CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 7 Minutes 29 Seconds Ago
Breaking Now

യുകെ മലയാളികളുടെ സംഗീത സാക്ഷാത്കാരം യുക്മ സ്റ്റാർ സിങ്ങർ സീസണ്‍ -2 ആരംഭിക്കുന്നു

നിങ്ങൾ ഒരു ഗായകനോ ഗായികയോ ആണോ? മലയാളിയും യൂകെയിൽ താമസിക്കുന്നയാളുമാണോ? എങ്കിൽ നിങ്ങളുടെ സംഗീത അഭിരുചിയെ, നിങ്ങളുടെ പ്രതിഭയെ ലോകമലയാളികൾക്ക് മുന്നിലെത്തിക്കാൻ യുക്മയൊരുക്കുന്ന ഈ സംഗീതയാത്രയിൽ അണി ചേരൂ. സംഗീത ചക്രവാളത്തിലെ പുത്തൻ സൂര്യോദയങ്ങൾക്കായി ‘യുക്മ സ്റ്റാർ സിംഗർ സീസൺ -2‘ വുമായി ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്മ ഇതാ നിങ്ങൾക്ക് മുന്നിൽ എത്തുകയായി. കഴിഞ്ഞ വർഷത്തെ യുക്മാ സ്റ്റാർ സിംഗർ സീസൺ വണ്ണിന്റെ അഭൂതപൂർവ്വമായ വിജയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ട്, എന്നാൽ സ്റ്റാർ സിംഗർ സീസൺ വണ്ണിൽ നിന്നും തികച്ചും വ്യത്യസ്തമായിട്ടായിരിക്കും ഈ വർഷത്തെ മത്സരങ്ങൾ നടത്തപ്പെടുക.

55d69057d53c1.jpg

16 വയസ്സിന് മുകളിൽ പ്രായമുള്ള ഏതൊരു യൂകെ മലയാളിക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ആദ്യ ഒഡിഷനിൽ നിന്നും വിധി നിർണ്ണയം നടത്തി ഇരുപത് പേരെയാണ് പിന്നീടുള്ള മത്സരങ്ങൾക്ക് തിരഞ്ഞെടുക്കുക. നവംബർ മാസം 21ന് നടക്കുന്ന യുക്മാ നാഷണൽ കലോൽത്സവ വേദിയിലെ നിറഞ്ഞ സദസ്സിന് മുന്നിൽ ഈ ഇരുപത് മത്സരാർത്ഥികളെയും പരിചയപ്പെടുത്തുന്നതായിരിക്കും. പിന്നീട് യൂകെയിലെ നാലു നഗരങ്ങളിൽ വച്ച്  ലൈവ് ആയി സ്റ്റേജില്‍ വച്ചായിരിക്കും തുടക്കം മുതല്‍ എല്ലാ റൌണ്ടുകളിലും മത്സരങ്ങൾ നടത്തപ്പെടുക. ഈ മത്സരങ്ങള്‍ തത്സമയം ചിത്രീകരിക്കുകയും എല്ലാ ആഴ്ചകളിലും സംപ്രേഷണം ചെയ്യുന്നതായിരിക്കും. എല്ലാ സ്റ്റേജിലും രണ്ടു റൌണ്ടുകളിലായിട്ടായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക. മത്സരം പുരോഗമിക്കുന്നതനുസരിച്ച് എലിമിനേഷന്‍ ഉണ്ടായിരിക്കും. പ്രശസ്തരായ ഗായകരും, സംഗീതജ്ഞരും അടങ്ങുന്ന വിധികർത്താക്കൾ ആയിരിക്കും വിധി നിര്‍ണ്ണയം നടത്തുക. ഓരോ റൌണ്ടും ഏതൊക്കെ രീതികളിൽ വേണമെന്ന് വിദഗ്ദ്ധ സമിതി പിന്നീട് തീരുമാനിച്ച് അറിയിക്കുന്നതായിരിക്കും. 

