CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 38 Seconds Ago
Breaking Now

പൌരസ്ത്യ കത്തോലിക്കാ സഭകളുടെ സംഗമവും, സീറോ മലബാർ സഭക്ക് അഭിമാന നിമിഷവും ലണ്ടൻ കത്തീഡ്രലിൽ ആഗസ്റ്റ് 1 നു.

വെസ്റ്റ്മിൻസ്റ്റർ അതിരൂപതാദ്ധ്യക്ഷനും,ഇംഗ്ലണ്ട് ആൻഡ്‌ വെയിൽസ് കത്തോലിക്ക മെത്രാൻ സമിതിയുടെ പ്രസിഡന്റുമായ അഭിവന്ദ്യ കർദ്ധിനാൽ വിൻസെന്റ് നിക്കോളസ് പ്രസിഡന്റായുള്ള സൊസൈറ്റി ഓഫ് സെന്റ്‌ ജോണ്‍സ് ക്രിസോസ്റ്റത്തിൻറെ ആഭിമുഖ്യത്തിൽ പൌരസ്ത്യ കത്തോലിക്കാ സഭകളുടെ ഒരു സംഗമം നടത്തപ്പെടുന്നു. 2015 ആഗസ്റ്റ് മാസം 1 നു ശനിയാഴ്ച രാവിലെ 10:00 മണിക്ക് ലണ്ടനിലുള്ള ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ കത്തീഡ്രൽ ദേവാലയത്തിൽ വെച്ചു നടത്തപ്പെടുന്നു. സീറോ മലബാർ സഭക്ക് പ്രാമുഖ്യം കൊടുത്ത് കൊണ്ട് ഇദംപ്രഥമമായി നടത്തപ്പെടുന്ന ആഘോഷത്തിൽ പ്രശസ്ത ഗവേഷകനും,സംഗീതഞ്ജനുമായ റവ.ഡോ.ജോസഫ് പാലക്കൽ (സി.എം.ഐ) ഇംഗ്ലീഷ് ഭാഷയിൽ ആഘോഷമായ പരിശുദ്ധ കുർബ്ബാന അർപ്പിക്കുന്നതും, സീറോ മലബാർ സഭയുടെയും മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ചരിത്രവും,പാരമ്പര്യവും പ്രതിപാതിക്കുന്ന ഏതാനും ഡോക്കുമെന്ററി ചിത്രങ്ങളുടെ പ്രദർശനവും, ഭാരത സഭയുടെ പൌരാണികത്വത്തെ സംബന്ധിച്ചു ഒരു ചിത്ര പ്രദർശനവും, റവ. ഡോ. പാലക്കലിന്റെ ഗവേഷണ പ്രബന്ധാവതരണവും, സംശയ നിവാരണ വേളയും   ഉണ്ടായിരിക്കുന്നതാണ്.

പ്രവാസികളിലെ പുതുതലമുറയെ നമ്മുടെ സഭാ പാരമ്പര്യത്തിൽ ഉറപ്പിച്ചു നിറുത്തുവാൻ സഹായകരമായി സീറോ മലബാർ സഭയുടെ പരിശുദ്ധ കുർബ്ബാനക്രമം ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നതിൽ റവ.ഡോ.പാലക്കൽ പ്രമുഖ പങ്കു വഹിച്ചിട്ടുണ്ട്‌. സീറോ മലബാർ സഭയുടെ പരിശുദ്ധ സൂനഹദോസ് അംഗീകരിച്ച ക്രമം കഴിഞ്ഞ വർഷം വാഷിങ്ങ്ടണിൽ സീറോ മലബാർ സഭയുടെ പരമാദ്ധ്യക്ഷൻ മേജർ ആർച്ചു ബിഷപ്പ് കർദ്ധിനാൽ ജോർജ്ജ് ആലഞ്ചേരി പിതാവും, വാഷിങ്ങ്ടനിലെ കർദ്ധിനാൽ വ്യുറലും, സീറോ മലബാർ സഭയുടെ ചിക്കാഗോ രൂപതയുടെ അദ്ധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് സംയുക്തമായി ആഘോഷപൂർവ്വം അർപ്പിക്കുകയുണ്ടായി.

