CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 56 Minutes 32 Seconds Ago
Breaking Now

ഇൻഫാം "ജൈവഭാരതം നവഭാരതം" പദ്ധതി; പഴമയെ ഉള്‍ക്കൊണ്ട് പുത്തന്‍ കാര്‍ഷികസംസ്കാരം രൂപപ്പെടുത്തണം: മാര്‍ മാത്യു അറയ്ക്കല്‍

മനുഷ്യനെ മാരകമായ രോഗങ്ങളിലെത്തിച്ച് ജീവന് വെല്ലുവിളിയുയര്‍ത്തി മരണത്തിലേയ്ക്ക് തള്ളിവിടുന്ന വിഷവും മായവും കലര്‍ന്ന ഭക്ഷണസംസ്കാരത്തിന് അറുതിവരുത്തുവാന്‍ പഴമയിലേയ്ക്ക് മടങ്ങിപ്പോയി ആധുനിക കാലഘട്ടത്തിന്റെയും ആഗോള സംവിധാനങ്ങളുടെയും പിന്‍ബലത്തോടെ പുത്തന്‍ കാര്‍ഷികസംസ്കാരം രൂപപ്പെടുത്തുവാന്‍ കര്‍ഷകസമൂഹം മുന്നോട്ടുവരണമെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കല്‍ ആഹ്വാനം ചെയ്തു. കൊച്ചി പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ ചേര്‍ന്ന ഇന്‍ഫാം ദേശീയ സമിതിയുടെയും റീജണല്‍ ഡയറക്ടര്‍മാരുടെയും സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍. 

ഇന്‍ഫാമിന്റെ പ്രവര്‍ത്തകര്‍ ജൈവകൃഷിയുടെ പ്രചാരകരാകണം. ജൈവകാര്‍ഷികോല്പന്നങ്ങളുടെ വിപണനശൃംഖലകള്‍ ശക്തിപ്പെടുത്തുവാനുള്ള കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കും. ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കര്‍ഷകപ്രസ്ഥാനങ്ങളുടെ കൂട്ടായ്മകള്‍ ശക്തിപ്പെടുത്തും. അതിരൂക്ഷമായ കാര്‍ഷിക പ്രതിസന്ധിയില്‍ വിറങ്ങലിച്ചുനില്‍ക്കാതെ ഏകവിളയില്‍നിന്നു ബഹുവിളയിലേയ്ക്കും ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്ന നൂതനമാര്‍ഗ്ഗങ്ങളിലേയ്ക്കും ആഗോളതലവിപണനങ്ങളിലേയ്ക്കും കേരളത്തിലെ കര്‍ഷകര്‍ ശ്രദ്ധതിരിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നുവെന്നും മാര്‍ അറയ്ക്കല്‍ സൂചിപ്പിച്ചു.

ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ.ജോസഫ് ഒറ്റപ്ളാക്കല്‍ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്ററ്യന്‍ വിഷയാവതരണവും ഇന്‍ഫാമിന്റെ തുടര്‍ പ്രവര്‍ത്തനപരിപാടികളും അവതരിപ്പിച്ചു. ജൈവഭാരതം നവ ഭാരതം പദ്ധതി ഇന്‍ഫാം ദേശീയ സമിതി പ്രഖ്യാപിച്ചു. ജൈവകൃഷിയെക്കുറിച്ചുള്ള ബോധവല്‍ക്കരണം പ്രോത്സാഹിപ്പിക്കല്‍, സംഭരണം, വിപണനം എന്നിവയും ഈ പദ്ധതിയില്‍ പെടുന്നു. കേരളത്തില്‍ ഇന്‍ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 31 റീജണുകളിലും ഡയറക്ടര്‍മാരെ നിയമിച്ചു. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി വിവിധ റീജണുകളില്‍ കര്‍ഷകസമ്മേളനങ്ങള്‍ ചേരുന്നതാണ്. ജൈവഭാരതം നവഭാരതം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പ്രചരണ പരിപാടികളും ഒക്ടോബറില്‍ നടക്കും. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ആവിഷ്കരിച്ച് ഇതരസംസ്ഥാനങ്ങളില്‍ സജീവമായിട്ടുള്ള ഫാര്‍മേഴ്സ് പ്രൊഡ്യൂസിങ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കാനും ദേശീയസമിതി രൂപരേഖ തയ്യാറാക്കി. 

