീകാരത്തിൽ യുകെ സീറോ മലബാർ സെൻട്രൽ കൌണ്‍സിൽ മാത്യു ചൂരപൊയികയിൽ അച്ചന് അഭിനന്ദനം അറിയിച്ചു. 

ആത്മീയ, അത്മായ വളർച്ചക്ക് ഉതകുന്ന കർമ്മ പരിപാടികൾ ആവിഷ്ക്കരിച്ചും, സഭാ പാരമ്പര്യവും, പൈതൃകവും അമൂല്യമായി ഇടവകാ സമൂഹത്തിൽ നില നിറുത്തിയും,സഭയുടെ മാർഗ്ഗ നിർദ്ദേശക ചൂണ്ടു ഫലകങ്ങളായ വേദ പാഠവും, സഭാ നിയമങ്ങളും, സുവിശേഷവും പ്രബോധിപ്പിച്ചും അജപാലകനായി പ്രശംശാർഹമായി പ്രവർത്തിക്കുകയും, ബ്ലാക്ക് പൂളിലെ സഭാ മക്കൾ അകമഴിഞ്ഞ സഹകരണവും പ്രോത്സാഹനവും തിരിച്ചു നൽകുകയും ചെയ്തതാണ് സീറോ മലബാർ സഭക്ക് യൂറോപ്പിൽ സുവർണ്ണ നേട്ടം കൈവരിക്കുവാൻ സാധിച്ചത് എന്ന് താമരശ്ശേരി രൂപതയുടെ മുൻ അഭിവന്ദ്യ മെത്രാനും, ലങ്കാസ്റ്ററിൽ ചാപ്ലിൻസിക്ക് അംഗീകാരം ഒരുക്കിത്തരുകയും ചെയ്ത  മാർ പോൾ ചിറ്റിലപ്പള്ളി പിതാവ് അഭിനന്ദനവും ആശംസകളും നേർന്നു കൊണ്ട് അഭിപ്രായപ്പെട്ടു. 

കുടുംബങ്ങളുടെ മദ്ധ്യസ്ഥനായ വി.ചാവറ പിതാവാണ് 1869 ൽ " ഒരു നല്ല അപ്പന്റെ ചാവരുൾ" എന്ന പേരിൽ കേരള മക്കൾക്ക്‌ കുടുംബ ചട്ടങ്ങൾ എഴുതി നൽകിയത് എന്നത് ശ്രദ്ധേയമാണ്. കുടുംബ ജീവിതക്കാരുടെ മദ്ധ്യസ്തനും, വിശുദ്ധരുടെ ഗണത്തിലേക്ക് നാമകരണം ചെയ്യുന്നതിന് മുമ്പേ തന്നെ ഭാരത സഭയുടെ  മുഴുവൻ ദൈവ മക്കളുടെയും മദ്ധ്യസ്തനായി ഗണിക്കുകയും, സഭക്ക് ശക്തമായ അടിത്തറയും, ഘടനയും, ലിഖിത രൂപവും ഭാവവും നൽകുകയും ചെയ്‌ത സഭയുടെ പ്രഥമ ശ്രേഷ്ട ഇടയനും ആത്മീയ-സാമൂഹ്യ-വിദ്യാഭ്യാസ-സാഹിത്യ മേഖലകളിൽ അത്ഭുത പാണ്ഡിത്യ പ്രതിഭയുമായിരുന്ന വി.ചാവറ പിതാവ്. പ്രാർത്ഥനകളുടെ മഹത് ശക്തി ഒന്ന് കൊണ്ട് മാത്രം സുവിശേഷ വൽക്കരണവും, അഭയം തേടിയെത്തുന്നവർക്ക് ദൈവീക പ്രതീക്ഷയും, ശക്തിയും പകർന്ന, പരസഹായത്തിന്റെ പൂർണ്ണതയായ പ്രാർത്ഥനാംബയാണ്  വി. എവുപ്രാസ്യാമ്മ.

ബ്ലാക്ക്പൂളിൽ വ്യക്തിഗത ഇടവക പ്രഖ്യാപിക്കപ്പെട്ടപ്പോൾ യു കെ യിൽ സീറോ മലബാർ സഭക്ക് കിട്ടിയ വലിയ അംഗീകാരമായി അതിനെ കാണാമെന്നും, സഭക്ക് അഭിമാനവും, ആത്മീയ ശോഭയും പകർന്നു നൽകിയ വി. ചാവറ പിതാവിന്റെയും, വി.എവുപ്രാസ്യാമ്മയുടെയും നാമധേയം വ്യക്തിഗത ഇടവകക്ക് നൽകിയതിലൂടെ യുകെ അനുഗ്രഹസാന്ദ്രവും ആവട്ടെയെന്നും യുകെ CMI കോർഡിനേറ്റർ ഫാ.ഡേവീസ് വടക്കുമ്പാടൻ ആശംസിച്ചു. 

യുകെയിൽ ലങ്കാസ്റ്റർ രൂപതയിൽ തന്റെ നിയോഗിത സേവനം അർപ്പണ മനോഭാവത്തോടെ നയിക്കുവാനും, മറ്റു മേഖലകളിൽ തന്റെ പരിചയ സമ്പത്തും, വൈദീക അനുഭവവും, മതബോധന രംഗത്തെ ജ്ഞാനവും, ധ്യാന ചിന്തകളും പകരുവാനും സമയം കണ്ടെത്തുന്ന അച്ചൻ യുകെയിലെ മലയാളികൾക്ക് വലിയ സമ്പത്താണെന്നു മാനന്തവാടി, താമരശ്ശേരി രൂപതകളിലും, തൃശ്ശൂർ അതി രൂപതയിലും അദ്ധ്യക്ഷനായിരുന്ന മാർ ജേക്കബ് തൂങ്കുഴി സന്തോഷം പങ്കു വെച്ചു. താമരശ്ശേരി രൂപതയിൽ പ്രശംസാർഹമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചിട്ടുള്ള തന്റെ ഒരു നല്ല സുഹൃത്തും കൂടിയാണ് ചൂരപൊയികയിൽ അച്ചൻ എന്നും പിതാവോർമ്മിച്ചു. 

ഇടവകയുടെ പ്രതിഷ്ടാ കർമ്മം പിന്നീട് അതി വിപുലമായി നടത്തുവാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. സീറോ മലബാർ സഭയുടെ പരമോന്നത ശ്രേഷ്ട ഇടയൻ അഭിവന്ദ്യ മാർ ജോർജ്ജ് ആലഞ്ചേരി പിതാവും, ലങ്കാസ്റ്റർ രൂപതാദ്ധ്യക്ഷൻ ബഹുമാനപ്പെട്ട ബിഷപ്പ് മൈക്കിൾ കാംപെല്ലും, സഭയുടെ വിശിഷ്ട അധികാരികളും പ്രതിഷ്ടാ ചടങ്ങിനു നേതൃത്വം നൽകും. യുറോപ്പിൽ സഭ ചരിത്ര നേട്ടം രചിക്കുന്ന ഇടവകാ പ്രതിഷ്ടാ ദിനം തങ്ങളുടെ കൂട്ടായ്മ്മയുടെ അത്ഭുതപ്പൂർവ്വമായ    ഒത്തൊരുമയുടെയും  ആത്മീയ ശക്തിയുടെയും ചരിത്രം കൂടിയാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ബ്ലാക്ക് പൂൾ സീറോ മലബാർ കമ്മ്യുണിറ്റി ഈ വിശേഷാൽ ദിനം അവിസ്മരണീയമാക്കുവാൻ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.  

 

 




കൂടുതല്‍വാര്‍ത്തകള്‍.