55d690e646552.jpg

എല്ലാ റൌണ്ടുകളും പൂർത്തിയായതിനു ശേഷം ഫൈനലിൽ എത്തുന്ന മത്സരാർഥികൾ ഗ്രാൻഡ്‌ ഫിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെടും. യുകെയിലെ ഒരു പ്രധാനപ്പെട്ട വലിയ നഗരത്തിൽ വച്ച് നടത്തുന്ന ഗ്രാൻഡ്‌ ഫിനാലെയിൽ മലയാളത്തിലെ പ്രശസ്തരായ പിന്നണി ഗായകരും കോമഡി താരങ്ങളും നർത്തകരും പങ്കെടുക്കും. ഈ മെഗാ ഇവന്റിൽ സിനിമാ പിന്നണി ഗായകർ ആയിരിക്കും വിധികർത്താക്കളായി എത്തുക. ഫൈനലിൽ എത്തുന്ന മത്സരാർഥികൾ അവരുടെ മുൻപിൽ ആണ് സ്വന്തം കഴിവ് തെളിയിക്കേണ്ടത്. മത്സര വിജയികൾക്ക്  ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും നൽകുന്നതായിരിക്കും.

55d6914bbd7dc.jpg

കഴിഞ്ഞ വർഷം സീസൺ വണ്ണിലേക്ക് അദ്യ റൌണ്ടിലെ (ഒഡിഷൻ റൌണ്ട്)  മത്സരാർത്ഥികളിൽ നിന്നും വിദഗ്ദ്ധ സമിതി തിരഞ്ഞെടുത്ത 23 മത്സരാർത്ഥികളാണ് വിവിധ റൌണ്ടുകളിലായി ആറു മാസക്കാലം മത്സരങ്ങളിൽ ഉടനീളം നിറഞ്ഞു നിന്നത്. വിവിധ റൌണ്ടുകളിലെ അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പ്രശസ്ത കർണ്ണാടക സംഗീതജ്ഞനായ ശ്രീ. ടി.പി നിഷാന്ത് ആയിരുന്നു മത്സരങ്ങളുടെ വിധി നിർണ്ണയം നടത്തിയത്. മത്സരാർത്ഥികൾ  ഓൺലൈനിൽ പാടി, അത് വീഡിയോ റെക്കോർഡ് ചെയ്ത് അയച്ച് കൊടുക്കുകയും ആയത് പലവട്ടം കേട്ട്, സിംഗപ്പൂരിൽ ഇരുന്ന് വിധി നിർണ്ണയം നടത്തിയ ശേഷം ശ്രീ. ടി.പി നിഷാന്ത് സർ ഫൈനലിലെത്തിച്ച അഞ്ച് പേർ ലസ്റ്ററിൽ നടന്ന മെഗാ ഫൈനൽ മത്സരത്തിൽ മാറ്റുരച്ചപ്പോൾ ആയതിന്റെ വിധി നിർണ്ണയത്തിനെത്തിയത് ലോക മലയാളികളുടെ മാത്രമല്ല, തെന്നിന്ത്യയുടെ മൊത്തം അഭിമാനമായ, മലയാളത്തിന്റെ വാനമ്പാടിയായ ചിത്രചേച്ചിയും, സിനി ആർട്ടിസ്റ്റും ഗായകനുമായ ശ്രീ.നാദിർഷായുമായിരുന്നു. പ്രശസ്ത കൊമേഡിയനായ ശ്രീ. രമേഷ് പിഷാരടി അവതാരകനായെത്തിയ യുക്മാ സ്റ്റാർ സിംഗർ സീസൺ വണ്ണിന്റെ ഫൈനൽ മത്സരം വീക്ഷിക്കാൻ ലസ്റ്ററിലെ അഥീന തീയ്യറ്ററിലേക്കോടിയെത്തിയത് രണ്ടായിരത്തിലേറെ വരുന്ന മലയാളി സംഗീത പ്രേമികളായിരുന്നു.

കഴിഞ്ഞ വർഷത്തെ യുക്മയുടെ സ്റ്റാർ പ്രോഗ്രാമായി മാറിയ യുക്മാ സ്റ്റാർ സിംഗർ സീസൺ വൺ ഈ വർഷം കഴിഞ്ഞ വർഷത്തേക്കാൾ മികവുറ്റതാക്കുക എന്നതാണ് ഇതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവരുടെയും യുക്മയുടെയും ലക്ഷ്യം. യുക്മാ സാംസ്കാരികവേദിക്ക് വേണ്ടി കഴിഞ്ഞ വർഷം സ്റ്റാർ സിംഗർ പ്രോഗ്രാമിന്റെ പിന്നിൽ പ്രവർത്തിച്ച്ത് മികച്ച ഒരു ഗായകനും, സംഘാടകനുമായ ശ്രീ. ഹരീഷ് പാലയും, അദ്ദേഹത്തോടൊപ്പം ശ്രീ. കനേഷ്യസ് അത്തിപ്പൊഴിയും, ശ്രീ. ജോയ് ആഗസ്തിയുമായിരുന്നു. 