ഇന്‍ഫാം കര്‍ഷകസംരംഭങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ നേതൃത്വം നല്‍കുവാന്‍ ഫാ.ജോസ് മോനിപ്പള്ളിയെ ഡയറക്ടറായും ജോസ് എടപ്പാട്ടിനെ കണ്‍വീനറായും ദേശീയ സമിതി നിയമിച്ചു. ഇന്‍ഫാം ദേശീയ വൈസ്പ്രസിഡന്റ് കെ.മൈതീന്‍ ഹാജി, ജനറല്‍ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാല്‍, മാനേജിംഗ് ട്രസ്റ്റി ഡോ. എം. സി. ജോര്‍ജ്ജ്, റീജണല്‍ ഡയറക്ടര്‍മാരായ ഫാ.ബോവസ് മാത്യു തിരുവനന്തപുരം, ഫാ.മത്തായി മണ്ണപ്പറമ്പില്‍ തിരുവല്ല, ഫാ.ജോസഫ് കളരിക്കല്‍ ചങ്ങനാശേരി, ഫാ.തോമസ് മറ്റമുണ്ടയില്‍ കാഞ്ഞിരപ്പള്ളി, ഫാ.ജോസ് തറപ്പേല്‍ പാല, ഫാ.പോള്‍ ചെറുപിള്ളി എറണാകുളം, ഫാ.ജിമ്മി കല്ലിംഗക്കുടിയില്‍ തൃശൂര്‍, ജോണ്‍ പെരുവത്ത് മാവേലിക്കര, സംസ്ഥാന ഉപഭോക്തൃഫോറം മെമ്പര്‍ അഡ്വ.ജോസ് വിതയത്തില്‍, മാത്യു മാമ്പറ, ആഡ്വ.പി.എസ്.മൈക്കിള്‍, ജോസഫ് കരിയാങ്കല്‍, ബേബി പെരുമാലില്‍, ജെസ്ററിന്‍ ആന്റണി കോഴിക്കോട്, തോമസ് ജോണ്‍ തേവരത്ത് മാവേലിക്കര, ബിന്ദു അഗസ്റ്റിൻ തിരുവനന്തപുരം, ജെയിംസ് കോട്ടൂര്‍, ജോയി പപളളിവാതുക്കല്‍ എന്നിവര്‍ സംസാരിച്ചു. 

കൊച്ചി പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റെഷൻ സെന്ററിൽ 2015 സെപ്റ്റംബർ 14 നു ചേർന്ന ഇൻഫാം ദേശീയ സമിതി പ്രമേയങ്ങൾ: 

തീരദേശജനതയ്ക്ക് ഭീഷണിയുയര്‍ത്തി മത്സ്യമേഖലയെ പ്രതിസന്ധിയിലാക്കിയ ഡോ.മീനാ കുമാരി കമ്മറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തള്ളിക്കളയണം. പരമ്പരാഗത മത്സ്യമേഖലയെ തകര്‍ത്ത് വിദേശകുത്തകകള്‍ക്ക് മീന്‍പിടുത്താവകാശം നല്‍കുന്നതിനെ ഇന്‍ഫാം ശക്തമായി എതിര്‍ക്കുന്നു. തീരദേശ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തെ തടസപ്പെടുത്തുന്ന നടപടികള്‍ അനുവദിക്കില്ല. തീരദേശമേഖലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും സി.ആര്‍.ഇസഡ്. നിയമം ബാധകമാക്കാതിരിക്കുക. ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ വിദേശട്രോളിംഗ് നിരോധിക്കുക. മത്സ്യബന്ധനബോട്ടുകള്‍ക്ക് സബ്സിഡി വിലയില്‍ ഉപകരണങ്ങളും ഇന്ധനങ്ങളും നല്‍കുകയും പലിശ രഹിത വായ്പ അനുവദിക്കുകയും ചെയ്യണം. ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്ന് മത്സ്യകര്‍ഷകരെ രക്ഷിക്കുവാനുള്ള ക്രിയാത്മക ഇടപെടലുകള്‍ വേണം. വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ തീരദേശജനങ്ങളിലുണ്ടായിരിക്കുന്ന ആശങ്കകള്‍ പരിപൂര്‍ണ്ണമായി പരിഹരിക്കപ്പെടണം. തീരദേശജനങ്ങളുടെ ജീവിക്കുവാന്‍വേണ്ടിയുള്ള സമരപോരാട്ടങ്ങള്‍ക്ക് ഇന്‍ഫാം ദേശീയ സമിതി പിന്തുണപ്രഖ്യാപിച്ചു.

