CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 58 Minutes 26 Seconds Ago
Breaking Now

കിരീടം തിരിച്ചു പിടിക്കാന്‍ യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍,അരയും തലയും മുറുക്കി അംഗ സംഘടനകളും

വോള്‍വര്‍ഹാംപ്ടണ്‍ : കഴിഞ്ഞ വര്‍ഷം ലെസ്റ്ററില്‍ നടന്ന യുക്മ നാഷണല്‍ കലാമേളയില്‍ കൈവിട്ട ചാമ്പ്യന്‍ കിരീടം തിരികെ പിടിക്കുവാനുള്ള മുന്നോരുക്കത്തിലാണ് യുക്മയുടെ 2012, 2013 ദേശീയ കലാമേളകളിലെ ജേതാക്കളായ മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍. സ്റ്റോക്ക് ഓണ്‍ ട്രെന്റിലും ലിവര്‍പൂളിലും കൈവരിച്ച കിരീടനേട്ടം ഹണ്ടിംഗ്ടണില്‍ ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന തികഞ്ഞ ആത്മ വിശ്വാസത്തിലാണ് റീജിയന്‍ നേതൃത്വവും അംഗ സംഘടനകളും.

2012 ല്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ വച്ച് നടന്ന നാഷണല്‍ കലാമേളയില്‍ മികച്ച റീജിയന്‍ കിരീടവും അസോസിയേഷന്‍ കിരീടവും മിഡ്‌ലാന്‍ഡ്‌സ് കരസ്ഥമാക്കിയിരുന്നു. ലിവര്‍പൂളില്‍ നടന്ന 2013 കലാമേളയില്‍ കലാതിലകപ്പട്ടം അടക്കം മിന്നുന്ന നേട്ടങ്ങള്‍ കൈവരിച്ചാണ് റീജിയന്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന ലെസ്റ്റര്‍ കലാമേളയില്‍ കിരീടനേട്ടം ആവര്‍ത്തിക്കാന്‍ റീജിയന് കഴിഞ്ഞിരുന്നില്ല.

ഇത്തവണത്തെ റീജണല്‍ കലാമേള മുതല്‍ ചിട്ടയായ ക്രമീകരണങ്ങള്‍ നടത്തി മിന്നുന്ന പ്രകടനം കാഴ്ച വയ്ക്കുവാനുള്ള ശ്രമത്തിലാണ് അംഗ സംഘടനകളും റീജിയന്‍ നേതൃത്വവും. ഒക്ടോബര്‍ 31 ശനിയാഴ്ച വോള്‍വര്‍ഹാംപ്ടണില്‍ വച്ചാണ് റീജണല്‍ കലാമേള നടത്തപ്പെടുന്നത്. റീജനല്‍ കലാമേളയില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ക്കുള്ള രജിസ്‌ട്രേഷെന്‍ ആരംഭിച്ചു കഴിഞ്ഞു. മേളയിലെ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്ന മത്സരാര്‍ഥികള്‍ ഒക്ടോബര്‍ ഇരുപതിന് മുമ്പേ അവരവരുടെ അസോസിയേഷനുകളുമായി ബന്ധപ്പെട്ട് അപേക്ഷ ഫോറങ്ങള്‍ പൂരിപ്പിച്ച് അസോസിയേഷന്‍ പ്രസിഡന്റോ സെക്രട്ടറിയോ സാക്ഷ്യപ്പെടുത്തി റീജനല്‍ നേതൃത്വത്തെ ഏല്‍പ്പിക്കേണ്ടതാണ്.

ഒരു അംഗ അസോസിയേഷനില്‍ നിന്നും ഒരു ഇനത്തില്‍ രണ്ടു മത്സരാര്‍ഥികളെ മാത്രമേ പങ്കെടുപ്പിക്കുവാന്‍ കഴിയു എന്നതിനാല്‍ ഭുരിഭാഗം അസോസിയേഷനുകളിലും മത്സരം നടത്തി വിജയികളെയാണ് കലാമേളയ്ക്കയക്കുന്നത്. അപേക്ഷകള്‍ തപാല്‍ വഴിയോ ഇ മെയില്‍ വഴിയോ വാട്‌സ് ആപ്പ് വഴിയോ സ്വീകരിക്കും.  മത്സരത്തില്‍ പങ്കെടുക്കുന്ന ഏല്ലാവരും വയസു തെളിയിക്കുന്ന രേഖകള്‍ ഒക്ടോബര്‍ 31 ന് ഒപ്പം കരുതേണ്ടതാണ്. അപേക്ഷാ ഫോറവും നിയമാവലിയും എല്ലാ അസോസിയേഷനുകളിലും എത്തിച്ചു കഴിഞ്ഞതായി റീജനല്‍ ആര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് തോമസ് അറിയിച്ചു.

561b15ba3cc85.jpg

രജിസ്‌ട്രേഷെന്‍ ഫീസ് കഴിഞ്ഞ വര്‍ഷത്തെ നിരക്കില്‍ തന്നെ തുടരും. മത്സരാര്‍ഥികളില്‍ നിന്നും ഒരു ഇനത്തിന് മുന്ന് പൌണ്ട് ഈടാക്കുമ്പോള്‍ കാണികളില്‍ നിന്നും രണ്ടു പൌണ്ട് മാത്രമേ ഈ വര്‍ഷവും ഈടാക്കുകയുള്ളു എ ന്ന് റീജനല്‍ ട്രഷറര്‍ ശ്രീ.സുരേഷ് കുമാര്‍ അറിയിച്ചു. വെഡ്‌നെസ്ഫീല്‍ഡ് മലയാളീ അസോസിയേഷന്റെ (WAM ) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കലാമേളയ്ക്ക് വേദിയാകുന്നത് വോള്‍വര്‍ഹാംപ്ടണ്‍ ബില്‍സ്റ്റനിലുള്ള യു കെ കെ സി എ ആസ്ഥാന മന്ദിരമാണ്. 41 ഇനങ്ങളിലായി അഞ്ഞുറില്‍ പരം മത്സരങ്ങള്‍ മുന്നു വേദികളിലായി നടക്കുമ്പോള്‍ വോള്‍വര്‍ഹാംപ്ടണ്‍ മലയാളികളുടെ ഉത്സവ വേദിയായി മാറും.

ആയിരങ്ങള്‍ ഒഴുകിയെത്തുമ്പോള്‍ അവര്‍ക്കുവേണ്ട എല്ലാ അടിസ്ഥാന സൌകര്യങ്ങളും ഉറപ്പാക്കുന്നതായിരിക്കുമെന്ന് പ്രത്യേക ചുമതല വഹിക്കുന്ന സ്പോർട്സ് കോ ഓര്‍ഡിനെറ്റര്‍ കൂടിയായ റീജനല്‍ കമ്മിറ്റിയംഗം ശ്രീ. പോള്‍ ജോസഫ് അറിയിച്ചു. മേളയില്‍ പങ്കെടുക്കുവാനും കണ്ടാസ്വദിക്കുവാനും എല്ലാ കലാപ്രേമികളെയും വോള്‍വര്‍ഹാംപ്ടണിലേക്ക് സ്വാഗതം ചെയ്യുന്നതായി റീജനല്‍ ഉപാധ്യക്ഷന്‍ ശ്രീ. എബി ജോസഫ് റീജനല്‍ പ്രസിഡണ്ട് ജയകുമാര്‍ നായര്‍ എന്നിവര്‍ അറിയിച്ചു .





കൂടുതല്‍വാര്‍ത്തകള്‍.