CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 10 Minutes 21 Seconds Ago
Breaking Now

കാര്‍ഷികമേഖല തകര്‍ന്നിരിക്കുമ്പോള്‍ കോടികള്‍ ധൂര്‍ത്തടിച്ചുള്ള കര്‍ഷകദിനാചരണം പ്രഹസനം: ഇന്‍ഫാം

കാര്‍ഷികമേഖല വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്നടിയുമ്പോള്‍ കോടികള്‍ ധൂര്‍ത്തടിച്ച് സര്‍ക്കാര്‍ നടത്തുന്ന കര്‍ഷകദിനാചരണം പ്രഹസനമാണെന്നും കര്‍ഷകന്റെ പേരില്‍ സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതവസരമൊരുക്കുമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി. സി. സെബാസ്റ്റ്യന്‍.

2015 മാര്‍ച്ച് 13ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 300 കോടിയുടെ റബര്‍ കര്‍ഷക സഹായധന പദ്ധതി 5 മാസം കഴിഞ്ഞിട്ടും നടപ്പിലായിട്ടില്ല.  നടപ്പിലായാല്‍ തന്നെ എട്ട് ലക്ഷത്തോളം കര്‍ഷകര്‍ക്ക് 300 കോടി വീതം വെക്കുേമ്പോള്‍ ലഭിക്കുന്ന സബ്‌സിഡി തുച്ഛമായ തുകയാണ്.  കേരളത്തിലെ കര്‍ഷകരെ രക്ഷിക്കാനെന്ന പേരില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് 2014 നവംബര്‍ 6,7 തീയതികളില്‍ കൊച്ചിയില്‍ നടന്ന ഗ്ലോബല്‍ അഗ്രോമീറ്റ് ദയനീയ പരാജയമായിരുന്നു.  ഇതിന്റെ പേരില്‍ എന്തു നിക്ഷേപം കാര്‍ഷിക മേഖലയിലുണ്ടായി എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. നാളികേരം, കുരുമുളക്, ഏലം, ജാതിക്ക, ഇഞ്ചി ഉള്‍പ്പെടെ ഇതര കാര്‍ഷികോല്പന്നങ്ങള്‍ക്കുണ്ടായ വിലയിടിവ് കാര്‍ഷികമേഖലയില്‍ വന്‍ തകര്‍ച്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്.

1.5 ലക്ഷം കോടിയോളം പൊതുകടത്തിലായിരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍, വീണ്ടും കടം വാങ്ങി ജീവനക്കാര്‍ക്ക് ശമ്പളവര്‍ദ്ധനവും, ക്ഷാമബത്തയും, ബോണസും നല്‍കുവാന്‍ മത്സരിക്കുമ്പോള്‍ കര്‍ഷകരുള്‍പ്പെടെ 98 ശതമാനമുള്ള ഇതരജനവിഭാഗത്തെ മറന്നിരിക്കുന്നത് ദുഃഖകരവും കുറ്റകരമായ അനാസ്ഥയുമാണ്.  കെടുകാര്യസ്ഥതകൊണ്ട് കോടിക്കണക്കിന് രൂപയുടെ ബജറ്റ് വിഹിതം ലാപ്‌സാക്കിയിരിക്കുന്ന കൃഷിവകുപ്പ് കര്‍ഷകര്‍ക്ക് അപമാനമാണ്.   കര്‍ഷക രജിസ്‌ട്രേഷനുള്ള അവസരങ്ങള്‍ പോലും ഇപ്പോള്‍ കൃഷിവകുപ്പ് നിഷേധിച്ചിരിക്കുന്നത് മുഖ്യമന്ത്രി ഗൗരവമായിട്ടെടുക്കണം. ഭൂനികുതി വര്‍ദ്ധനവ് ഉള്‍പ്പെടെ കാര്‍ഷിക മേഖലയെ നിരന്തരം ദ്രോഹിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥ നടപടിക്കെതിരെ കര്‍ഷക പ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദ പീപ്പിള്‍ ചിങ്ങം ഒന്നിന് കര്‍ഷകദ്രോഹദിനമായി സംസ്ഥാനത്തുടനീളം പ്രതിഷേധിക്കുകയാണ്. ഇന്‍ഫാം ദേശീയ സമിതിയുടെ പിന്തുണ കര്‍ഷകദ്രോഹദിന പ്രതിഷേധങ്ങള്‍ക്ക് വി.സി.സെബാസ്റ്റ്യന്‍ പ്രഖ്യാപിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.