CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 24 Minutes 33 Seconds Ago
Breaking Now

പൌരസ്ത്യ കത്തോലിക്കാ സംഗമത്തിൽ സീറോ മലബാർ സഭയെ ഉദ്ഘോഷിച്ച റവ.ഡോ. പാലക്കൽ അഭിമാനമായി.

ലണ്ടൻ: വെസ്റ്റ്മിൻസ്റ്റർ അതിരൂപതാദ്ധ്യക്ഷൻ, അഭിവന്ദ്യ കർദിനാൾ വിൻസെന്റ് നിക്കോളസ് പ്രസിഡന്റായുള്ള സൊസൈറ്റി ഓഫ് സെന്റ്‌ ജോണ്‍സ് ക്രിസോസ്റ്റത്തിന്റെ  ആഭിമുഖ്യത്തിൽ ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്ക ഭദ്രാസന ദേവാലയത്തിൽ വെച്ച് നടത്തിയ പൌരസ്ത്യ കത്തോലിക്കാ സഭകളുടെ  സംഗമം പ്രൌഡഘംഭീരമായി. സീറോ മലബാർ സഭക്ക് പ്രാമുഖ്യം കൊടുത്ത് കൊണ്ട് യുകെയിൽ ഇദംപ്രഥമമായി നടത്തപ്പെട്ട ആഘോഷത്തിൽ പ്രശസ്ത ഗവേഷകനും, സംഗീതഞ്ജനുമായ റവ. ഡോ. ജോസഫ് പാലക്കൽ (സി.എം.ഐ) സീറോ മലബാർ സഭക്ക് അഭിമാനവും, പ്രവാസി പുതു തലമുറയെ സഭയോടൊപ്പം സമ്പന്നമായ പാരമ്പര്യം കാത്തു സൂക്ഷിച്ചു കൊണ്ട് ആവേശപൂർവ്വം കൂട്ടി നടത്തുവാൻ ഉതകുന്ന ആഘോഷമായ ഇംഗ്ലീഷ് പാട്ട് കുർബ്ബാനയെ പരിചയപ്പെടുത്തിക്കൊണ്ടും സംഗമത്തിന്റെ ഭാഗമായി നടത്തിയ സീറോ മലബാർ  ദിനാഘോഷം സഭാ പ്രഘോഷണോത്സവമാക്കി മാറ്റി. ആഘോഷമായ ഇംഗ്ലീഷ് പാട്ട് കുർബ്ബാന സീറോ മലബാർ സഭക്ക് വേണ്ടി തയ്യാറാക്കുന്നതിൽ പ്രമുഖ പങ്കു വഹിച്ച വ്യക്തി കൂടിയാണ് റവ. ഡോ. ജോസഫ് പാലക്കൽ. 

ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ ബിഷപ്പ് അഭിവന്ദ്യ മാർ ഹീബ്ലി ആമുഖമായി ഏവരെയും സ്വാഗതം ചെയ്യുകയും പിതാവും സീറോ മലബാർ സഭയുമായുള്ള അടുപ്പവും കേരള സന്ദർശനവും, സിനഡിൽ പങ്കെടുത്തുമുള്ള ബന്ധം വരെ വികാര വായ്പ്പോടെയാണ് പിതാവ് സംസാരിച്ചത്. തുടർന്ന് ഇംഗ്ലീഷ് ഭാഷയിൽ ആഘോഷമായ പരിശുദ്ധ കുർബാന ഫാ.ജോസഫ് പാലക്കലിന്റെ മുഖ്യ കാർമ്മീകത്വത്തിൽ നടത്തപ്പെട്ടു. ആരാധനാക്രമ പണ്ഡിതനും, ധ്യാന ഗുരുവും, ഷ്രൂസ്ബറി രൂപതാ സീറോ മലബാർ ചാപ്ലിനുമായ റവ. ഡോ. ലോനപ്പൻ അരങ്ങാശേരി, വെംബ്ലി പാരീഷ് അസിസ്റ്റന്റ് ഫാ. ജോസഫ് കടുത്താനം സി.എം.ഐ എന്നിവരോടൊപ്പം റവ. ഫാ. മാർക്ക് വുഡ്റഫ്, ബിഷപ്പ് മാർ ഹ്ലീബ് എന്നിവരും സഹകാർമ്മീകരായി കുർബാനയിൽ പങ്കു ചേർന്നു.  