ഈ വർഷവും ഈ സംഗീതയാത്രയുടെ അമരക്കാരനായി എത്തുന്നത് ശ്രീ. ഹരീഷ് പാല തന്നെയായിരിക്കും. യുക്മാ സ്റ്റാർ സിംഗർ എന്ന ഈ ഓൺലൈൻ സംഗീത മത്സരം എന്ന ആശയം തന്നെ ശ്രീ. ഹരീഷ് പാലയുടെ മനസ്സിൽ ഉരുത്തിരിഞ്ഞതായിരുന്നു. അത് അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രവും ആയിരുന്നു. അദ്ദേഹത്തോടൊപ്പം ഈ ടീമിൽ ഈ വർഷം പുതുതായെത്തുന്നത് യൂകെ മലയാളികൾക്ക് മാത്രമല്ല, ഏതൊരു മലയാളിക്കും പരിചിതനും 332 മലയാള ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ സ്വന്തമായി രചിച്ച്, അവക്ക് സംഗീതം നൽകി മലയാളത്തിലെ പ്രമുഖരായ ഗായകരാൽ ആലാപനം നിർവ്വഹിച്ചിട്ടുള്ള അനുഗ്രഹീത കലാകാരനായ ശ്രീ. റോയ് കാഞ്ഞിരത്താനമാണ്.  യൂകെയിലെ ബെർമ്മിങ്ഹാമിൽ താമസിക്കുന്ന ശ്രീ. റോയി കാഞ്ഞിരത്താനത്തിന് പുറമെ  കൂടാതെ കഴിഞ്ഞ വർഷത്തെ യുക്മ സാംസ്കാരിക വേദി ജനറൽ കൺവീനറും, ഒരു  സംഘാടകനും, കലാകാരനുമായ ശ്രീ. ജോയ് ആഗസ്തിയും യുക്മാ സ്റ്റാർ സിംഗർ സീസൺ -2 ന്റെ വിജയത്തിനായി പണിപ്പുരയിലുണ്ടായിരിക്കും. ഇതിന് പുറമേ  കോ-ഓഡിനേറ്റര്‍ ശ്രീ.എബ്രഹാം ജോര്‍ജിന്റെ നേതൃത്വത്തില്‍ യുക്മ സാംസ്‌കാരിക വേദിയുടെ മുഴുവന്‍ അംഗങ്ങളും ഇതിന്റെ വിജയത്തിനായി അണിചേരും. 

മത്സരത്തിൽ പങ്കെടുക്കുന്നവർക്കായുള്ള നിർദ്ദേശങ്ങൾ.

യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 ന്റെ ഓഡീഷനില്‍ നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു ഗാനം പാടി റെക്കോർഡ്‌ ചെയ്ത് uukmastarsinger@gmail.com എന്ന മെയിലിലേക്ക് അയച്ചു തരിക. അതിൽ നിന്നുമാണ് മത്സരാർഥികളെ തെരഞ്ഞെടുക്കുന്നത്. ഇത്തവണ 16 വയസിനു മുകളിലുള്ളവരെയാണ് പരിഗണിക്കുന്നത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 1 ന്  16വയസ് തികഞ്ഞിരിക്കണം. 20 വയസില്‍ താഴെ പ്രായമുള്ളവര്‍ അപേക്ഷയോടൊപ്പം സ്വന്തം വയസു തെളിയിക്കുന്ന രേഖകള്‍ കൂടി സ്കാന്‍ ചെയ്ത് അയക്കേണ്ടതാണ്. 

