CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 44 Minutes 55 Seconds Ago
Breaking Now

നികുതിപ്പണം എവിടേയ്ക്ക്? ദ പീപ്പിള്‍ ജനകീയ സംവാദത്തിന് തിരുവനന്തപുരത്ത് തുടക്കമായി

ജനങ്ങളില്‍നിന്നു പിരിച്ചെടുക്കുന്ന പണം എവിടേക്ക് പോകുന്നു എന്നറിയാന്‍ ഓരോ പൗരനും മൗലികാവകാശം ഉണ്ടെന്നു ദ പീപ്പിള്‍ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍. വിവിധ കര്‍ഷക സംഘടനകളുടെ പൊതുകൂട്ടായ്മയായ ദ പീപ്പിളിന്റെ നേതൃത്വത്തില്‍ കേരളത്തിലെ പതിനാലു ജില്ലാ ആസ്ഥാനങ്ങളിലും സംഘടിപ്പിക്കുന്ന ജനകീയ സംവാദത്തിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ് ക്ളബ് ഫോര്‍ത്ത് എസ്റേററ്റ് ഹാളില്‍ നടന്ന നികുതിപ്പണം കേരളം എങ്ങനെ ചെലവിടുന്നു എന്ന ആദ്യ സംവാദത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍. ഏവര്‍ക്കും സ്വീകാര്യമായ ഒരു സമ്പദ്വ്യവസ്ഥയുടെ അഭാവമാണ് ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിക്കുന്നത്. അഴിമതി, കെടുകാര്യസ്ഥത, ചൂഷണം എന്നിവ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. സംസ്ഥാനത്താകെയുള്ള 82 ലക്ഷം കുടുംബങ്ങളില്‍ 40 ലക്ഷത്തിലധികവും കര്‍ഷകരാണ്. നിലവില്‍ ലഭിക്കുന്ന വില വച്ചുനോക്കിയാല്‍ റബര്‍ കര്‍ഷകരും ദാരിദ്യ്രരേഖയ്ക്കു താഴെയാണ്. നെല്‍കര്‍ഷകര്‍ക്കു ലഭിക്കുന്ന വരുമാനം പ്രതിമാസം 700 രൂപ മാത്രം. കാര്‍ഷിക വിളകള്‍ക്കു വിലത്തകര്‍ച്ച ഉണ്ടാകുമ്പോഴും ഉത്പാദനച്ചെലവ് വന്‍തോതിലാണു വര്‍ധിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 17 മടങ്ങോളം വര്‍ധനഉണ്ടായപ്പോള്‍ റബറിന്റെയും നെല്ലിന്റെയും വില ആറു മടങ്ങ് മാത്രമാണു വര്‍ധിച്ചത്. എല്ലാ കാര്യത്തിലും മാനുഷിക നീതിയുടെ തലം ആവശ്യമാണെന്നും മാര്‍ മാത്യു അറയ്ക്കല്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിന്റെ 51 ശതമാനത്തോളം ജീവനക്കാരുടെ ശമ്പളത്തിനായി വിനിയോഗിക്കുന്നു. സംസ്ഥാനത്തെ മൊത്തം വികസനച്ചെലവിന്റെ 38 ശതമാനം വിദ്യാഭ്യാസത്തിനും 15 ശതമാനം ആരോഗ്യത്തിനുമാണ് ചെലവഴിക്കുന്നത്. ഇതു സര്‍ക്കാരിന്റെ സേവനവിഭാഗമാണ്. ഈ സേവനം തുടരുകതന്നെ ചെയ്യണം. എന്നാല്‍, സര്‍ക്കാര്‍ ഭരണപരമായ ചെലവുകള്‍ക്കായി മുടക്കുന്ന പണം അധികരിക്കുന്നുണ്ടോ എന്നാലോചിക്കണം. ഇതു കുറച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കണം. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കു വന്‍ അധികാരങ്ങള്‍ ഉള്ള ഈ സമയത്ത് സംസ്ഥാനത്ത് വീണ്ടും പത്തു താലൂക്കുകള്‍ കൂടി പ്രഖ്യാപിച്ചത് ഭരണപരമായ ചെലവുകള്‍ വര്‍ധിക്കാന്‍ ഇടയാക്കും. ഒരു താലൂക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കുറഞ്ഞത് 50 കോടി രൂപയെങ്കിലും വേണം. 

 

പദ്ധതിയേതര ചെലവുകള്‍ കുറയ്ക്കാനുള്ള ക്രമീകരണവും ഉണ്ടാകണം. കൃഷിക്കായി ബജറ്റില്‍ അനുവദിക്കുന്ന തുക വന്‍തോതിലാണ് കുറഞ്ഞുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ തവണ ഏഴു ശതമാനം മാത്രമാണ് കൃഷിക്കായി നീക്കിവെച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കാലങ്ങളില്‍ കൃഷിക്കായി പണം നീക്കിവയ്ക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ ഇതിനായി ഫണ്ട് ചെലവഴിക്കേണ്ടെന്ന ഉത്തരവു വന്നതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും കാര്‍ഷികമേഖലയ്ക്ക് പണമൊന്നും ലഭിക്കുന്നില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി ഏറ്റവും കുറഞ്ഞ തുകയാണു കൃഷിക്കായി നീക്കിവച്ചിട്ടുള്ളത്. റബര്‍ വിലയിടിവിന്റെ കാതലായ പ്രശ്നം ഇറക്കുമതി തന്നെയാണ്. രാജ്യത്തെ ചില വ്യവസായ മേഖലകളെ സഹായിക്കാനായി കൊണ്ടുവന്ന ആസിയാന്‍ കരാറാണ് റബര്‍ കര്‍ഷകര്‍ക്ക് വിലത്തകര്‍ച്ച സമ്മാനിച്ചതെന്നും ഡോ. തോമസ് ഐസക്ക് പറഞ്ഞു. സംസ്ഥാനത്തു പിരിച്ചെടുക്കുന്ന നികുതിയുടെ കൂടിയപങ്കും സര്‍ക്കാര്‍ ഭരണപരമായ ചെലവുകള്‍ക്കായി വിനിയോഗിക്കുന്നതില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് എല്ലാവരും ചിന്തിക്കണമെന്നു മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. സംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവാദത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.ജി. രാധാകൃഷ്ണന്‍ മോഡറേറ്ററായിരുന്നു. ഡോ. മേരി ജോര്‍ജ് വിഷയം അവതരിപ്പിച്ചു. പ്ളാനിംഗ് ബോര്‍ഡ് അംഗം ജി. വിജയരാഘവന്‍, ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യൻ , കോട്ടാത്തല മോഹനന്‍, ടി.സി. മാത്തുക്കുട്ടി, എം. എസ് .കുമാര്‍, പി.സി. ജോസഫ്, ഡിജോ കാപ്പന്‍ തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കുചേര്‍ന്നു.

 





കൂടുതല്‍വാര്‍ത്തകള്‍.