സൊസൈറ്റി ഓഫ് സെന്റ്‌ ജോണ്‍ ക്രിസോസ്റ്റോം പാശ്ചാത്യ- പൌരസ്ത്യ സഭകളെ പരസ്പരം കോർത്തിണക്കാനുള്ള ഒരു സംഘടനയാണ്. സീറോ മലബാർ സഭയെ പാശ്ചാത്യ സഭകൾക്ക് മനസ്സിലാക്കിക്കൊടുക്കുവാനും, പാശ്ചാത്യ-പൌരസ്ത്യ സഭകളുടെ സംയുക്തമായ പ്രവർത്തനങ്ങൾക്കും, വളർച്ചക്കും വേണ്ടി പ്രവർത്തിക്കുന്ന ഈ സംഘടന ഇതാദ്യമാണ് സീറോ മലബാർ സഭയെ മുൻ നിറുത്തി ഇങ്ങിനെ ഒരാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

ചരിത്രത്തിൽ ഇദംപ്രഥമായിട്ടാണ് സീറോ മലബാർ സഭക്ക് ലണ്ടനിലെ ഒരു പ്രമുഖ കത്തീഡ്രൽ ദേവാലയത്തിൽ ആഘോഷമായ വിശുദ്ധ കുർബ്ബാന അർപ്പിക്കുവാൻ അവസരം ലഭിക്കുന്നത്. അത് പോലെ തന്നെ നമ്മുടെ കർത്താവിന്റെ ഭാഷയായ അരമായ ഭാഷയിലുള്ള നമ്മുടെ പഴയ കീർത്തനങ്ങളായ "പുഖ്ദാനകോൻ " " കന്തീശ ആലാഹാ" തുടങ്ങിയവ ഒരു ഇംഗ്ലീഷ് കത്തീഡ്രലിൽ ആലപിക്കപ്പെടുന്നത് ഇതാദ്യമായിരിക്കും. സീറോ മലബാർ സഭാംഗങ്ങൾക്കു വളരെ അഭിമാനം വിതറുന്ന ഈ ആഘോഷത്തിൽ പങ്കുചെന്നു സഭയെ അടുത്തറിയുവാനും, നമ്മുടെ വിശ്വാസ പാരമ്പര്യത്തെ മറ്റുള്ളവരെ അറിയിക്കുവാനും, എല്ലാ വിശ്വാസി സമൂഹങ്ങളെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.

റവ.ഡോ.ജോസഫ് ഓക്സ്ഫോർഡിൽ അന്തർദേശീയ സമ്മേളനത്തിൽ കൊണ്ഗ്രിഗെഷനൽ മ്യുസിക്കിനെ ആസ്പതമാക്കി പ്രഭാഷണം നടത്തുന്നും ഉണ്ട്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ £ 10.00 (സംഭാവന അടക്കം) നൽകി രെജിസ്റ്റർ ചെയ്യുവാനും അഭ്യർത്തിക്കുന്നു. സ്നാക്കും, ചായയും ലഭ്യമായിരിക്കും. പങ്കെടുക്കുന്നവർ ഉച്ച ഭക്ഷണ ടിഫിൻ മാത്രം കയ്യിൽ കരുതേണ്ടതാണ്. ദുരിതം അനുഭവിക്കുന്ന പൌരസ്ത്യ സഭകൾക്ക് ചെറിയ കൈത്താങ്ങാകുവാനും ഈ ആഘോഷത്തിലെ പങ്കാളിത്തം സഹായകമാവും.

ബുക്കിംഗ്: johnchrysostom@btinternet.com 

www.orientalelumen.org.uk

വേദിയുടെ വിലാസം:

ഉക്രേനിയൻ കാത്തലിക് കത്തീഡ്രൽ ഓഫ് ഹോളി ഫാമിലി, ഡ്യുക്ക് സ്ട്രീറ്റ്, WK1 5BQ, LONDON




കൂടുതല്‍വാര്‍ത്തകള്‍.