CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 13 Minutes 2 Seconds Ago
Breaking Now

വാല്‍ത്സിങ്ങാം മരിയോത്സവം 19 നു; മൂന്നു മെത്രാന്മാർ പങ്കുചേരും

വാല്‍ത്സിങ്ങാം: സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ നടത്തിപ്പോരുന്ന യുകെയിലെ ഏറ്റവും വലിയ ആഘോഷമായ വാല്‍ത്സിങ്ങാം മരിയന്‍ പുണ്യ തീര്‍ത്ഥാടനത്തിൽ മാതൃ ഭക്ത വിശ്വാസ സാഗരം അലയടിക്കുമ്പോൾ അവർക്ക് ഈ തീർത്ഥാടനം കൂടുതൽ അനുഗ്രഹ സ്പർശം ആയിത്തീരുവാൻ ഇതാദ്യമായി  മൂന്നു അഭിവന്ദ്യ പിതാക്കന്മാരുടെ മഹനീയ സാന്നിദ്ധ്യവും ശുശ്രുഷകളും ലഭിക്കുന്നതാണ്. മാതാവ് നസ്രത്തിലെ സ്ഥലം യുകെയിലേക്ക് പറിച്ചു നട്ടതായി വിശ്വസിക്കുന്ന വാല്‍ത്സിങ്ങാം സന്ദർശനത്തിൽ തങ്ങളുടെ പ്രാർത്ഥനകൾക്ക് മറുപടി ലഭിക്കുന്നതായും,അവിടുത്തെ തീർത്ഥ ജലം രോഗശാന്തി നൽകുന്നതായുമുള്ള അനുഭവ സാക്ഷ്യങ്ങൾ ലോകമെങ്ങും പ്രചരിച്ചപ്പോൾ തീർത്ഥാടകരുടെ വൻ വരവാണ് കഴിഞ്ഞ നൂറു കണക്കിന് വർഷങ്ങളായി വാൽഷിങ്ങാമിൽ നടക്കുന്നത്. 

വാല്‍ത്സിങ്ങാം ഉൾക്കൊള്ളുന്ന ആതിതേയ രൂപതയായായ ഈസ്റ്റ്‌ ആംഗ്ലിയായുടെ അദ്ധ്യക്ഷനും, യുകെയിലെ കാത്തലിക്ക് മൈഗ്രൻസിന്റെ ചുമതലയും ഉള്ള അഭിവന്ദ്യ ബിഷപ്പ് അലൻ ഹോപ്പ്സ് ആമുഖ പ്രാർത്ഥന ചൊല്ലി തീർത്ഥാടനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിക്കുന്നതായിരിക്കും.

സീറോ മലബാർ സഭയുടെ തക്കല രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷനും, ഒമ്പതാമത് സീറോ മലബാർ വാല്‍ത്സിങ്ങാം തീർത്ഥാടനത്തിന്റെ മുഖ്യാതിതിയുമായ മാർ ജോർജ്ജ് രാജേന്ദ്രൻ പിതാവ്, തന്നെ ഇതിലേക്കായി ക്ഷണിച്ചത് മുതൽ മരിയൻ പ്രഘോഷണത്തിനായി കിട്ടിയ ഈ സുവർണ്ണാവസരം അനുഗ്രഹദായകമാവാൻ മാസങ്ങളായി ഒരുക്കത്തിലാണ്. തീർത്ഥാടനത്തെ കൂടുതൽ അനുഭവ സമ്പന്നമാക്കുവാൻ തന്റേതായ കാഴ്ചപ്പാടുകളും ആശയങ്ങളും വിനിമയങ്ങൾ നടത്തിപ്പോരുന്നുവെന്നത് അദ്ദേഹത്തിന്റെ മരിയൻ ഭക്തിയുടെ ആഴം തെളിയിക്കുന്നു. 

മലയാളി മാത്രുഭക്തർക്കു അവിചാരമായി വന്നുചേർന്ന അനുഗ്രഹ സാന്നിദ്ധ്യം ആണ്‌ തൃശ്ശൂർ അതിരൂപതയുടെ അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ ആണ്ട്രൂസ് താഴത്ത്. തൃശൂർ രൂപതാംഗങ്ങളായിട്ടുള്ള യുറോപ്പിലെ പ്രവാസി പുരോഹിതരുടെ അടുത്തു സന്ദർശനം നടത്തുവാൻ തീരുമാനിച്ച വേളയിലാണ് ഈ വലിയ മരിയൻ തീർത്ഥാടനത്തിൽ പങ്കു ചേരുവാനും, അത്ഭുതമായി ഉയർന്നു വന്ന 'നസ്രേത്തിന്റെ' തനി പകർപ്പായ വാല്‍ത്സിങ്ങാം മാതൃ ദേവാലയത്തിൽ തിരുക്കർമ്മങ്ങൾ അർപ്പിക്കുവാനും അതുവഴി യുകെയിലെ മലയാളികൾക്ക് പിതാവിന്റെ ശുശ്രുഷ ലഭിക്കാൻ ഭാഗ്യം കൈവരുന്നതും. 

