CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 4 Minutes 50 Seconds Ago
Breaking Now

ഫാ ജോസ് തയ്യിലിനു സ്റ്റീവനേജിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി

ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ അതിരൂപതയിലെ സീറോ മലബാർ ചാപ്ലൈനായി കഴിഞ്ഞ മൂന്നു വർഷം സ്തുത്യർഹമായ സേവനം പൂർത്തിയാക്കി ഇംഗ്ലണ്ടിൽ നിന്നും തന്റെ മാതൃ രൂപതയായ വയനാട്ടിലെ മാനന്തവാടിയിലേക്ക് തിരിച്ചു പോകുന്ന ഫാ. ജോസ് തയ്യിലിനു സ്റ്റീവനേജിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. വെസ്റ്റ് മിൻസ്റ്റർ അതിരൂപതയിൽ വിശിഷ്ടമായ അജപാലന സേവനവും, നൈസർഗ്ഗികമായ മികച്ച ഗാനശുശ്രുഷയും, മതബോധന പരിശീലനവും, ശുശ്രുഷകളും ബൈബിൾ പ്രബോധനങ്ങളും വഴി വിവിധ സെന്ററുകളിൽ ആത്മീയ തീക്ഷ്ണത വളർത്തി ശ്രദ്ധേയമായ അർപ്പിത സേവനം നടത്തി പോന്നിരുന്ന ജോസച്ചൻ തന്റെ വിസ കാലാവധി അവസാനിക്കുന്നതിനാലാണ് നാട്ടിലേക്ക് തിരിച്ചു പോവുന്നത്. 

ആഘോഷമായ വിശുദ്ധ ബലിയും,പരിശുദ്ധ മാതാവിനോടുള്ള പ്രത്യേക പ്രാർത്ഥനയും അർപ്പിച്ചു കൊണ്ടാണ് സ്റ്റീവനേജിൽ തൻറെ സമാപന ശുശ്രുഷ ജോസച്ചൻ നിർവ്വഹിച്ചത്‌. എല്ലാവരുടെയും സഹകരണങ്ങൾക്കും, ആത്മീയ പിന്തുണക്കും നന്ദി അറിയിച്ച അച്ചൻ പ്രാർത്ഥനയിൽ ഏവരെയും പ്രത്യേകമായി അനുസ്മരിക്കും എന്നും തൻറെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. അജപാലന സേവന പരിചയവും, സെന്ററുകളിൽ ആത്മീയ ഉണർവ്വും നൽകുവാൻ പ്രാപ്തരായ കൂടുതൽ വൈദികരുടെ ശുശ്രുഷകൾ ലണ്ടനിൽ ലഭ്യമാകട്ടെ. തന്റെ രൂപതയായ മാനന്തവാടിയിൽ തിരിച്ചെത്തി അവിടെ  ഇടവകാ അജപാലന സേവനം തുടരുവാനും കൂടുതൽ സമയം സഭക്കും,വിശ്വാസി സമൂഹത്തിനുമായി ശുശ്രുഷ ചെയ്യുവാൻ  ഉള്ള അവസരം അതിലൂടെ ലഭിക്കുമെന്നും തയ്യിൽ അച്ചൻ അഭിപ്രായപ്പെട്ടു.

ജോസച്ചനു യാത്രാ മംഗളങ്ങൾ നേർന്ന ട്രസ്റ്റി ബെന്നി ജോസഫ് കുർബ്ബാന കേന്ദ്രത്തിൽ അച്ചൻ നൽകിയ അനുഗ്രഹങ്ങൾ നിറഞ്ഞ ശുശ്രുഷകൾക്കും, പ്രബോധനങ്ങൾക്കും, ആത്മീയ തീക്ഷ്ണത ഊട്ടി വളർത്തിയ അജപാലന സേവനങ്ങൾക്കും സ്റ്റീവനേജ് കത്തോലിക്കാ സമൂഹത്തിന്റെ നന്ദിയും, കടപ്പാടും പ്രത്യേകം അറിയിച്ചു.ആത്മീയ ധാരയിൽ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് വിജയങ്ങൾ നേരുകയും, ആയുസ്സും, ആരോഗ്യവും, ദൈവ കൃപയും സമൃദ്ധമായി ലഭിക്കട്ടെ എന്നും  ആശംസിച്ചു. ഇടവകാ അജപാലന ശുശ്രുഷയിൽ വളരെയേറെ പരിചയ സമ്പത്തുള്ള ജോസച്ചന്റെ തിരിച്ചു പോകൽ ഇംഗ്ലണ്ടിലെ സീറോ മലബാർ സഭക്ക് വലിയ നഷ്ടമാകും എന്ന് ബെന്നി തന്റെ നന്ദി പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. 

ട്രസ്റ്റിമാരായ ബെന്നി ജോസഫ്,മനോജ്‌ ഫിലിഫ് കമ്മിറ്റി അംഗങ്ങളായ സജൻ സെബാസ്റ്റ്യൻ,മേജു മനോജ്‌ തുടങ്ങിയവർ യാത്രയയപ്പ് പരിപാടിക്ക് നേതൃത്വം നൽകി.കമ്മ്യുനിട്ടിയുടെ സ്നേഹോപഹാരം ജോസ് തയ്യിൽ അച്ചന് ട്രസ്റ്റി മനോജ്‌ ഫിലിഫ്  കൈമാറി. മേജു മനോജ്‌ പൂച്ചെണ്ട് നൽകി കൊണ്ട് അച്ചനെ സ്വീകരിച്ചു. സ്നേഹ വിരുന്നോടെ യാത്രയയപ്പ് പരിപാടിക്ക് ഹൃദ്യമായ സമാപനമായി.




കൂടുതല്‍വാര്‍ത്തകള്‍.