55c0587ba66af.jpg

ധാരാളം ഐക്കണുകൾക്കൊണ്ട് അലങ്കരിക്കപ്പെട്ട മനോഹരമായ ഭദ്രാസന ദേവാലയത്തിൽ 'പുദ്കാനകോൻ' എന്ന പുരാതന സുറിയാനി ഗീതം ആലപിച്ചു കൊണ്ടാണ് ആഘോഷമായ ഇംഗ്ലീഷ് കുർബ്ബാന ആരംഭിച്ചത്. ത്രീയേക ദൈവത്തെ പുകഴ്ത്തുന്ന 'കന്തീശാ ആലാഹാ' എന്ന സുറിയാനി ഗീതവും ആലപിക്കപ്പെട്ടു.

ഉക്രേനിയൻ ഗ്രീക്ക് സഭാ പാരമ്പര്യത്തിൽ കർട്ടനുകൾക്ക് പകരം ഐക്കണുകൾ കൊണ്ടലങ്കരിച്ച ഐക്കണോസ്റ്റാസിസ് പരിശുദ്ധ മദ്ബഹായെ ഹൈക്കലായിൽ നിന്നും വേർതിരിച്ചിരിക്കുന്നു. ഉദ്ധാന ഗീതം പാടി ധൂപം അർപ്പിച്ചു കൊണ്ട് ഫാ. ലോനപ്പൻ അരങ്ങാശേരി ഐക്കണോസ്റ്റാസിസ് തുറന്ന് പരിശുദ്ധ മദ്ബഹായിലേക്ക് പ്രവേശിച്ചത്‌ സ്വർഗ്ഗ വാതിൽ തുറന്ന അനുഭവമാണ് ഏവരിലും ഉളവാക്കിയത്. പരിശുദ്ധ മദ്ബഹായിൽ സക്രാരിയോടൊപ്പം പരിശുദ്ധ മാർത്തോമാ സ്ലീവയും, വിശുദ്ധ ഗ്രന്ഥവും പ്രതിഷ്ടിച്ചിരുന്നു. സുവിശേഷ ഗ്രന്ഥവും, സ്ലീവയും വഹിച്ചു കൊണ്ട് നടത്തിയ പ്രദക്ഷിണവും, പരിശുദ്ധ മദ്ബഹായിൽ സീറോമലബാർ വൈദികരോടൊപ്പം ഉക്രേനിയൻ ഗ്രീക്ക് പുരോഹിതന്മാരും ചേർന്ന് ആഘോഷിച്ച അനാഫൊറയും സ്വർഗ്ഗീയ അനുഭൂതിയാണ് ഉളവാക്കിയത്.  

55c0592344b3c.jpg

പരിശുദ്ധ കുർബ്ബാനക്കും, ലഘു ഭക്ഷണത്തിനും ശേഷം നടത്തിയ സെമിനാറിൽ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ചരിത്രത്തെ അവലംബിച്ച് "കേരളം,ദക്ഷിണേഷ്യയിലെ ക്രൈസ്തവ സഭയുടെ പിള്ളത്തൊട്ടിൽ"എന്ന ഹൃസ്യ ചിത്രവും തുടർന്ന് 'കേരള സഭയുടെ സുറിയാനി പാരമ്പര്യത്തെയും അതിന്റെ പുനരുദ്ധാരണത്തേയും' സംബന്ധിച്ചുള്ള ചിത്രവും പ്രദർശിപ്പിക്കപ്പെട്ടു.

