CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 41 Minutes 55 Seconds Ago
Breaking Now

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് യുകെ സന്ദർശിക്കുന്നു

ലണ്ടൻ: തൃശ്ശൂർ അതിരൂപതയുടെ ആദരണീയനായ അദ്ധ്യക്ഷൻ മാർ. ആൻഡ്രൂസ് താഴത്ത് യുകെ സന്ദർശിക്കുന്നു. ജൂലൈ 16 നു ലണ്ടനിൽ എത്തിച്ചേരുന്ന അഭിവന്ദ്യ ആൻഡ്രൂസ് പിതാവിനെ ഹീത്രൂ വിമാനത്താവളത്തിൽ വെച്ച് യുകെ സീറോ മലബാർ കോർഡിനേട്ടർ ഫാ.തോമസ്‌ പാറയടിയിൽ, ഈസ്റ്റ്‌ ആംഗ്ലിയാ സീറോ മലബാർ ചാപ്ലിൻ ഫാ.ടെറിൻ മുള്ളക്കര എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മള വരവേൽപ്പാണ് ഒരുക്കിയിരിക്കുന്നത്. യുറോപ്പിൽ അജപാലന രംഗത്ത് പ്രവർത്തിക്കുന്ന രൂപതാംഗങ്ങളായ വൈദികരെ സന്ദർശിക്കുവാൻ തയ്യാറാക്കിയിരിക്കുന്ന യാത്രാ പരിപാടികളിൽ ഒരാഴ്ചത്തെ പര്യടനം ആണ് യുകെയിൽ പിതാവിനുള്ളത്.

തൃശ്ശൂർ അതിരൂപതയുടെ അദ്ധ്യക്ഷ പദവിക്ക് പുറമേ സാമൂഹ്യ-സാംസ്കാരിക-സാഹിത്യ രംഗങ്ങളിൽ തിളക്കമാർന്ന വ്യക്തിത്വം നില നിറുത്തുന്ന ആൻഡ്രൂസ് പിതാവ് CBCI വൈസ് പ്രസിഡണ്ട്, KCBC വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ, ആലുവാ - മംഗലപ്പുഴ സെമിനാരി കമ്മീഷൻ പ്രസിഡണ്ട് എന്നീ തലങ്ങളിലും പ്രവർത്തിക്കുന്നു. ഓറിയന്റൽ കാനോണ്‍ നിയമങ്ങളിൽ ഇന്ത്യയിൽ ഏറ്റവും പ്രഗത്ഭനായ താഴത്ത് പിതാവ് കാനോണ്‍ നിയമങ്ങളെ സംബന്ധിച്ചു സ്വന്തമായി നിരവധി ബുക്കുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റോമിൽ നടക്കുന്ന വേൾഡ് കാത്തലിക്ക് ബിഷപ്പ്സ് സിനഡിൽ പാലാ രൂപതയുടെ അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലരങ്ങാട്ടിനോടോപ്പം, KCBC മുൻ പ്രസിഡണ്ട് കൂടിയായിരുന്ന ആൻഡ്രൂസ് താഴത്ത് പിതാവും സീറോ മലബാർ സഭയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്നുണ്ട്.    

ജൂലൈ 17 നു വെള്ളിയാഴ്ച താഴത്ത് പിതാവ്  ലണ്ടനിലെ ഈസ്റ്റ്‌ഹാമിൽ ദിവ്യബലി അർപ്പിച്ചു സന്ദേശം നൽകുന്നതായിരിക്കും. ജൂലൈ 18 നു ശനിയാഴ്ച ഈസ്റ്റ്‌ ആംഗ്ലിയായിലെ നോർവിച്ച് ഹോളി അപ്പൊസ്റ്റലസ് ദേവാലയത്തിൽ വൈകുന്നേരം 5:00 മണിക്ക് നടത്തപ്പെടുന്ന വി.അൽഫോൻസാമ്മയുടെ പെരുന്നാളിൽ മുഖ്യ കാർമ്മികത്വം വഹിച്ച് സന്ദേശം നൽകുന്നതാണ്. ജൂലൈ 19നു ഞായറാഴ്ച സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ ആഘോഷമായ വാത്സിങ്ങം തീർഥാടനത്തിലെ തിരുക്കർമ്മങ്ങളിൽ പിതാവ് കാർമ്മികത്വം വഹിക്കുന്നതാണ്. 

ജൂലൈ 22 നു ഈസ്റ്റ്‌ ആംഗ്ലിയായിലെ തന്നെ ഇപ്സ്‌വിച്ച് സെന്റ്‌ മേരീസ് ദേവാലയത്തിൽ ആൻഡ്രൂസ് പിതാവ് വൈകുന്നേരം 6:00 മണിക്ക് വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നതായിരിക്കും. ഏതാനും സ്വകാര്യ സന്ദർശനങ്ങളും, ഔദ്യൊഗിക മീറ്റിങ്ങുകളും താഴത്ത് പിതാവിന്റെ യുകെ പരിപാടികളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

 

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ യുകെ സന്ദർശനം പ്രവാസി സീറോ മലബാർ വിശ്വാസികൾക്ക് കൂടുതൽ ഊർജ്ജവും, കരുത്തും പ്രദാനം ചെയ്യുവാനും, പ്രവാസി സീറോ മലബാർ സഭക്ക് ഉത്തേജനവും ഉണർവ്വും പകർന്നു നൽകുവാനും ഉപകരിക്കും എന്ന് വിശ്വാസി സമൂഹം ഉറച്ചു പ്രതീക്ഷിക്കുന്നു. 





































 

 




കൂടുതല്‍വാര്‍ത്തകള്‍.