CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 36 Minutes 10 Seconds Ago
Breaking Now

കട്ടന്‍കാപ്പിയും കവിതയും - സാഹിത്യ സല്ലാപ പരിപാടി ജൂണ്‍ 21 ന് ക്രോയ്ഡോണില്‍ വച്ച്; ശ്രീ കാവാലം നാരായണ പണിക്കരും ശ്രീമതി ജയപ്രഭാ മേനോനും അതിഥികള്‍.

യുകെയിലും ലോകത്ത് ആകമാനവും സാഹിത്യ കുതുകികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ‘കട്ടന്‍കാപ്പിയും കവിതയും’ ജൂണ്‍ മാസത്തെ പരിപാടി ക്രോയ്ഡോണില്‍ വച്ച് നടക്കുന്നു. പരിപാടിയിലേക്ക് എല്ലാ സാഹിത്യ കലാ പ്രേമികളെയും സംഘാടകര്‍ സാദരം ക്ഷണിക്കുന്നതായി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഈസ്റ്റ്‌ ഹാമിലെ പേരെടുത്തതും  മലയാളി അസോസിയേഷനുകളുടെ മുത്തശിയും ആയ  MAUKയും ക്രോയ്ഡോണില്‍ മലയാളിത്തം വിട്ട് സര്‍വ്വസാഹോദര്യസമത്വത്തിന്‍റെ സന്ദേശം അനുദിനം സ്വപ്രവര്‍ത്തികളിലൂടെ നിര്‍വ്വഹിക്കുന്ന സംഗീതാ ഓഫ് ദി യുകെയും സംയുക്തമായാണ് ‘കട്ടന്‍കാപ്പിയും കവിതയും’ നടത്തുന്നത്. ജൂണ്‍ 21 ഞായറാഴ്ച വൈകുന്നേരം 05.30 മുതല്‍ ക്രോയ്ഡോണ്‍ ഒഷ്വാല്‍ ഹൌസില്‍ വച്ചാണ് പരിപാടി നടത്തപ്പെടുന്നത്. നൂറുകണക്കിന് ആളുകള്‍ക്ക് ഒരേസമയം പങ്കെടുക്കാന്‍ കഴിയുന്ന സൌകര്യമുള്ള ഹാളാണ് ഒഷ്വാല്‍ ഹൌസില്‍ ഉള്ളത്. മുകള്‍ നിലയിലെ ഹാളില്‍ ആണ് പരിപാടി നടക്കുക.

ശ്രീകുമാരന്‍ തമ്പി, കെ സച്ചിദാനന്ദന്‍, സാറാ ജോസഫ്‌ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കുകയും സദസ്സിനോട് ആശയവിനിമയം ചെയ്യുകയും ചെയ്തിട്ടുള്ള ‘ കട്ടന്‍കാപ്പിയും കവിതയും’ തനതായ ശൈലിയും ഔന്നത്യവും പുലര്‍ത്തുന്ന പരിപാടിയാണ്. ഔപചാരികതകള്‍ ഇല്ലാതെ നടന്നുപോകുന്ന പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാപേരും തുല്യ പ്രാതിനിധ്യം വഹിക്കുന്നു. സാമ്പ്രദായിക രീതികളില്‍ നിന്ന് വ്യത്യസ്തമായി സഹകരിക്കുന്നവരുടെ ഉള്‍ക്കാഴ്ച്ചക്കും  അറിവിനും പുരോഗനാത്മകമായ ഉയര്‍ച്ച ഉണ്ടാകാന്‍ തക്ക രീതിയില്‍ വിഭാവനം ചെയ്തു നിര്‍വ്വഹിക്കപ്പെടുന്നു എന്നത് ‘കട്ടന്‍കാപ്പിയും കവിതയും’ മനസ്സുകള്‍ക്ക് പ്രിയതരമാക്കുന്നു. അനുഭവ സമ്പന്നരായ പ്രതിഭകളുടെ അനുഭവ, ചിന്താ വിവരണങ്ങള്‍ നല്‍കുന്ന ദിശാബോധം തീര്‍ച്ചയായും കൈത്തിരി തന്നെ ആകുന്നു.

ഇത്തവണത്തെ കട്ടന്‍കാപ്പിയും കവിതയും ശ്രീ കാവാലം നാരായണ പണിക്കരുടെയും ശ്രീമതി ജയപ്രഭാ മേനോന്റെയും സാന്നിധ്യം കൊണ്ട് അനുഗ്രഹീതമാവുകയാണ്. ആദ്യത്തെ മുക്കാല്‍ മണിക്കൂറോളം ശ്രീമതി ജയപ്രഭാ മേനോന്‍ വിവരിച്ച് അവതരിപ്പിക്കുന്ന നൃത്തരൂപം  ആയിരിക്കും. അതുകഴിഞ്ഞ്കാവാലം നാരായണപണിക്കര്‍ സദസ്സിനോട് സംസാരിക്കും. അനൌപചാരിക സംഭാഷണമായി, സല്ലാപമായി അത് തുടരവേ കാവാലം കവിതകളും ഗാനങ്ങളും അവതരിപ്പിക്കപ്പെടുകയും ചെയ്യും. 

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

OSHWAAL HOUSE

CAMPBELL ROAD

CROYDON

CR0 2SQ

പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.