CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 36 Seconds Ago
Breaking Now

വാല്‍ത്സിങ്ങാം തീർത്ഥാടനം ഞായറാഴ്ച; വിതരണത്തിനുള്ള പുസ്തകങ്ങളും, വിശാലമായ പാർക്കിങ്ങും തയ്യാറായി.

വാല്‍ത്സിങ്ങാം: സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ ആഘോഷമായ  വാല്‍ത്സിങ്ങാം മരിയന്‍ പുണ്യ തീര്‍ത്ഥാടനത്തിനു ഇത്തവണ യു കെ യിലെ സമസ്ത മേഖലകളിലും നിന്നായി ആയിരങ്ങൾ ഒഴുകിയെത്തും. മദ്ധ്യസ്ഥ പ്രാർത്ഥനയും ഒരുക്കങ്ങളും ആയി ഈ മരിയോത്സവത്തിന്റെ അനുഗ്രഹ വിജയത്തിനായും, തീർത്താടകരായ പതിനായിരത്തിലധികം മരിയ ഭക്തർക്ക് അനുഭവവേദ്യമാകുവാനും,സൗകര്യ പ്രദമായ ആത്മീയ സന്നിധേയം ഒരുക്കുവാനുമായി ഈ വർഷത്തെ പ്രസുദേന്ധിമാരായ ഹണ്ടിംങ്ഡൻ സീറോ മലബാർ കമ്മ്യുനിട്ടിയുടെ  നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ചെയ്തുവന്ന ഒരുക്കങ്ങൾ, തീർത്ഥാടനത്തിന്റെ ആരംഭകനും, ഈസ്റ്റ് ആന്ഗ്ലിയായിലെ ചാപ്ലിനുമായ ഫാ. മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേൽ, ഈസ്റ്റ്‌ ആംഗ്ലിയ സീറോ മലബാർ ചാപ്ലിന്മാരായ ഫാ.ഫിലിപ്പ്പന്തമാക്കൽ ,ഫാ.ടെറിൻ മുള്ളക്കര എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന സംഘാടക സമിതി  യോഗം വിജകരമായി പൂർത്തീകരിച്ചതായി വിലയിരുത്തി.  

തീർത്ഥാടകർക്ക് വേണ്ടി കൂടുതൽ  വിസ്തൃതവുമായ പാർക്കിംഗ് സൗകര്യം തയ്യാറായി കഴിഞ്ഞു. മാതൃ ഭക്തർക്ക് സൌജന്യമായി വിതരണം ചെയ്യുവാനുള്ള മരിയൻ ഭക്തി ഗീതങ്ങളും,പ്രാർത്ഥനകളും,വാല്‍ത്സിങ്ങാം ചരിത്രവും അടങ്ങുന്ന പുസ്തകങ്ങൾ നാട്ടിൽ നിന്നും എത്തിച്ചേർന്നിട്ടുണ്ട്. സഫോക്ക് ട്രാഫിക് പോലീസും, സുരക്ഷ ഉദ്യോഗസ്ഥരും കൂടാതെ ഹണ്ടിംങ്ഡൻ കമ്മ്യുനിട്ടിയുടെ 50 ഓളം വോളണ്ടിയേഴ്സും തീർത്ഥാടകരുടെ സൌകര്യാർഥം അവിടെ ഉണ്ടാവും. തീർത്ഥാടകർക്ക് ഉച്ചക്കുള്ള സ്വാദിഷ്ടമായ ചൂടൻ കേരള വിഭവങ്ങൾ മിതമായ നിരക്കിൽ ലഭിക്കുവാനുള്ള ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്.   

തീർത്ഥാടനത്തിൽ ആത്മീയ ശോഭ പകരുവാനും, തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകുവാനുമായി എത്തിച്ചേരുന്ന തീർത്ഥാടന മുഖ്യാതിതിയും,തക്കല രൂപതയുടെ അദ്ധ്യക്ഷനുമായ മാർ ജോർജ്ജ് രാജേന്ദ്രൻ, സീ.ബി.സി.ഐ വൈസ് പ്രസിഡണ്ടും, തൃശ്ശൂര് അതിരൂപതയുടെ ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്,ആതിഥേയ രൂപതയായ ഈസ്റ്റ്‌ ആംഗ്ലിയായുടെ അദ്ധ്യക്ഷനും, യു കെ യില്‍ മൈഗ്രന്റ്‌സിന്റെ ചുമതലയുമുള്ള ബിഷപ്പ് അലന്‍ ഹോപ്പ്‌സ്, യു കെ യിൽ സീറോ മലബാർ സഭയുടെ  ആരാദ്ധ്യനായ കോർഡിനേട്ടർ റവ.ഡോ. തോമസ്‌ പാറയടിയിൽ അച്ചൻ, തുടങ്ങിയവർക്ക് ആമുഖ വേദിയായ അനൗൻസിയെഷൻ ചാപ്പലിന്റെ കവാടത്തിൽ വെച്ചു ഊഷ്മള വരവേൽപ്പ്‌ നൽകും.

