CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 12 Minutes 59 Seconds Ago
Breaking Now

റബര്‍ സബ്സിഡി; റബര്‍ ബോര്‍ഡ് റബര്‍സ്റ്റാമ്പ്: ഇന്‍ഫാം

കേരളത്തിലെ റബര്‍ കര്‍ഷകരുടെ നടുവൊടിച്ചതിനു പിന്നില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക അവഗണനയും റബര്‍ ബോര്‍ഡിന്റെ കെടുകാര്യസ്ഥതയുമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യൻ ആരോപിച്ചു. 

റബര്‍ കൃഷിക്കായി നല്‍കുന്ന സബ്സിഡിയില്‍ നിന്ന് കേരളത്തിലെ കര്‍ഷകരെ ഒഴിവാക്കിയ നടപടി ഇരുട്ടടിയാണ്. റബറിന്റെ വിലയിടിവില്‍ വന്‍ സാമ്പത്തിക തകര്‍ച്ച നേരിടുമ്പോള്‍ മുന്‍ വര്‍ഷങ്ങളിലെ 30 കോടിയോളം രൂപ സബ്സിഡി ഇനത്തില്‍ ഇതുവരെയും കര്‍ഷകര്‍ക്കു നല്‍കാത്ത ഉത്തരവാദിത്വത്തില്‍ നിന്ന് മുന്‍ കേന്ദ്രസര്‍ക്കാരിനും ഒഴിഞ്ഞുമാറാനാവില്ല. 2014 ലെ ബഡ്ജറ്റില്‍ റബര്‍ ബോര്‍ഡിന് മുന്‍ കാലങ്ങളിലെ 240 കോടി രൂപയ്ക്കു പകരം 150 കോടി രൂപ മാത്രമാണ് മാറ്റിവെച്ചത്. റബര്‍ ബോര്‍ഡ് ആസ്ഥാനം കേരളത്തില്‍ നില നിര്‍ത്തിയതു കൊണ്ട് ഉദ്യോഗസ്ഥര്‍ക്കല്ലാതെ കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രത്യേകിച്ച് ഗുണങ്ങളൊന്നുമില്ലാത്ത അവസ്ഥയാണിപ്പോള്‍.

ബോര്‍ഡ് പറയുന്ന സ്ഥിതിവിവരക്കണക്കുകള്‍ പലതും യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധമില്ലാത്തതാണ്. കേന്ദ്രസര്‍ക്കാരിനുമുമ്പില്‍ ഇതിനോടകം സമര്‍പ്പിക്കപ്പെട്ട റബര്‍ ഉല്പാദനം, ഇറക്കുമതി, ഉപഭോഗം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളില്‍ പോലും വ്യക്തതയില്ല. ഗുരുതരമായ ഈ പ്രതിസന്ധിയിലും സ്ഥിരമായി ഒരു ചെയര്‍മാന്‍ പോലുമില്ലാതെ 2014 ഫെബ്രുവരി 28ന് യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് ഡയറക്ടര്‍ ബോര്‍ഡിന്റെ കാലാവധി അവസാനിച്ചതാണ്. കര്‍ഷകര്‍ക്കുവേണ്ടി ഇന്ന് മുതലക്കണ്ണീരൊഴുക്കുന്ന രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ അധികാരത്തിലിരുന്നപ്പോള്‍ നടത്തിയ കര്‍ഷകദ്രോഹങ്ങളുടെ അനന്തരഫലമാണ് ഇന്നത്തെ പ്രതിസന്ധിയുടെ പ്രധാന കാരണമെന്നുള്ളത് വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍ 17ന് വിളിച്ചുചേര്‍ത്തിരിക്കുന്ന റബര്‍ കര്‍ഷക സംഘടനാ പ്രതിനിധികളുടെ സമ്മേളനം പ്രഹസനമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷകസംഘടനളുടെയും പോക്കറ്റ് പ്രസ്ഥാനങ്ങളുടെയും പ്രതിനിധികളെ മാത്രം വിളിച്ചു കൂട്ടുന്നതിന്റെ പിന്നില്‍ നിഗൂഢതകളുണ്ട്. രാഷ്ട്രീയേതര കര്‍ഷക പ്രസ്ഥാനങ്ങളായ ഇന്‍ഫാം, കര്‍ഷകവേദി തുടങ്ങി വിവിധ കര്‍ഷക പ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദ പീപ്പിളിനെയും ഒഴിവാക്കിയിരിക്കുന്നത് കര്‍ഷകസമൂഹം ഗൗരവമായി കാണണമെന്നും വി.സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.