തീർത്ഥാടനത്തിന്റെ ആരംഭകനും,നാളിതുവരെ വിജയകരമായി നയിക്കുകയും ചെയ്യുന്ന ചാപ്ലിൻ ഫാ. മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേൽ, ഈസ്റ്റ്‌ ആംഗ്ലിയ ചാപ്ലിൻമാരായ ഫാ. ഫിലിഫ് പന്തംതൊട്ടിയിൽ, ഫാ.ടെറിൻ മുല്ലക്കര,വികാരി കിയര്ണി എന്നിവരുടെ പ്രോത്സാഹനവും, നിർദ്ദേശങ്ങളും ഉൾക്കൊണ്ടു കൊണ്ട് ഈ മരിയോത്സവത്തിന്റെ അനുഗ്രഹ വിജയത്തിനായി ഹണ്ടിംഗ്ഡൻ സീറോ മലബാർ കമ്മ്യുനിട്ടിയുടെ വിവിധ കമ്മിറ്റികൾ ചെയ്യുന്ന ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക് പുരോഗമിക്കുന്നു. തീർത്ഥാടകർക്ക് വിതരണം ചെയ്യുവാനായി മരിയ ഗീതങ്ങളും, വാല്‍ത്സിങ്ങാം പുണ്യ ചരിതവും, പ്രാർത്ഥനകളും മറ്റും അടങ്ങിയ ബുക്കുകൾ ഉടൻ പൂർത്തിയാവും എന്ന് കണ്‍വീനർ ജെനി ജോസ് അറിയിച്ചു.

ജൂലൈ 19 നു ഞായറാഴ്ച ഉച്ചക്ക് 12 :00 മണിക്ക് വാല്‍ത്സിങ്ങാമിലെ ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ (എൻആർ22 6 ഡിബി) നിന്നും ഈസ്റ്റ് ആംഗ്ലിയായുടെ ബിഷപ്പ് അലന്‍ ഹോപ്പ്‌സ് തുടക്കം കുറിക്കുന്ന സ്ലിപ്പര്‍ ചാപ്പലിലേക്കുള്ള (എൻആർ22 6 എഎൽ) തീര്‍ത്ഥാടനം ആമുഖ പ്രാര്‍ത്ഥനയോടെ ആരംഭിക്കും.മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമർപ്പിച്ചുകൊണ്ട്, വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും, വാദ്യ മേളങ്ങളുടെയും വർണ്ണാഭമായ അകമ്പടിയോടെ മരിയ ഭക്തര്‍ തീര്‍ത്ഥാടനം നടത്തും.  

തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം (13:15) തീര്‍ത്ഥാടന സന്ദേശം, കുട്ടികളെ അടിമ വെക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഉച്ച കഴിഞ്ഞു കൃത്യം 2:45 നു ആഘോഷമായ തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലി ആരംഭിക്കുന്നതായിരിക്കും. തീർത്ഥാടന തിരുന്നാൾ സമൂഹ ബലിയിൽ, മാർ ആണ്ട്രൂസ് താഴത്ത്, ജോർജ്ജ് പിതാവ് എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും.സീറോ മലബാർ കോർഡിനേട്ടർ ഫാ.തോമസ്‌ പാറയടിയിൽ, മാത്യു വണ്ടാലക്കുന്നെലച്ചൻ, ഈസ്റ്റ്‌ ആംഗ്ലിയ ചാപ്ലൈന്മാരായ ഫാ ഫിലിഫ് ജോണ്‍, ഫാ ടെറിൻ മുല്ലക്കര കൂടാതെ യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന സീറോ മലബാർ വൈദികര്‍ സഹ കാർമ്മികരായി ഈ തിരുന്നാൾ സമൂഹ ബലിയിൽ പങ്കുചേരും. 

പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയിൽ അനുഗ്രഹങ്ങളും, ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാൻ ഏവരെയും തീർഥാടനത്തിലേക്ക് സസ്നേഹം ക്ഷണിച്ചുകൊള്ളുന്നതായി ആതിഥേയരായ ഹണ്ടിംഗ്ഡൻ സീറോ മലബാർ കമ്മ്യുനിട്ടി അറിയിച്ചു.

അടുത്ത വര്‍ഷത്തെ പ്രസുദേന്ധിമാരെ വാഴിക്കുന്നതോടെ തീര്‍ത്ഥാടന ശുശ്രുഷകൾ സമാപിക്കും. കേരള ഭക്ഷണ സ്റ്റാളുകൾ തഥവസരത്തിൽ തുറന്നു പ്രവർത്തിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജെനി ജോസ് - 07828032662

ലീഡോ ജോർജ് - 07838872223

ജീജോ  ജോർജ് - 07869126064 

അനൌണ്‍സിയേഷന്‍ ചാപ്പല്‍ - എൻആർ22 6 ഡിബി, സ്ലിപ്പര്‍ ചാപ്പൽ, എൻആർ22 6 എഎൽ


   

 




കൂടുതല്‍വാര്‍ത്തകള്‍.