CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 54 Minutes 52 Seconds Ago
Breaking Now

മാഞ്ചസ്റ്റർ ദുക്റാന തിരുന്നാളിൽ മേള വിസ്മയം തീർക്കാൻ ബോൾട്ടൻ ബീറ്റ്സും ബെർക്കിൻഹെഡ് ദൃശ്യകലയും; കൊടിയേറുവാൻ രണ്ടു നാളുകൾ കൂടി

തിരുന്നാളിൽ മികച്ച പ്രകടനം പുറത്തെടുത്ത് മേളവിസ്മയം തീർക്കാൻ ജൂലൈ നാലിനായി കാത്തിരിക്കുകയാണ് ഇരു ടീമുകളും.

യുകെയിലെ മലയാറ്റൂരായ മാഞ്ചസ്റ്ററിൽ ജൂലൈ 4 നു നടക്കുന്ന ദുക്റാന തിരുന്നാളിൽ മേളപ്പെരുക്കം തീർക്കാൻ ബോൾട്ടൻ ബീറ്റ്സും ബെർക്കിൻഹെഡ് ദൃശ്യകലയും എത്തുന്നു. മാഞ്ചസ്റ്റർ തിരുന്നാളിൽ മാറ്റുരയ്ക്കാൻ ഇരുക്കൂട്ടരും ആഴ്ചകളായി കയ്യും മെയ്യും മറന്നുള്ള പരിശീലനത്തിലാണ്. യുകെയിലെ ചെന്ദമെലങ്ങലിൽ ഒന്നാംസ്ഥാനക്കാരെന്നു അവകാശപ്പെടുന്ന ബോൾട്ടൻ ബീറ്റ്സ് അവരുടെ അവസാന ഘട്ട പരിശീലനവും പൂർത്തിയാക്കി കഴിഞ്ഞു. ഇവർക്കൊപ്പം തിരുന്നാൾ പ്രദക്ഷിണത്തിൽ സ്കോർട്ടീഷ് പൈപ്പ് ബാൻഡും അണി നിരക്കുന്നതോടെ മികച്ച മേള വിരുന്നാണ് കാണികൾക്ക് മാഞ്ചസ്റ്ററിൽ ഒരുങ്ങുന്നത്. ജൂലൈ 4 ശനിയാഴ്ച രാവിലെ 10 നു നടക്കുന്ന ആഘോഷപ്പൂർവ്വമായ തിരുന്നാൾ കുർബ്ബാനയെ തുടർന്ന് നടക്കുന്ന തിരുന്നാൾ പ്രദക്ഷിണത്തിലാണ് മേള വിസ്മയം അരങ്ങേറുക.   

558d02ef1abeb.jpg

കഴിഞ്ഞ 6 വർഷക്കാലമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ തങ്ങളുടെ കലാവിരുത് തെളിയിച്ചപ്പോൾ ബോൾട്ടൻ ബീറ്റ്സ് യുകെയിലെ മലയാളികൾക്ക് മാത്രമല്ല ഒപ്പം പാശ്ചാത്യ സമൂഹത്തിന്റെയും ആഘോഷവേളകളിലെ അഭിവാജ്യ ഘടകമായി മാറിയിരിക്കുകയാണ്.

പൂരങ്ങളുടെ നാടായ തൃശൂരിൽ നിന്നുമുള്ള രാധേഷ് നായരാണ് ബോൾട്ടൻ ബീറ്റ്സിന്റെ അമരക്കാരൻ. ഇദ്ദേഹത്തെ കൂടാതെ രഞ്ജിത്ത് ഗണേഷ്, അലൻ കുര്യൻ എന്നിവർ ഉരുട്ട് ചെണ്ടയിലും നോയൽ തോമസ്‌, അഭി അജയ്, ജോസ് കുട്ടി എന്നിവർ ഇലത്താളത്തിലും ജെയിൻ ജോസഫ്, ജോഷി വർക്കി, ഷാജി ജോസ് എന്നിവർ വീക്കം ചെണ്ടയിലും മേളം പുറത്തിറക്കും. 

558d03b986cfc.jpg

യുകെയിൽ ഒട്ടേറെ മേളങ്ങൾ ഉണ്ടെങ്കിലും ബോൾട്ടൻ ബീറ്റ്സ് തങ്ങളുടെ മേളാവതരണം തികച്ചും കേരളീയ ശൈലിയിലാണ് നടത്തി വരുന്നത്. ചെറു ചെമ്പടയിൽ തുടങ്ങി ഒൻപതു വിവിധ തരം താളമേളങ്ങളോടെ ബോൾട്ടൻ ബീറ്റ്സ് മേളപ്പെരുക്കം തീർത്ത്‌ മുന്നേറുമ്പോൾ മേളാസ്വാദകർക്ക്‌ അതിസുന്ദരമായ വിരുന്നാണ് മാഞ്ചസ്റ്ററിൽ ഒരുങ്ങുന്നത്. ഒട്ടേറെ വേദികളിൽ മേള വിസ്മയം തീർത്ത ബോൾട്ടൻ ബീറ്റ്സ് ഇത് ആദ്യമായാണ് മാഞ്ചസ്റ്റർ തിരുന്നാളിൽ മേളപ്പെരുക്കം തീർക്കാൻ എത്തുന്നത്. ഇക്കുറി താള നൃത്ത ചുവടുകളിലൂടെയുള്ള മേളാവതരണമാണ്‌ ബോൾട്ടൻ ബീറ്റ്സ് കാഴ്ചവയ്ക്കുന്നത്. 

2008 ൽ രൂപം കൊണ്ട ബെർക്കിൻഹെഡ് ദൃശ്യകല ടീമിനും മാഞ്ചസ്റ്റർ തിരുന്നാൾ അഭിമാനപ്രശ്നമാണ്. ജോഷി ജോസഫിന്റെ നേതൃത്വത്തിൽ എത്തുന്ന ബെർക്കിൻഹെഡ് ദൃശ്യകല ടീം 2008 മുതൽ മാഞ്ചസ്റ്റർ തിരുന്നാളിൽ തുടർച്ചയായി മേള വിസ്മയം തീർത്ത്‌ വരികയാണ്. ജോഷിയെ കൂടാതെ സിൻഷാ മാത്യൂ , സജീഷ് ജേക്കബ്, സോജൻ തോമസ്‌, ജിമ്പു കുടിലിൽ, അജിത്ത് കുമാർ, സാം ചക്കട, ഷിബു മാത്യൂ, ബിനോയ്‌ ജോർജ്, നിഥിൻ എസ് നായർ എന്നിവര് ചേരുന്നതാണ് ബെർക്കിൻഹെഡ് ദൃശ്യകല ടീം. 

558d031e7223c.jpg

കാവി മുണ്ടും വെള്ള ബനിയനും ധരിച്ചെത്തുന്ന ഇവർ വരുമാന മാർഗം എന്നതിലുപരി ആയി തനതായ കേരളീയ കലകളെ പരിപോഷിക്കുക എന്ന ലക്‌ഷ്യം മുൻ നിർത്തിയാണ് പ്രവർത്തിക്കുന്നത്. തൃശൂരിൽ നിന്നുമാണ് ചെണ്ടയും മേളവും എല്ലാം യുകെയിലെത്തിച്ചു പരിശീലനം നടത്തിയത്.

തിരുന്നാളിൽ മികച്ച പ്രകടനം പുറത്തെടുത്ത് മേളവിസ്മയം തീർക്കാൻ ജൂലൈ നാലിനായി കാത്തിരിക്കുകയാണ് ഇരു ടീമുകളും.




കൂടുതല്‍വാര്‍ത്തകള്‍.