നെല്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ അതീവഗൂരുതരമായി തുടരുകയാണ്. ഒരു കിലോഗ്രാം നെല്ല് ഉല്പാദിപ്പിക്കുന്നതിന് ശരാശരി ചിലവ് 17~20 രൂപയാണ്. സംസ്ഥാനം സിവില്‍ സപൈ്ളസ് ഡിപ്പാര്‍ട്ട്മെന്റ് വഴി ഇപ്പോള്‍ നെല്ല് സംഭരിക്കുന്നത് ഒരു കിലോഗ്രാമിന് 19 രൂപ പ്രകാരമാണ്. ഇതില്‍ തന്നെ 13.60 രൂപ വിലയും 5.40 രൂപ ഗ്രാന്റുമാണ്. ഇത് തികച്ചും അപര്യാപ്തമാണ്. കിലോഗ്രാമിന് ചുരുങ്ങിയത് 30 രൂപയെങ്കിലും നല്‍ണമെന്ന് ദേശീയ സമിതി അഭ്യര്‍ത്ഥിച്ചു.

മലയോരമേഖലയിലെ പട്ടയവിതരണത്തിന് സര്‍ക്കാര്‍ സമയപരിധി നിശ്ചയിക്കണം. ഇപ്പോള്‍ നടത്തുന്ന പട്ടയമാമാങ്കങ്ങള്‍ക്കു പിന്നിലുള്ള രഹസ്യഅജണ്ടകള്‍ വളരെ വ്യക്തമാണ്. ഉപാധിരഹിത പട്ടയമെന്നുപറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് 16 ഉപാധികളോടുകൂടിയ പട്ടയങ്ങള്‍ നല്‍കിയിരിക്കുന്നത് വഞ്ചനാപരമാണ്. 

റബര്‍ ഇറക്കുമതിയുടെ അനിയന്ത്രിതമായ ഒഴുക്ക് തടയണം. കര്‍ഷകര്‍ ആത്മഹത്യയിലേയ്ക്ക് നീങ്ങിയിരിക്കുന്നത് ഗൗരവമായി കാണണം. മുന്‍വര്‍ഷങ്ങളില്‍ റബറിന് വില ഉയര്‍ന്നുനിന്നപ്പോള്‍ ഓരോ വര്‍ഷവും 700 കോടി രൂപ റബര്‍ കര്‍ഷകരില്‍ നിന്ന് വാറ്റ് ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാരിന് സെസ് ഇനത്തില്‍ 220 കോടി രൂപ വേറെയും ലഭിച്ചു. കേന്ദ്ര സര്‍ക്കാരില്‍ 1011.69 കോടി രൂപയോളം വിലസ്ഥിരതാ ഫണ്ടും ഉണ്ട്. ഈ വിലസ്ഥിരതാ ഫണ്ടില്‍ കര്‍ഷകരില്‍ നിന്നും പിരിച്ചെടുത്ത തുകയും ഉള്‍പ്പെടുന്നു. 1.53 കോടി രൂപ മാത്രമാണ് വിലസ്ഥിരതാഫണ്ടില്‍ നിന്ന് കര്‍ഷകര്‍ക്ക് ഇതിനോടകം നല്‍കിയിട്ടുള്ളതെന്ന് വാണിജ്യമന്ത്രി വെളിപ്പെടുത്തിയിട്ടുണ്ട്. വിലസ്ഥിരതാഫണ്ട് റബര്‍ പ്രതിസന്ധി കലഘട്ടത്തില്‍ ഫലപ്രദമായി കര്‍ഷകന് നല്‍കി സഹായിക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ നിഷേധനിലപാടുകള്‍ കര്‍ഷകവഞ്ചനയാണ്. ഇറക്കുമതി നിയന്ത്രണവും റബര്‍ സംഭരണവുമാണ് സര്‍ക്കാരുകള്‍ നടത്തേണ്ടത്.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 300 കോടിയുടെ സഹായധന പദ്ധതി കൊട്ടിഘോഷങ്ങള്‍ക്കുശേഷം നിര്‍ജീവമായിരിക്കുന്നു. ഈ സഹായധന പദ്ധതിയില്‍ പങ്കാളികളാകാന്‍വേണ്ടി 2 ഹെക്ടറിന്റേതുള്‍പ്പെടെ വര്‍ദ്ധിപ്പിച്ച ഭൂനികുതി ജൂലൈ 4നു ശേഷം ഖജനാവിലേയ്ക്ക് അടച്ച കര്‍ഷകര്‍ക്ക് തിരികെ നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കു തുല്യമായ പെന്‍ഷന്‍ സമ്പ്രദായം നടപ്പിലാക്കണം. കാര്‍ഷിക മേഖലയില്‍ പലിശരഹിത വായ്പ അനുവദിക്കണം. ഭൂമിയുടെ ന്യായവിലയിലും ക്രയവിക്രയങ്ങളിലെ രജിസ്ട്രേഷന്‍ ഫീസിലുണ്ടായിരിക്കുന്ന അന്യായ വര്‍ദ്ധനവ് പിന്‍വലിക്കണം.

