CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 44 Minutes 16 Seconds Ago
Breaking Now

മലയാളികള്‍ ലണ്ടന്‍ കീഴടക്കി. ചെണ്ടമേളം കാണികളെ കയ്യിലെടുത്തു.

കലാ പരിപാടികള്‍ കാണുന്നതിനും ആസ്വദിക്കുന്നതിനുമെത്തിയവരുടെ എണ്ണം അമ്പതിനായിരത്തിലധികം ആയിരുന്നു

മലയാളികള്‍ ഇന്ന് ലണ്ടന്‍ കീഴടക്കി. അക്ഷരാര്‍ഥത്തില്‍ തന്നെ ഇത് സംഭവിക്കുകയായിരുന്നു. ലണ്ടന്‍ മേയര്‍ നടത്തിയ ദീപാവലി ആഘോഷങ്ങലിലാണ് ഇത് സംഭവിച്ചത്. ഇയു കെ യിലെ ഇന്ത്യന്‍ വശജരും സ്വദേശീയരുമടങ്ങുന്ന ജനാവലി സൗത്ത്‌ ബാങ്ക് മുതല്‍ ട്രഫാഗല്‍ സ്ക്വയര്‍ വരെയുള്ള നഗരവീധിയില്‍ വര്‍ണാഭവിതറി. മലയാളികള്‍ ജനാവലിയില്‍ വേറിട്ട നിറവും താളവും പകര്‍ന്നു. 

561b2092d355d.jpg

ട്രഫാഗല്‍ സ്ക്വയര്‍ തന്നെയായിരുന്നു പൂരക്കാഴ്ച്ചകളുടെ കേന്ദ്രസ്ഥാനം. വിവിധ കലാ പരിപാടികള്‍ കാണുന്നതിനും ആസ്വദിക്കുന്നതിനുമെത്തിയവരുടെ എണ്ണം അമ്പതിനായിരത്തിനു മേലെയാണ്.

സംഗീതവും നൃത്തവും അടങ്ങുന്ന കലാപരിപാടികള്‍, വിവിധ ആശയങ്ങള്‍ ദ്യോതിപ്പിക്കുന്ന ദൃശ്യങ്ങള്‍, വിവിധ ഭാരതീയ സംസ്കാര വിഭാഗങ്ങളുടെ സ്റ്റാളുകള്‍, ഭക്ഷണ ശാലകള്‍ എന്നിവകൊണ്ട് സ്ക്വയറും പരിസരവും നിറഞ്ഞു കവിഞ്ഞിരുന്നു. തിരക്കിനിടയിലൂടെ നടന്നു നീങ്ങാന്‍ ആളുകള്‍ പരയാസപ്പെടുന്നത് കാണാമായിരുന്നു. അത്രയ്ക്കായിരുന്നു ജനത്തിരക്ക്.

561b20f7afca9.jpg

561b214ec931c.jpg

ലണ്ടന്‍ മേയറും ദീവാലി ഇന്‍ ലണ്ടന്‍ കമ്മറ്റിയും സംയുക്തമായി നടത്തിയ പരിപാടിയില്‍ ലണ്ടന്‍ നിവാസികളെയും സന്ദര്‍ശകരെയും ക്ഷണിച്ചിരുന്നു. കേരളാ ടൂറിസം വകുപ്പും പ്രയോജകരില്‍ ഉള്‍പ്പെട്ടിരുന്നു. ചീഫ്‌ സെക്രട്ടറി ജിജി തോംസണ്‍, ടൂറിസം സെക്രട്ടറി കമല വര്‍ധന റാവു, കവടിയാര്‍ കൊട്ടാരത്തില്‍ നിന്നുള്ള പ്രതിനിധികള്‍, വിദേശ വ്യവസായി വര്‍ഗ്ഗീസ്‌ മൂലന്‍ എന്നിവര്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു. കേരള ടൂറിസം വകുപ്പിന്‍റെ പ്രമോഷന്‍ ലക്ഷ്യമാക്കി ആറു സ്റ്റാളുകള്‍ ഉണ്ടായിരുന്നു.

561b22281763d.jpg

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് യുകെയിലെ ഇന്ത്യന്‍ ഹൈകമ്മിഷണര്‍ രഞ്ജന്‍ മത്തായി അടിയന്തിരമായി ഡല്‍ഹിയിലേക്ക് വിളിക്കപ്പെട്ടതിനാല്‍ മലയാളി പ്രാതിനിധ്യം ഏറെ ഉണ്ടായിരുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല എന്നത് ശ്രദ്ധേയമായി. പുതിയ ഹൈ കമ്മിഷണര്‍ അധികാരമേല്‍ക്കാന്‍ ഏറെക്കാലം ഇല്ല എന്നതിനാല്‍ തന്റെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിനിടെ ലഭിക്കേണ്ടിയിരുന്ന ഈ നല്ല അനുഭവം അദ്ദേഹത്തിനു നഷ്ടമായത് വ്യക്തിപരമായ നൊമ്പരം കൂടിയാകും. പ്രധാന പ്രഭാഷകരില്‍ ഒരാള്‍ ആയി പേര് ചേര്‍ക്കപ്പെട്ടിരുന്ന ആളാണ്‌ ശ്രീ രഞ്ജന്‍ മത്തായി.

