CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 18 Minutes 59 Seconds Ago
Breaking Now

നീണ്ടൂർ ദശാബ്ദി സംഗമം 23 മുതൽ ;മുഖ്യാതിഥി ഫാ.സജി മെത്താനത്തിനു ലണ്ടനിൽ ഊഷ്മള സ്വീകരണം നൽകി.

ലണ്ടൻ:യുകെയിൽ ഒക്ടോബർ 23 നു ആരംഭിക്കുന്ന നീണ്ടൂർ ദശാബ്ദി സംഗമ ആഘോഷത്തിലെ വിശിഷ്ടാതിഥിയായി എത്തി ചേർന്ന നീണ്ടൂർ ഇടവക വികാരി ഫാ. സജി മെത്താനത്തിനു ലണ്ടൻ ഹീത്രു വിമാനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പ്‌ അരുളി. ഫാ.സജി നീണ്ടൂർ, നീണ്ടൂർ സംഗമ ദശാബ്ദി സംഘാടക സമിതി അഡ്വൈസർ ജോണി കല്ലടാന്തി, സംഗമ സമിതി സെക്രട്ടറി സജി മാത്യു, റൂബി കല്ലടാന്തിയിൽ തുടങ്ങിയവർ സ്നേഹോജ്ജ്വലമായ സ്വീകരണം ആണ് ഒരുക്കിയത്. 

നീണ്ടൂർ വി. വിശുദ്ധ മിഖായേൽ മാലാഖയുടെ നാമധേയത്തിലുള്ള ഇടവക പള്ളി വികാരിയും, നീണ്ടൂർകാരുടെ പ്രിയപ്പെട്ട അജപാലന ശുശ്രുഷകനും, ആഗോളതലത്തിൽ തന്റെ ഇടവക മക്കളുടെ കാര്യങ്ങളിൽ വളരെ താൽപ്പര്യപൂർവ്വം സദാ ബന്ധപ്പെടാറുമുള്ള ഫാ. സജി മെത്താനത്ത് വന്നെത്തിയതോടെ ത്രിദിന സംഗമ ദശാബ്ദി ആഘോഷത്തിന് ആവേശം വർദ്ധിച്ചിരിക്കുകയാണ്. 

കണ്ണൂർ ജില്ലയിലെ കല്ലാർ ഇടവകയിൽ മെതാനത്ത് ഭവനത്തിൽ 1967ൽ ജനിച്ച സജി അച്ചൻ, 1994 ൽ കോട്ടയം രൂപതയുടെ കീഴിൽ വൈദികപ്പട്ടം സ്വീകരിച്ചു. സജി അച്ചൻ തന്റെ ഉപരി പഠനം റോമിലാണ് നടത്തിയത്. യുകെയിൽ തന്റെ രണ്ടാഴ്ചത്തെ തിരക്കിട്ട പര്യടനത്തിൽ പല ഔദ്യോഗിക പരിപാടികളും, സന്ദർശനങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

പ്രാദേശിക പ്രവാസി കൂട്ടായ്മ്മകളിൽ ഏറ്റവും പ്രശസ്തവും, ഇടവക തിരുന്നാൾ വിദേശങ്ങളിലും ആവേശപൂർവ്വം ആഘോഷിച്ചു പോരുകയും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിവസിക്കുന്ന 2000ൽ പരം പ്രവാസി കുടുംബാംഗങ്ങളെ കോർത്തിണക്കി ആഗോള സംഗമങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു വരാറുള്ള നീണ്ടൂർ പ്രവാസി കുടുംബങ്ങളുടെ യുകെയിലെ സംഗമം ദശാബ്ദി നിറവിൽ പ്രൌഡ ഗംഭീരമാവും. ഈ വർഷത്തെ പത്താമത് സംഗമം ഒക്ടോബർ 23,24,25 തീയതികളിലായി 3 ദിവസം നീളുന്ന വിപുലമായ പരിപാടികൾ ഉൾക്കൊള്ളിച്ചു കൊണ്ട് ഗംഭീരമായി സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു.

നീണ്ടൂർ ദശാബ്ദി സംഗമത്തില്‍ വിശിഷ്ടാതിഥിയായി ആന്റോ  ആൻറ്റണി എം. പി യും പങ്കു ചേരും. ഫാ. റെജി ഓണശ്ശേരിൽ, വി. സി പീറ്റർ കുഴിയിൽ, ഗ്ളോബൽ നീണ്ടൂർ സംഗമ പ്രസിഡണ്ട് ഏബ്രഹാം കല്ലിടാന്തിയിൽ, ജോബി ഇടപ്പള്ളിച്ചിറ തുടങ്ങിയവരും വിവിധ രാജ്യങ്ങളിൽ നിന്നായി എത്തിച്ചേരും. 

യുകെ യിലുള്ള എല്ലാ നീണ്ടൂരുകാരുടെയും ക്ഷേമത്തിനും ഉന്നമനത്തിനും സർവ്വോപരി കുടുംബങ്ങളെയും കുഞ്ഞുങ്ങളെയും തമ്മിൽ കൂടുതൽ അടുപ്പിക്കുന്നതിനുമായി 2005 സെപ്റ്റംബറിൽ സ്ഥാപിതമായ കൂട്ടായ്മയാണ് "നീണ്ടൂർ ഫ്രണ്ട്സ് ഇൻ യുകെ" എന്ന നീണ്ടൂർ സംഗമം.  

ഒക്‌ടോബര്‍ 23 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 24ന് ശനിയാഴ്ച വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തെ തുടർന്ന് റാലി, കലാഭവൻ നൈസ് അണിയിച്ചൊരുക്കുന്ന വെൽക്കം ഡാൻസ്, മാജിക് ഷോ, ഗാനമേള തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. ഞായറാഴ്ച രാവിലെ ദിവ്യകുർബ്ബാനയ്ക്കു ശേഷം അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളേയും തിരഞ്ഞെടുക്കും.

കൂടുതൽ വിവരങ്ങൾ അറിയാനാഗ്രഹിക്കുന്നവർക്ക് പ്രസിഡൻറ്റ് ബെന്നി ഓണശ്ശേരിൽ (07828745718), ജോയിൻറ്റ് സെക്രട്ടറി ജെയിംസ്‌ വട്ടക്കുന്നേൽ (07557941159), ട്രെഷറർ ബിനീഷ് പെരുമാപ്പാടം (07950478728), അഡ്വൈസർ ജോണി കല്ലിടാന്തിയിൽ (07868849273), കണ്‍വീനർ ഷാജി വരാക്കുടിലിൽ (07727604242) തുടങ്ങിയവരെ ബന്ധപ്പെടാവുന്നതാണ്.

Venue: SMALLWOOD MANOR, STAFFORDSHIRE, ST14 8NS.




കൂടുതല്‍വാര്‍ത്തകള്‍.