CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 27 Seconds Ago
Breaking Now

അവയവദാനത്തിന്റെ മാഹാത്മ്യം വിളിച്ചോതിക്കൊണ്ട് ചിറമേലച്ചന്റേയും ഉപഹാറിന്റേയും കൂടെ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷനും.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കിയിട്ടുള്ള ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍, അവയവദാന സന്ദേശം കൂടുതല്‍ ജനസമൂഹങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ഉപഹാര്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ മെയ് 31 ഞായറാഴ്ച്ച 2 മണിക്ക് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഓര്‍ഗന്‍ ആന്‍ഡ് ബ്ലഡ് സ്റ്റെം സെല്‍ ഡൊനേഷന്‍ ക്യാമ്പയിന്‍ വിജയിപ്പിക്കുന്നതിനായി രംഗത്തിറങ്ങിക്കഴിഞ്ഞു.

സുവിശേഷം പ്രസംഗിക്കുന്നതിനൊപ്പം അത് പ്രാവര്‍ത്തികമാക്കുക കൂടി വേണമെന്ന സന്ദേശം,ജീവിച്ചിരിക്കുമ്പോള്‍തന്നെ സ്വന്തം കിഡ്‌നി തികച്ചും ഒരു അപരിചിതന് ദാനം നല്കിക്കൊണ്ട്, ലോകത്തോട് ആഹ്വാനം ചെയ്ത ഫാ. ഡേവിസ് ചിറമേല്‍ തന്നെയാണ് ഈ ഉദ്യമത്തിനും നേതൃത്വം നല്‍കുന്നത്.

ഈയിടെയായി നമ്മുടെ മാധ്യമങ്ങള്‍ അഴിമതിയുടെയും പീഡനങ്ങളുടേയും വര്‍ഗ്ഗീയതയുടേയും കഥകള്‍ക്കൊണ്ട് നിറയുമ്പോഴും സമൂഹത്തില്‍ മനുഷ്യത്വംനിലച്ചിട്ടില്ലെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് യുകെ മലയാളികളുടെ ഹൃദയങ്ങളില്‍ ഓടി കയറിയവരാണ് സിബിചേട്ടനും (സിബി തോമസ്, സന്ദര്‍ലാന്റ്) അസ്സിചേട്ടനും (ഫ്രാന്‍സിസ് കവലക്കാട്ട്, യുക്മ പ്രസിഡന്റ്‌). റിസമോള്‍ക്കും ആരോമലിനും തുടര്‍ജീവിതം സമ്മാനമായി നല്‍കിയ ഈ രണ്ട് മഹത് വ്യക്തിത്വങ്ങള്‍ കൂടി ഗ്ലോസ്റ്ററിലെ ചടങ്ങില്‍ സംബന്ധിക്കുന്നു എന്നുള്ളത് ഏവരേയും ആവേശം കൊള്ളിക്കുന്നു. ഇവര്‍ക്കൊപ്പം സ്വന്തം സഹോദരന് കിഡ്‌നി ദാനം നല്‍കിക്കൊണ്ട് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പേ മാതൃകയായ ബിനു പീറ്ററിനേയും ഈ ചടങ്ങില്‍ ആദരിക്കുന്നതാണ്.

യുകെയിലെ തദ്ദേശിയരായ രോഗികള്‍ക്ക് ആവശ്യ സമയത്ത് അവയവങ്ങള്‍ ലഭിക്കുകയും ട്രാന്‍സ്പ്ലാന്റ് വഴി ജീവന്‍ രക്ഷിക്കപ്പെടുകയും ചെയ്യുമ്പോള്‍ സൗത്ത് ഏഷ്യന്‍ വംശകര്‍ക്ക് വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന ദുരവസ്ഥയാണിന്ന്. ആ ദീര്‍ഘമായ കാത്തിരിപ്പ് ഭൂരിഭാഗം രോഗികളേയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. വെള്ളക്കാരുടെ അവയവങ്ങളും ടിഷ്യുവും നമുക്ക് ചേരുന്നില്ല എന്നുള്ളത് ഒരു കാരണം മാത്രം. ഒരു പരിധി വരെ എല്ലാ വെള്ളക്കാരും മരണാനന്തരമുള്ള അവയവ ദാനത്തിന് തയ്യാറാകുമ്പോള്‍ നമ്മുടെ സമൂഹത്തിലെ ഭൂരിഭാഗം പേരും അതിന് തയ്യാറല്ല എന്നുള്ളതാണ് പ്രധാന കാരണം.