തുടർന്ന് നടന്ന ചർച്ചയെ റവ. ഡോ. ജോസഫ് പാലക്കലും, റവ. ഡോ. ലോനപ്പൻ അരങ്ങാശേരിയും ചേർന്ന് ഒരു വൈജ്ഞാനിക പഠന ചർച്ചയാക്കി മാറ്റി.സെമിനാറിൽ പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷവും തദ്ദേശീയരായ ഇംഗ്ലീഷ് കത്തോലിക്കരും മറ്റു സഭാ അംഗങ്ങളുമായതിനാൽ സദസ്സിൽ നിന്നും ധാരാളം ചോദ്യങ്ങളും, സംശയങ്ങളും ഉയർന്നു വന്നു. തുടർന്ന് നടന്ന സീറോ മലബാർ സഭയുടെ പൗരാണികത്വത്തെ വിളിച്ചോതുന്ന പോസ്റ്റർ പ്രദർശനവും ഏവരുടെയും ശ്രദ്ധ ആകർഷിച്ചു.

ഈ കാലഘട്ടത്തിൽ യുദ്ധത്താലും, മതസ്പർദ്ധയാലും പീഡിപ്പിക്കപ്പെടുന്ന പൌരസ്ത്യ സഭകളെപ്പറ്റി ജോണ്‍ ന്യുട്ടണ്‍ അവതരിപ്പിച്ച പോസ്റ്ററുകളും, പ്രബന്ധവും പ്രത്യേകം ശ്രദ്ധേയവും, വികാരപരവുമായി. തുടർന്ന് നടന്ന ഉക്രേനിയൻ സഭയുടെ സായാഹ്ന പ്രാർത്ഥനയോടെ അവിസ്മരണീയമായ ആഘോഷം സമാപിച്ചു.

ആഘോഷമായ ഇംഗ്ലീഷ് പാട്ട് കുർബ്ബാനക്കായി ചുരുങ്ങിയ ദിവസങ്ങളിലെ പരിശീലനത്തിൽ നിന്നും ഗാന ശുശ്രുഷ ഏറ്റം മനോഹരവും അനുഭവവുമാക്കി മാറ്റിയ ഡോ. ജേക്കബും ടീമും, മികച്ച കോർഡിനേഷൻ കൊണ്ട് ആഘോഷം വിജയകരമാക്കിയ ഡോ. മാർട്ടിൻ തോമസ്‌ ആന്റണിയും പ്രത്യേകം അനുമോദനം ഏറ്റു വാങ്ങി.

സീറോ മലബാർ സഭയെ മറ്റുള്ളവർക്ക്  മനസ്സിലാക്കി കൊടുക്കുവാൻ ഉതകുന്ന അഭിമാനാർഹമായ ഇത്തരം ഒരു പരിപാടിക്ക് ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് ഇംഗ്ലണ്ട് വേദിയാവുന്നത്‌. ലിവർപ്പൂളിനടുത്ത് വാറിങ്ടനിലും, ലീഡ്സിലും കഴിഞ്ഞ ആഴ്ചയിൽ നടത്തിയ ആഘോഷങ്ങൾ പ്രവാസി നവതലമുറയെ ഹടാതാകർഷിച്ചിരുന്നു. മാഞ്ചസ്റ്ററിനടുത്തുള്ള ബോൾട്ടണിലും അടുത്ത ശനിയാഴ്ച റവ. ഡോ. ജോസഫ് പാലക്കൽ നയിക്കുന്ന സെമിനാറുണ്ടായിരിക്കുന്നതാണ്.  

 

റവ. ഡോ. ജോസഫ് പാലക്കൽ ഓക്സ്ഫോർഡിൽ നടത്തപ്പെടുന്ന അന്തർദേശീയ സമ്മേളനത്തിൽ കോണ്‍ഗ്രിഗേഷനൽ മ്യുസിക്കിനെ ആസ്പതമാക്കി പ്രഭാഷണം നടത്തുവാനാണ് മുഖ്യമായും ഇംഗ്ലണ്ടിൽ എത്തിച്ചേർന്നിരിക്കുന്നത്. സുറിയാനി ഗീതങ്ങളും ചേർത്ത് അർപ്പിക്കപ്പെട്ട ആഘോഷമായ പരിശുദ്ധ കുർബാന നമ്മുടെ ആരാധനാക്രമത്തിലും വിശ്വാസികളുടെ തലത്തിൽ മാറ്റത്തിന് പ്രചോദനം ആയി മാറട്ടെ. 




കൂടുതല്‍വാര്‍ത്തകള്‍.