CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 25 Minutes 26 Seconds Ago
Breaking Now

സിമ്മി കുറ്റിക്കാട്ട് എന്ന അനുഗ്രഹീത കവയത്രിയുടെ "വിപ്ലവപ്പിറ്റേന്ന്" എന്ന കവിത

വിപ്ലവപ്പിറ്റേന്ന്

------------------

നിസ്സഹായതയുടെ

ആയുധപ്പുരയിലാണ്

അന്ന് രാത്രി സ്ഫോടനമുണ്ടായത് .

എടുത്തെറിയപ്പെട്ടവയ്ക്കും

ചിന്നിചിതറിയവയ്ക്കും

കറുപ്പായിരുന്നു നിറം.

 

അറവുശാലയിലെ

പൊടിമണ്ണിലും

പുകയാത്ത അടുപ്പുകളുള്ള

കൂരക്കുള്ളിലും

പടർന്നൊഴുകിയത്

ഒരേ നിറത്തിലുള്ളതെന്ന്

പത്രത്തിലെഴുതി വന്നിരുന്നു.


പാൽ മണം തിരയുന്ന

കുഞ്ഞിക്കണ്ണുകളെ നോക്കി

മാറ് പിളർത്തി കരയുന്നുണ്ട്

അടിവയറ്റിൽ പതിഞ്ഞ

ബൂട്ട്സിന്റെ ചുംബനവും

പേറ്റ് നോവിന്റെ പിടച്ചിലും

ഇനിയും മറക്കാത്ത

പെണ്ണൊരുത്തി..

കഫം തുപ്പി

കുന്തക്കാലിൽ ഇറയത്തിരുന്ന

ഒരുകാലൊടിഞ്ഞ കണ്ണാടിക്ക്

ജീവിത നാടകത്തിന്റെ

ഓരോ സീനുകളും എന്നേ,

മനപ്പാഠമായിരുന്നു.


തിരുത്തിക്കുറിക്കാനാവാത്തവയെ

പ്രതിഷേധങ്ങളുടെ

പുകച്ചുരുളുകളാക്കി

കറവീണ അണപ്പല്ലുകൾ

ഇപ്പഴും രഹസ്യത്തിൽ

ഞെരിഞ്ഞമരാറുണ്ട്.


തിരശ്ശീലക്ക്‌ പുറകിൽ

അഴിച്ചു വയ്ക്കപ്പെടുന്ന

ചില സ്ഥിരം വേഷങ്ങൾക്ക്

എന്നുമെന്നപ്പോലെ

പച്ചയായ ജീവിതത്തിന്റെ

കലങ്ങിയ നെഞ്ചിൽ നിന്നുയരുന്ന

ഇടി ചുമകളുടെയും

കണ്ണീരൊട്ടിപ്പിടിച്ച കവിളുകളുടെയും

മുഷിഞ്ഞ മണം മാത്രം!

യുഗയുഗാന്തരങ്ങളിൽ ഇന്നും

ഏറെക്കുറെ മാറ്റമില്ലാതെ ..

 




കൂടുതല്‍വാര്‍ത്തകള്‍.