യുറോപ്പിലെ ഏറ്റവും പുരാതന  മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍ത്സിങ്ങാമിലെ, സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന  ഒമ്പതാമത്  മരിയന്‍ പുണ്യ പ്രഘോഷണ വേദിയിൽ അനുഗ്രഹങ്ങളുടെ പെരുമഴ വർഷവും, സാന്ത്വനവും,മാനസ്സിക നിർവ്രുതിയും, സന്തോഷവും ലഭ്യമാവും എന്നാണു മുൻ വര്ഷങ്ങളിലെ അനുഭവങ്ങളിൽ നിന്നും  മാതൃ ഭക്തർ ഉറച്ചു വിശ്വസിക്കുന്നത്. തീക്ഷ്ണ മരിയ ഭയ ഭക്തി നിറവിൽ  അനേകായിരങ്ങള്‍  നഗ്‌ന പാദരായിട്ട് പുണ്യ യാത്ര ചെയ്ത അതെ പാതയിലൂടെ  തന്നെയാണ് സീറോ മലബാര്‍ തീര്‍ത്ഥാടനവും നീങ്ങുക.

ജൂലൈ 19 നു ഞായറാഴ്ച ഉച്ചക്ക് 12:00 മണിക്ക് വാല്‍ത്സിങ്ങാമിലെ ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍(എൻആർ22 6 ഡിബി) നിന്നും ഈസ്റ്റ് ആംഗ്ലിയായുടെ ബിഷപ്പ് അലന്‍ ഹോപ്പ്‌സ് തുടക്കം കുറിക്കുന്ന  സ്ലിപ്പര്‍ ചാപ്പലിലേക്കുള്ള (എൻആർ22 6 എഎൽ) തീര്‍ത്ഥാടനം ആമുഖ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമർപ്പിച്ചുകൊണ്ട് വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും,വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ മരിയ ഭക്തര്‍ തീര്‍ത്ഥാടനം നടത്തും.

തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം (13:15) സന്ദേശം, കുട്ടികളെ അടിമ വെക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഉച്ച കഴിഞ്ഞു 2:45 നു ആഘോഷമായ തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍ താഴത്ത് പിതാവും, ജോർജ്ജ് പിതാവും മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ. തോമസ്‌ പാറയടിയിൽ, ഫാ.മാത്യു ജോർജ്ജ്,ഫാ.ടെറിൻ, ഫാ.ഫിലിപ്പ്പന്തമാക്കൽ കൂടാതെ യു കെ യുടെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന സീറോ മലബാര്‍ വൈദികര്‍ സഹ കാര്‍മ്മികരായി തിരുന്നാൾ സമൂഹ ബലിയിൽ പങ്കു ചേരും. 

പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയിൽ അനുഗ്രഹങ്ങളും, ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാൻ ഏവരെയും തീർത്ഥാടനത്തിലേക്ക് സസ്നേഹം ക്ഷണിക്കുകയും, മരിയൻ അനുഭവം ലഭിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നതായി ആതിതെയരായ ഹണ്ടിംങ്ഡൻ സീറോ മലബാർ കമ്മ്യുനിട്ടിക്കുവേണ്ടി  കണ്‍വീനർ ജെനി ജോസ്, ലീഡോ ജോർജ്ജ്,ജീജോ ജോർജ്ജ്  അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജെനി ജോസ് - 07828032662, ലീഡോ ജോർജ് - 07838872223 

ജീജോ  ജോർജ് - 07869126064 

അനൌണ്‍സിയേഷന്‍ ചാപ്പല്‍ (എൻആർ22 6 ഡിബി)  

സ്ലിപ്പര്‍ ചാപ്പല്‍ (എൻആർ22 6 എഎൽ)  


 

 




കൂടുതല്‍വാര്‍ത്തകള്‍.