നമ്മുടെ മരണ ശേഷം അഗ്‌നിക്കിരയാക്കുകയോ മണ്ണിന് വിട്ടു കൊടുക്കുകയോ ചെയ്യുന്ന അവയവങ്ങള്‍ ജീവിച്ചിരിക്കുന്ന 8 പേര്‍ക്ക് തുടര്‍ ജീവിതം പ്രദാനം ചെയ്യുമെങ്കില്‍ അതിനുള്ള സമ്മതി പത്രം ഒപ്പിട്ട് കൊടുക്കാനും അത് പ്രാവര്‍ത്തികമാക്കാനും നമ്മള്‍ സധൈര്യം മുന്നോട്ട് വരേണ്ടതല്ലെ? പക്ഷെ അത് സംഭവിക്കുന്നില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അങ്ങനെ ചെയ്താല്‍ നമ്മുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വീട്ടുകാര്‍ക്ക് വിട്ട് കൊടുക്കുമോ, അഥവാ കിട്ടിയാല്‍ തന്നെ കണ്ണുകളും സ്‌കിന്നുമെല്ലാം എടുത്ത് വികൃത രൂപത്തിലാകുമോ, അങ്ങനെ ചെയ്യുന്നത് നമ്മുടെ മത വിശ്വാസങ്ങള്‍ക്ക് എതിരാകുമോ എന്ന് തുടങ്ങി ഒത്തിരി സംശയങ്ങളും അഞ്ജതകളും വിദ്യാ സമ്പന്നരെന്നു സ്വയം കരുതുന്ന നമ്മളെ ഈയൊരു പുണ്ണ്യ പ്രവര്‍ത്തിയില്‍ നിന്നും അകറ്റി നിര്‍ത്തുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്.

2013 ല്‍ ഗ്ലോസ്റ്ററില്‍ വച്ച് നടന്ന അവയവ ദാനബോധവത്കരണ പരിപാടികളില്‍ ഇവിടുത്തെ മലയാളി സമൂഹം പ്രകടിപ്പിച്ച താത്പര്യം ഒന്ന് മാത്രമാണ് ഇങ്ങനെ ഒരു സംരംഭം ധൈര്യമായി ഏറ്റെടുത്തു നടത്താന്‍ GMA ക്ക് പ്രചോദനമായത്. പൊതുവെ പൊതു കാര്യങ്ങളില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നവര്‍ പോലും ഈയൊരു കാമ്പയിനിന്റെ പ്രാധാന്യം മനസ്സിലാക്കി തങ്ങളുടെ സാന്നിദ്ധ്യവും സഹകരണവും വാഗ്ദാനം ചെയ്യുന്നത് സംഘാടകര്‍ക്ക് നല്‍കുന്ന ഊര്‍ജ്ജം തെല്ലൊന്നുമല്ല.

മലയാളികള്‍ക്കൊപ്പം ഗ്ലോസ്റ്റര്‍ഷെയറിലുള്ള മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരേയും, പാക്കിസ്ഥാനി, ശ്രീലങ്കന്‍, ബംഗ്ലാദേശി സമൂഹങ്ങളെയും ഈ ചടങ്ങിലേക്ക് ക്ഷണിച്ച് എല്ലാ ജന സമൂഹങ്ങള്‍ക്കും ഒരു ചൂണ്ടുപലക ആവുകയാണ് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍. ഈ സമൂഹങ്ങളെല്ലാം തന്നെ സന്തോഷപൂര്‍വ്വം അവരുടെ സാന്നിദ്ധ്യവും സഹകരണവും വാഗ്ദാനം ചെയ്തിരിക്കുന്നതോടൊപ്പം ഇക്കാര്യത്തില്‍ മലയാളിസമൂഹത്തിന്റെ ഇച്ചാ ശക്തിയെ അവര്‍ ഏകകണ്‌ഠേന അഭിനന്ദിക്കുകയും ചെയ്യുന്നു.ഗ്ലോസ്റ്ററില്‍ വെച്ചു നടത്തപെടുന്ന ഈ കാമ്പയിനില്‍, യുകെയില്‍ അവയവദാന ബോധവത്കരണ രംഗത്ത് സജീവമായ ഡോ. അജിമോള്‍ പ്രദീപും ഉപഹാരിന്റെ മറ്റ് സന്നദ്ധപ്രവര്‍ത്തകരും പങ്കെടുക്കുന്നുണ്ട്.

മെയ് 31ലെ ഓര്‍ഗന്‍ ആന്‍ഡ് ബ്ലഡ് സ്റ്റെം സെല്‍ ഡൊനേഷന്‍ കാമ്പയിനിലും സജീവമായി പങ്കെടുക്കാന്‍ ഗ്ലോസ്റ്റര്‍ഷെയറിലെ എല്ലാ മലയാളികളെയും അതോടൊപ്പം പല കാരണങ്ങളാല്‍ ഇങ്ങനെയൊരു കാമ്പയിന് അവസരമില്ലാത്ത ഗ്ലോസ്റ്റര്‍ഷെയറിന് സമീപ പ്രദേശങ്ങളിലുള്ളവരേയും ഇതൊരു അറിയിപ്പായി കണക്കാക്കി ഈ ചടങ്ങില്‍ പങ്കെടുക്കാനും അതു വഴി ജീവന്‍ രക്ഷാ ദൌത്യത്തിന്റെ അംബാസിഡർമാരാകാനും ക്ഷണിച്ചു കൊള്ളുന്നു.

Venue: The Irish Club, Horton Road, Gloucester, GL1 3QA

Date & Time: Sunday 31st May 2015 @ 2.00pm




കൂടുതല്‍വാര്‍ത്തകള്‍.