വന്യമൃഗങ്ങളുടെയും തെരുവുനായ്ക്കളുടെയും ആക്രമംമൂലം ഇതിനോടകം നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കാര്‍ഷിക ഇടങ്ങളില്‍ വന്യമൃഗങ്ങളുടെ കടന്നുകയറ്റം വന്‍കൃഷിനാശത്തിനിട നല്‍കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശാശ്വതപരിഹാരത്തിന് സംയുക്തനടപടികള്‍ സ്വീകരിക്കുക.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ 2014 മാര്‍ച്ച് 10ന് പുറപ്പെടുവിച്ച കരടുവിജ്ഞാപനം അസാധുവാകുകയും 4/09/2015 ല്‍ വീണ്ടുമിറക്കിയ കരടുവിജ്ഞാപനത്തില്‍ കേരളത്തിലെ 123 വില്ലേജുകളും പരിസ്ഥിതിലോലപ്രദേശമാകുമെന്നുള്ള സൂചനയുള്ളത് ആശങ്കയുളവാക്കുന്നതാണ്. ഇഎസ്എയില്‍ നിന്ന് ആരെയും കുടിയിറക്കുകയോ മാറ്റിപ്പാര്‍പ്പിക്കുകയോ ഇല്ലെന്നും, വീടുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനോ മോടിപിടിപ്പിക്കുന്നതിനോ വലുപ്പംകൂട്ടുന്നതിനോ തടസ്സമുണ്ടാവില്ലെന്നുമുള്ള പുതിയ കരടുവിജ്ഞാപനത്തിലെ 3~ാം വകുപ്പ് ഡി ഉപവകുപ്പിലെ സൂചനകള്‍ ജനവാസകേന്ദ്രങ്ങള്‍ പരിസ്ഥിതിലോല പ്രദേശങ്ങളാകുമെന്ന് ഉറപ്പാക്കിയിരിക്കുന്നു. വീടുകള്‍ പുതുക്കാമെന്ന് പറയുമ്പോള്‍ പുതിയ വീടുകള്‍ നിര്‍മ്മിക്കാനാവില്ലെന്ന് വ്യക്തമാണ്. വസ്തുവില്‍ക്കാമെന്നു പറയുമ്പോള്‍ പരിസ്ഥിതിലോലപ്രദേശത്ത് പണംമുടക്കി വസ്തു വാങ്ങുവാന്‍ ആരെങ്കിലും തയ്യാറാകുമോ? ഇഎസ്എ പ്രദേശത്ത് നിലവിലുള്ള ആശുപത്രികള്‍ തുടരാമെന്നു സൂചിപ്പിച്ചിരിക്കുമ്പോള്‍ ജനവാസകേന്ദ്രങ്ങള്‍ പരിസ്ഥിതിലോലപ്രദേശമാകുമെന്നതിന് മറ്റൊരു തെളിവിന്റെ ആവശ്യമില്ലന്നും തങ്ങളുടെ പ്രതിഷേധങ്ങളും പ്രതികരണങ്ങളും നിയമപരമായ 60 ദിവസത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുവാന്‍ പശ്ചിമഘട്ടജനത തയ്യാറാകണമെന്നും ഇന്‍ഫാം ദേശീയ സമിതി അഭ്യര്‍ത്ഥിച്ചു.

കൃഷിയെ പ്രോത്സാഹിപ്പിക്കാനെന്ന വ്യാജേന ചില സബിസിഡികള്‍ വല്ലപ്പോഴും പ്രഖ്യാപിക്കപ്പെടാറുണ്ട്. ഇതിന്റെ ഗുണം ഒരിക്കലും കര്‍ഷകര്‍ക്ക് ലഭിക്കാറില്ല. അതുകൊണ്ട് സബിസിഡികളേക്കാളുപരി എല്ലാ ഉല്പന്നങ്ങള്‍ക്കും വിലസ്ഥിരത ഉറപ്പാക്കുകയാണ് വേണ്ടത്. അതിന് ആവശ്യമായ ഫണ്ട് നീക്കിവെയ്ക്കുവാന്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന കാര്‍ഷിക ബജറ്റ് യാഥാര്‍ത്ഥ്യമാകണം.




കൂടുതല്‍വാര്‍ത്തകള്‍.