CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 25 Minutes 51 Seconds Ago
Breaking Now

ഈസ്റ്റ്‌ഹാമിൽ നടന്ന വായനാക്കളരിയിൽ അനിയൻ കുന്നത്തിന്റെ മഴമേഘങ്ങൾ ചർച്ച ചെയ്യപ്പെട്ടു

മലയാളി അസോസിയേഷൻ ഓഫ് ദി യുകെയുടെ സാഹിത്യ വിഭാഗമായ കട്ടൻ കാപ്പിയും കവിതയും ലണ്ടൻ മലയാള സാഹിത്യ വേദിയും സംയുക്തമായി സംഘടിപ്പിച്ച വായനാക്കളരിയിൽ യുകെയിലെ അറിയപ്പെടുന്ന സാഹിത്യകാരൻ അനിയൻ കുന്നത്ത് എഴുതിയ വെയിൽ പൂക്കുന്ന മഴമേഘങ്ങൾ എന്ന കവിതാസമാഹാരം ചർച്ച ചെയ്യപ്പെട്ടു. ഓഗസ്റ്റ്‌ 24 വൈകുന്നേരം 6 മണിക്ക് എംഎ യുകെ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രതികൂല കാലാവസ്ഥയെ അവഗണിച്ചു സാഹിത്യ പ്രേമികളായ നിരവധി പേർ എത്തിച്ചേർന്നിരുന്നു.  

പുസ്തക നിരൂപണങ്ങൾ പ്രഹസനമായി കൊണ്ടിരിക്കുന്ന ഈ കാലത്ത് വായനക്കാർ ഒത്തു ചേർന്ന് സംഘടിപ്പിക്കുന്ന ചർച്ചകൾ സാഹിത്യ കൃതികളെ ആഴത്തിൽ മനസിലാക്കുന്നതിനു പ്രയോജനപ്പെടുമ്മെന്ന്   ലണ്ടൻ മലയാള സാഹിത്യ വേദി കോ ഓർഡിനേറ്റർ റജി നന്തിക്കാട്ട് തന്റെ ആമുഖ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. തുടർന്ന് കട്ടൻ കാപ്പിയും കവിതയുടെയും സംഘാടകൻ പ്രിയവർദ്ധൻ അനിയൻ കുന്നത്തിന്റെ ഒരു കവിത ആലപിച്ചു പ്രണയത്തെയും പ്രകൃതിയെയും ഇഴ ചേർത്തെഴുതിയ അനിയന്റെ കവിതകൾക്ക് വിവിധ അർത്ഥ തലങ്ങൾ ഉണ്ടെന്നു അഭിപ്രായപ്പെട്ടു. പിന്നീട് പങ്കെടുത്തവർ എല്ലാം ഓരോ കവിതകൾ ആലപിച്ചു വിശകലനം ചെയ്തത് വളരെ രസകരവും സജീവവുമായിരുന്നു.   

നോവലിസ്റ്റ് ജിണ്‍സണ്‍ ഇരിട്ടി, സാഹിത്യകാരിയും സാമൂഹ്യ പ്രവർത്തകയുമായ സിസിലി ജോർജ് തുടങ്ങിയവർ അനിയന്റെ കവിതകളിലെ അർത്ഥ വ്യാപ്തിയെ കുറിച്ച് സംസാരിച്ചത് വളരെ ശ്രദ്ധയോടെയാണ് സദസ് ശ്രവിച്ചത്. കേരളത്തിൽ നിന്നും സന്ദർശനത്തിനെത്തിയ ഡോക്ടർ എഡ്വിൻ സാഹിത്യ രചനകള പ്രസിദ്ധീകരിച്ചതിനു ശേഷം വായനകാർക്ക് അവയെ വിവിധ തലങ്ങളിൽ നിരീക്ഷിക്കുന്നതിനുള്ള അവകാശമുണ്ടെന്ന് അഭിപ്രായപ്പെട്ടു. ചർച്ചകളിലെല്ലാം കവി അനിയൻ കുന്നത്ത് എഴുതിയ സാഹചര്യങ്ങളെ ആസ്പദമാക്കി സംസാരിച്ചത് വളരെ രസകരമായിരുന്നു.  

വായനക്കളരിയുടെ സംഘാടകനായ മുരളി മുകുന്ദൻ യുകെയിലെ സാഹിത്യകാരന്മാരുടെ കൃതികൾ ഇത് പോലെയുള്ള ചർച്ചകളിൽ കൂടി വായനക്കാരിൽ കൂടുതൽ എത്തുന്നതിനും സാഹിത്യകാരന്മാരെ മുഖ്യധാരയിലെത്തിക്കുന്നതിനും കാരണമാകുമെന്ന് അഭിപ്രായപ്പെട്ടു. യോഗത്തിന്റെ അവസാനം പ്രമുഖ ചിത്രകാരനായ ജോസ് ആന്റണി വളരെ ആധികാരികമായി അനിയൻ കുന്നത്തിന്റെ കവിതകളെ അപഗ്രഥിച്ചു നടത്തിയ പ്രഭാഷണം യോഗത്തിൽ പങ്കെടുത്തവർക്ക് സാഹിത്യത്തിന്റെ വിവിധ തലങ്ങളെ കുറിച്ച് മനസിലാകുന്നതിനു കാരണമായി.

യോഗം അവസാനിച്ചതിന് ശേഷവും സദസ് പല ഗ്രൂപ്പുകളായി തിരിഞ്ഞു ചർച്ചകൾ നടത്തിയും വക്കം ജി സുരേഷ്കുമാർ ആലപിച്ച ഗാനങ്ങൾ കേട്ട് പിരിയുമ്പോഴേക്കും രാവേറെ ചെന്നിരുന്നു.  




കൂടുതല്‍വാര്‍ത്തകള്‍.