CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 25 Seconds Ago
Breaking Now

ഉപഹാറിന്റെ അവയവ ദാന സന്ദേശ യാത്രക്ക് ഉജ്ജ്വല തുടക്കം; മാഞ്ചസ്റ്ററിലും ബോൾട്ടനിലും ചിറമേലച്ചനു വമ്പിച്ച വരവേൽപ്പ്

ഉപഹാറിന്റെ ഗിഫ്റ്റ് ഓഫ്‌ ലൈഫ് എന്ന മഹത്തായ ആശയം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി അവയവ ദാനത്തിന്റെ ലോകപ്രശസ്ത സുവിശേഷകൻ റവ. ഫാദർ ഡേവിസ് ചിറമേൽ എന്ന ചിറമേലച്ചൻ നയിക്കുന്ന രണ്ടാഴ്ച നീളുന്ന റോഡ്‌ ഷോയ്ക്ക് ഇന്നലെ മാഞ്ചസ്റ്ററിലെ ഗാന്ധി ഹാളിൽ പ്രൌഡഗംഭീര തുടക്കം. സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ട വിശിഷ്ട വ്യക്തികൾ പങ്കെടുത്ത ചടങ്ങിൽവച്ച് സെൻട്രൽ മാഞ്ചസ്റ്റർ എൻ.എച്ച്.എസ് ട്രസ്റ്റ്‌ ഇമാം സിദ്ധിക്ക് ദിവാൻ സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു. യുകെയിലെ മുസ്ലിം പള്ളികളിലെല്ലാം അവയവദാനത്തിന്റെ മഹാസന്ദേശം കൈമാറണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.

ഉപഹാർ ചെയർമാൻ ഡോ.സൈനുൾ ആബിദീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, തന്റെ തനത് രസികൻ ശൈലിയിലൂടെ അവയവ ദാനത്തിന്റെ മഹത്തായ സന്ദേശം ചിറമേലച്ചൻ അവതരിപ്പിച്ചു. മരണശേഷം സ്വന്തം പേരു പോലും നഷ്ടപ്പെട്ട് വെറും ശവശരീരം മാത്രമായി മാറുന്ന മനുഷ്യൻ, അവന്റെ ഓർമ്മകൾ തലമുറകളോളം നിലനിൽക്കുവാൻ അവയവദാനം എന്ന പുണ്ണ്യത്തിലൂടെ സാധിക്കുമെന്ന്‌ സദസ്സിനെ ഓർമിപ്പിച്ചു. അഗ്നിക്കിരയാക്കനുള്ളതോ, ചിതലരിച്ച് തീരാനുള്ളതോ അല്ല നമ്മുടെ ശരീരമെന്നും അവയവ ദാനത്തിലൂടെ നിത്യമായി ജീവിക്കുന്ന മനുഷ്യത്വം നിറഞ്ഞ നന്മയായി നമ്മുടെ ശരീരം മാറണമെന്നും അച്ചൻ ഓർമിപ്പിച്ചു.  മരണശേഷം കുടുംബം പോലും ഓർമിക്കാത്ത അവസ്ഥയിൽ നിന്നും ലോകം മുഴുവനും ആദരിക്കുകയും, ഓർമിക്കുകയും ചെയ്യുക എന്നതാണ് അവയവദാനത്തിലൂടെ നമ്മൾ സ്വന്തമാക്കുന്നതെന്ന് അച്ചൻ പറഞ്ഞു.

വിതിങ്ങ്ടൻ എം.പി.ജെഫ് സ്മിത്ത് തന്റെ ആശംസ പ്രസംഗത്തിൽ, 20 വർഷമായി അവയവദാന സമ്മതപത്ര കാർഡ്‌ എപ്പോഴും കൊണ്ട് നടക്കുന്നു എന്ന് കാർഡ്‌ സദസ്സിനെ കാണിച്ച് പറഞ്ഞു. ഈ സംരഭത്തിന് എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. ഡോ.സിദ്ദിഖ്‌ ഉപഹാറിന്റെ ലക്ഷ്യങ്ങളും പ്രവർത്തനവും വിവരിച്ചു. ഫാ.സജിമോൻ, അശിത് സിൻഹ, പോൾസൻ തോട്ടപ്പള്ളി, കൌണ്‍സിലർമാരായ പീറ്റർ കൊക്സണ്‍, രഹ്നവാസ് അക്ബർ, അസ്ര അലി, കരോളിൻ പോർട്ടലോക് എന്നിവർ ആശംസകൾ അർപ്പിച്ചു. അനസുധീൻ അസീസ്‌ വിശിഷ്ടാഥിതികളെ സ്വാഗതം ചെയ്തു. കെ .ഡി.ഷാജിമോൻ നന്ദിയും പറഞ്ഞു.

യുക്മയും അംഗ അസോസിയേഷനുകളും ഉപഹാറിന്റെ റോഡ്‌ ഷോ വിജയത്തിനായി എല്ലാ സഹകരണങ്ങളും നല്കി വരുന്നു. അവയവ ദാന സന്ദേശ യാത്ര ജൂണ്‍ 6 ന് ലണ്ടനിൽ സമാപിക്കും.




കൂടുതല്‍വാര്‍ത്തകള്‍.