CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 55 Minutes 17 Seconds Ago
Breaking Now

ആദ്യ കൂട്ടായ്മ ആഘോഷമാക്കി കോലഞ്ചേരി സംഗമം

ആടിയും പാടിയും ആർത്തുല്ലസിച്ചും നിറപ്പകിട്ടാർന്ന പരിപാടികളോടെ ഒരുദിവസം മുഴുവൻ നീണ്ടുനിന്ന ആദ്യ കോലഞ്ചേരി സംഗമം യുകെയിലുള്ള കോലഞ്ചേരി നിവാസികൾക്ക്‌ അവരുടെ ഓർമ്മയുടെ മണിച്ചെപ്പിൽ സൂക്ഷിച്ചു വെക്കാൻ സാധിക്കുന്ന മണിമുത്താക്കി മാറ്റിക്കൊണ്ട്‌ സമാപിച്ചു. 

55a1fc75db6da.jpg

ബ്രിസ്റ്റൊളിലുള്ള കോലഞ്ചേരി സംഗമ നഗറിൽ എത്തിച്ചേർന്ന നൂറുകണക്കിന്‌ അംഗങ്ങളെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ എതിരേറ്റു.തുടർന്ന്‌ സംഘാടക സമിതിയുടെ നേതൃത്ത്വത്തിൽ ജിജോ പാലാട്ടി ഒരുക്കിയ വിഭവസമൃദ്ധമായ സദ്യ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്ധ്യകരമായി. ഉച്ചയ്ക്കു ശേഷം നടന്ന പൊതുസമ്മേളനം കോലഞ്ചേരിയുടെ പ്രിയപ്പെട്ട കൊച്ചു ഗായകൻ ബെൽഫാസ്റ്റിൽ നിന്നുള്ള കിരണ്‍ ഏലിയാസിന്റെ പ്രാർഥനാഗാനത്തോടെ ആരംഭിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ നെയ്സന്റ്‌ ജേക്കബ്ബ്‌ ചടങ്ങിന്‌ അദ്ധ്യക്ഷം വഹിച്ചു. രജിസ്റ്ററേഷൻ കമ്മിറ്റി കൺവീനർ തങ്കച്ചൻ എറേക്കാട്ടുകുഴി സ്വാഗതം ആശംസിച്ചു. അടുത്ത നാളുകളിൽ വേർപെട്ടുപോയ അംഗങ്ങളുടെ പ്രിയപ്പെട്ടവർക്ക്‌ യോഗം ആദരാഞ്ജലികളർപ്പിച്ചുകൊണ്ട്‌ ഒരുമിനിറ്റ്‌ മൗനം ആചരിച്ചു. തുടർന്ന്‌ അദ്ധ്യക്ഷൻ സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങളേക്കുറിച്ച്‌ സംസാരിച്ചു. ചടങ്ങിനെത്തിയവരിൽ മുതിർന്ന അംഗമായ ശ്രീ. പീറ്റർ മാപ്പനാലിൽ നിലവിളക്കു കൊളുത്തി സംഗമത്തിന്റെ ഔദ്യോഗികമായ ഉത്ഘാടനം നിർവ്വഹിച്ചു. വോളണ്ടിയർ കമ്മിറ്റി കൺവീനർ ബിജു പാപ്പാരിൽ, മുതിർന്ന അംഗങ്ങളായ ശ്രീ. സണ്ണി ആലയ്ക്കൽ, ശ്രീമതി. സിസിലി പോൾ തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു. യുകെയിലെ അറിയപ്പെടുന്ന ഗായകനായ കോലഞ്ചേരിയുടെ സ്വന്തം കൊച്ചു കലാകാരൻ മാസ്റ്റർ. കിരൺ ഏലിയാസിനെ സംഗമത്തിൽ പ്രത്യേകം ആദരിച്ചു. സംഘടനയുടെ ഉപഹാരം ശ്രീ. സണ്ണി ആലയ്ക്കൽ, കിരൺ ഏലിയാസിനു കൈമാറി.ഇതിനു ശേഷം സംഘടനാ ചർച്ചയും അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. അടുത്ത വർഷത്തെ സംഗമത്തെക്കുറിച്ച്‌ ആലോചിക്കാനായി പുതിയ ഭരണസമിതിയെ യോഗം ചുമതലപ്പെടുത്തി. തുടർന്ന്‌ കലാവിഭാഗം കൺവീനർ വർഗ്ഗീസ്‌ ജേക്കബ്ബ്‌ ചടങ്ങിനെത്തിയവർക്ക്‌ നന്ദിയും പറഞ്ഞു.

55a20274e8d3d.jpg

അതിനു ശേഷം നടന്ന കലാസന്ധ്യ പങ്കാളിത്തം കൊണ്ടും,ഗുണമേന്മകൊണ്ടും, അവതരണത്തിലെ മികവു കൊണ്ടും ഏറെശ്രദ്ധിക്കപ്പെട്ടു.വർഗ്ഗീസ് ജേക്കബ്ബ്, മാത്യു മത്തായി  എന്നിവർ അവതരിപ്പിച്ച സ്കിറ്റുകളും ഏറെ പ്രശംസിക്കപ്പെട്ടു. മാത്യു സക്കറിയ (ഷാജി),ഏലിയാസ്‌ & ബിജി വാളാമറ്റത്തിൽ, ഗ്രേസി ജേക്കബ്ബ്‌, റീജോ & ജീവ, മാത്യു കുര്യാക്കോസ്‌, ഷിജി ജോർജ്ജ്‌, പ്രദീപ്‌ ആഡ്രൂസ്‌, ബാബു & മെർളിൻ തുടങ്ങിയ അംഗങ്ങൾ ചേർന്ന്‌ ഒരുക്കിയ സ്വാദിഷ്ടമായ തട്ടുകടയും പുതിയ അനുഭവമായി. ജോർജ്ജ് കുര്യാക്കോസിന്റെ നേതൃത്ത്വത്തിൽ യുകെയിലെ അറിയപ്പെടുന്ന പ്രശസ്ത കലാകാരന്മാർ അണിനിരന്ന സ്വിണ്ടൻ സ്റ്റാർസിന്റെ ഗാനമേളയും കാണികളുടെ മനം കുളിർപ്പിച്ചു.ഗാനമേള ടീമിലെ കൊച്ചു കലാകാരികളായ കൃപാ ജോർജ്ജ്, ഡോണ എന്നിവർ കാണികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചു  പറ്റി. ഏകദേശം 8 മണിയോടെ ബ്രിസ്റ്റോളിൽ നിന്ന് അടുത്ത വർഷം വീണ്ടും കാണാമെന്ന് പറഞ്ഞ് പിരിയുമ്പോൾ കുറേക്കാലത്തേക്കേങ്കിലും ആദ്യ സംഗമത്തിന്റെ ഓർമ്മകൾ മനസ്സിൽ നിറമുള്ള ചിത്രങ്ങളായി നിലനില്ക്കുമെന്നത് സംഘാടകരുടെ മികവിനുള്ള അംഗീകാരമായി. 




കൂടുതല്‍വാര്‍ത്തകള്‍.