ക്രോയ്ഡോണ്‍, ഈസ്റ്റ്‌ഹാം എന്നിവടങ്ങളില്‍ നിന്നുമുള്ള മലയാളി സംഘടനകള്‍ സ്ക്വയറില്‍ അവതരിപ്പിച്ച പരിപാടികളില്‍ മികവ് പുലര്‍ത്തി. ഈസ്റ്റ്‌ഹാമിലെ മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെയും ക്രോയ്ഡോനിലെ സംഗീതാ ഓഫ് ദി യുകെയും സംയുക്തമായി അവതരിപ്പിച്ച ചെണ്ടമേളം ജനസഹസ്രങ്ങളെ ആനന്ദിപ്പിച്ചു. മേളം മുറുകുന്നതിനനുസരിച്ച് കാണികള്‍ ആനന്ദ നൃത്തം ചെയ്യുന്നത് കാണാമായിരുന്നു. ഇതില്‍ ഭാഷാ സംസ്കാര ഭേദമന്യേ എല്ലാവിഭാഗം ആളുകളും ഉണ്ടായിരുന്നു. ഒരര്‍ഥത്തില്‍ ജനതതിയെ ഒന്നടങ്കം ആനന്ദിപ്പിച്ച മുഖ്യ ഇനം ഈ ചെണ്ടമേളം തന്നെ ആയിരുന്നു. രണ്ട് അസോസിയേഷനുകളില്‍ നിന്നുമായി മുപ്പത്തഞ്ചോളം കലാകാരികളും കലാകാരന്മാരും പരിപാടിയില്‍ പങ്കെടുത്തു. മാസങ്ങള്‍ നീണ്ട പരിശീലനത്തിന്റെ പൂര്‍ണ്ണതയില്‍ അവതരിപ്പിക്കപ്പെട്ട ചെണ്ടമേളം കലാകാരന്മാര്‍ക്ക് എന്ന പോലെ മലയാളി സമൂഹത്തിന് ഒന്നടങ്കം അഭിമാനവും സ്വപ്ന സാക്ഷാത്ക്കാരമായ്‌ വിസ്മയ പൂര്‍ണ്ണതയും തന്നെയായിരുന്നു. വിവിധ സാസ്കാരിക പിന്നാമ്പുറങ്ങളില്‍ നിന്നെത്തിയ ജനം ചെണ്ടമേളം കഴിയുവോളം ഒരേ മനസ്സും ചിന്തയുമായി നിന്നു എന്നത് കേരളീയ കലയുടെ മാസ്മരികത വെളിവാക്കുന്ന സാക്ഷ്യമായി. 

561b22990e67c.jpg

വിവിധ വാദ്യോപകരണങ്ങള്‍ വായിക്കാന്‍ കഴിവുള്ള ബഹുമുഖ പ്രതിഭയായ ശ്രീ. വിനോദ് നവധാര എന്ന ചെറുപ്പക്കാരനാണ് ചെണ്ടമേളത്തിന്റെ ഗുരു. ഈസ്റ്റ്‌ ഹാമിലും ക്രോയ്ഡോനിലും ചെണ്ട ക്ലാസുകള്‍ നടത്തി പോരുന്ന വിനോദ് ലണ്ടനിലും പരിസര നഗരങ്ങളിലും ഉള്ള സംഗീത പരിപാടികളിലെ നിറസാന്നിധ്യമാണ്.

അറിയപ്പെടുന്ന നൃത്താധ്യാപിക ചിത്രാ ലക്ഷ്മി ടീച്ചര്‍ പരിശീലിപ്പിച്ച കുട്ടികള്‍ അവതരിപ്പിച്ച കേരള നടനം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ഇരുപതില്‍പ്പരം കലാകാരികള്‍ കേരളീയ ചാരുത പകരുന്ന വസ്ത്രാലങ്കാരങ്ങളോടെ അവതരിപ്പിച്ച നൃത്തം നമ്മുടെ സംസ്കാര പൈതൃകത്തിന്റെ മുഖചിത്രമായി. അറിയപ്പെടുന്ന കൊറിയോഗ്രാഫറാണ് ശ്രീമതി ചിത്രാലക്ഷ്മി.

561b2337b6176.jpg

ഉച്ചകഴിഞ്ഞ് ഒരുമണിയോടെ സമാരംഭിച്ച പരിപാടികള്‍ വൈകുന്നേരം ഏഴുമണി കഴിഞ്ഞും തുടര്‍ന്നു. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.