CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 3 Minutes 22 Seconds Ago
Breaking Now

കര്‍ഷകരുടെ ശക്തി തെളിയിച്ച് കട്ടപ്പനയില്‍ ഇന്‍ഫാം കര്‍ഷക സമ്മേളനം

കാര്‍ഷിക മേഖലയും ഹൈറേഞ്ച് ജനതയും നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണെന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും ഇന്‍ഫാം ദേശീയ രക്ഷാധികാരിയുമായ മാര്‍ മാത്യു അറയ്ക്കല്‍. ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ കട്ടപ്പന സെന്റ് ജോര്‍ജ് ഓഡിറ്റോറിയത്തില്‍ നടന്ന കര്‍ഷക നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. 

അസംഘടിതരായ കര്‍ഷകരുടെ മേല്‍ എന്തു ചൂഷണവും ആകാമെന്നും അവരെ എത്ര അവഗണിച്ചാലും ചവിട്ടി മെതിച്ചാലും തങ്ങളുടെ വോട്ടുബാങ്കിന് ഒരു ഇളക്കവും തട്ടില്ലെന്നാണു രാഷ്ട്രീയ നിലപാട്. ഇതിന് മാറ്റമുണ്ടാകണം. തെരഞ്ഞെടുപ്പാകുമ്പോള്‍ കുറെ വാഗ്ദാനങ്ങളും മുതലക്കണ്ണീരുമുണ്ടെങ്കില്‍ കര്‍ഷകരെ വശത്താക്കാമെന്നാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ വിലയിരുത്തുന്നത്. കര്‍ഷക സമൂഹം സടകുടഞ്ഞ് എഴുന്നേറ്റ് ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും മാര്‍ അറയ്ക്കല്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നതു ഹൈറേഞ്ചിലെ കര്‍ഷകരാണ്. പരിസ്ഥിതി സംരക്ഷണത്തിന് ഇവിടെ ജീവിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിച്ചും വിശ്വാസത്തിലെടുത്തും ഇവരുടെ സഹകരണത്തിലൂടെയുമാണു പദ്ധതികള്‍ നടപ്പിലാക്കേണ്ടത്. ആവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും വന്യമൃഗങ്ങളുടെ കടന്നുകയറ്റം വ്യാപകമാണ്. ഇതു നിയന്ത്രിക്കാന്‍ നിയമങ്ങളും നടപടികളുമുണ്ടാകണം.

മലയോര മേഖലയില്‍ ഏറ്റവും നീറുന്ന പ്രശ്നം പട്ടയ വിഷയമാണ്. ഒരു ലക്ഷത്തിലധികം കുടുംബങ്ങളാണു പട്ടയത്തിനായി കാത്തുനില്‍ക്കുന്നത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പരിസ്ഥിതി മൗലികവാദികളാണ് ഇത്തരം നീക്കങ്ങള്‍ക്കു പിന്നില്‍. അഞ്ചു വര്‍ഷമായിട്ടും യാതൊരു ചലനവും സൃഷ്ടിക്കാതെ ഇടുക്കി പാക്കേജും അട്ടിമറിക്കപ്പെട്ടു. 750 കോടി രൂപയാണ് കാര്‍ഷിക കടാശ്വാസത്തിനായി നീക്കിവച്ചത്. ഇതിന്റെ ഫലം കര്‍ഷകനു ലഭിച്ചിട്ടില്ല. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അലംഭാവമാണ് പദ്ധതികള്‍ അട്ടിമറിക്കപ്പെടുവാന്‍ കാരണം. ഹൈറേഞ്ചിലെ ഇന്‍ഫാമിന്റെ തുടക്കം വലിയ മുന്നേറ്റമുണ്ടാക്കുമെന്നും വരും നാളുകളില്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നും ജാതിമത രാഷ്ട്രീയത്തിനതീതമാണ് ഇന്‍ഫാമിന്റെ പ്രവര്‍ത്തനമെന്നും മാര്‍ മാത്യു അറയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു.

സമ്മേളനത്തില്‍ രൂപത വികാരി ജനറാള്‍ റവ.ഡോ.ജോസ് പുളിക്കല്‍ അധ്യക്ഷതവഹിച്ചു. ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. വി.സി. സെബാസ്ററ്യന്‍ കര്‍ഷക സംഘടനകളുടെ ഐക്യം ഇന്നിന്റെ ആവശ്യം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കല്‍, ഹൈറേഞ്ച് സംരക്ഷണസമിതി അംഗം സി.കെ. മോഹനന്‍, മൗലവി മുഹമ്മദ് റഫീഖ് അല്‍ കൗസരി എന്നിവര്‍ പ്രസംഗിച്ചു. ഇന്‍ഫാം കാഞ്ഞിരപ്പള്ളി രൂപത കോഓര്‍ഡിനേറ്റര്‍ ഫാ.സെബാസ്ററ്യന്‍ പെരുനിലം കര്‍മപദ്ധതി വിശദീകരണം നടത്തി. അണക്കര ഫൊറോന വികാരി ഫാ. വില്‍ഫിച്ചന്‍ തെക്കേവയലില്‍ സ്വാഗതവും കര്‍ഷക പ്രതിനിധി സണ്ണി വെട്ടൂണി നന്ദിയും പറഞ്ഞു. ഹൈറേഞ്ചിലെ വിവിധ ഇടവകകളില്‍ നിന്നായി ആയിരക്കണക്കിനു കര്‍ഷകരാണു സമ്മേളനത്തില്‍ പങ്കെടുത്തത്. 




കൂടുതല്‍വാര്‍ത്തകള്‍.