ഗാനം റെക്കോര്‍ഡ്‌ ചെയ്ത് അയക്കേണ്ട വിധം 

നിങ്ങളുടെ വീട്ടിലുള്ള ഹെഡ് ഫോണും മൈക്കും ആണ് റെക്കോർഡ്‌ ചെയ്യാൻ ഉപയോഗിക്കേണ്ടത്. നിശ്ശബ്ദമായ അന്തരീക്ഷത്തില്‍ ആദ്യം സ്വന്തം കമ്പ്യൂട്ടറിലെ വോയിസ്‌ റിക്കോർഡർ ഓപ്പണ്‍ ചെയ്യുക.പിന്നീട് കരോക്കേ പ്ളേ ചെയ്ത് അത് ഹെഡ് ഫോണിലൂടെ ചെവിയില്‍ വച്ച് കേട്ടുകൊണ്ട് പാടുകയും അത് വോയിസ്‌ റിക്കോർഡറിൽ റെക്കോർഡ്‌ ചെയ്ത് സേവ് ചെയ്യുകയും ചെയ്യുക. നിങ്ങളുടെ വോയിസ്‌ മാത്രം റെക്കോര്‍ഡ്‌ ചെയ്ത് ലഭിക്കാനാണ് അങ്ങനെ ചെയ്യുന്നത്. നിങ്ങളുടെ കമ്പ്യൂട്ടറിൽ മറ്റെന്തെങ്കിലും വോയിസ്‌ റിക്കോർഡർ സോഫ്റ്റ്‌ വെയർ ഉണ്ടെങ്കിൽ അതും ഉപയോഗിക്കാവുന്നതാണ്. ഒന്നുമില്ലെങ്കിൽ പാട്ട് സ്വന്തം മൊബൈൽ ഫോണിൽ റെക്കോർഡ്‌ ചെയ്താലും മതി. എന്നാൽ പുറത്തു നിന്നുള്ള ഒരു ശബ്ദ ശല്യങ്ങളും ഉണ്ടാവാതെ പ്രത്യേകം ശ്രദ്ധിക്കണം. പിന്നീട് പാടിയ പാട്ടും കാരോക്കെയും വേറെ വേറെ mp3 ഫയലുകളായി അപേക്ഷ ഫോറത്തോടൊപ്പം uukmastarsinger@gmail.com എന്ന മെയിലിലേക്ക് അയക്കാൻ. എക്കോ, റിവര്‍ബ്, ഈക്വലൈസര്‍, മുതലായ എന്‍ഹാന്‍സ്മെന്റുകള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല.

"യുക്മ സ്റ്റാര്‍ സീസണ്‍ - 2" യു.കെ.മലയാളികളുടെ സംഗീത സങ്കല്‍പ്പങ്ങള്‍ക്ക് ചാരുത പകരട്ടെ എന്ന് യുക്മ പ്രസിഡന്റ് ശ്രീ.ഫ്രാന്‍സീസ് മാത്യു,ആശംസിച്ചു .യുകെയിലെ മുഴുവൻ മലയാളികളും സാംസ്‌കാരിക വേദിയുടെ സംരഭത്തിന്റെ വിജയത്തിനായി അണിനിരക്കണം എന്ന് ജനറല്‍ സെക്രട്ടറി ശ്രീ.സജീഷ് ടോം അഭ്യർഥിച്ചു. യുക്മ സാംസ്കാരിക വേദിയുടെഏറ്റവും വലിയ ഈ പരിപാടിയുടെ വിജയത്തിന് ചുക്കാൻ പിടിക്കാൻ വൈസ് ചെയര്‍മാന്‍ ശ്രീ.തമ്പി ജോസ്, ജനറല്‍ കണ്‍വീനര്‍മാരായ ശ്രീ.സീ.എ.ജോസഫ്‌, ശ്രീ.ജയപ്രകാശ്‌ പണിക്കര്‍ എന്നിവരോടൊപ്പം മുഴുവൻ സാംസ്‌കാരിക വേദി പ്രവർത്തകരും ഉണ്ടാവും എന്ന് അറിയിച്ചു  

മത്സരാർത്ഥികൾക്ക് ഈ മത്സരത്തെക്കുറിച്ച് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ മുകളിൽ പറഞ്ഞ മെയിലിലോ, ശ്രീ ഹരീഷ് പാലയെ 07578148446 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. 




കൂടുതല്‍വാര്‍ത്തകള്‍.