CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 52 Minutes 38 Seconds Ago
Breaking Now

സാമുദായിക രാഷ്ട്രിയ ചിന്തകൾക്കതീത മായിരിക്കണം യുക്മ: നാഷണൽ ട്രഷറർ ഷാജി തോമസ്, നോർത്ത് വെസ്റ്റ് കലാമേള കിരീടം വാറിഗ്ടണ്‍ അസോസിയേഷന്

ഒക്ടോബർ 31 ന് ബോൾട്ടൻ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിച്ചു നടന്ന യുക്മ നോർത്ത് വെസ്റ്റ് കലാമേളയിൽ കലാമേള കിരീടം വാറിഗ്ടണ്‍ മലയാളി അസോസിയേഷൻ നിലനിർത്തി, റണ്ണേർസ് അപ്പ് ആയി ബോൾട്ടൻ മലയാളി അസോസിയേഷനും തെരഞ്ഞെടുക്കപ്പെട്ടു, കലാപ്രതിഭയായി ഡിയോൻ ജോഷും കലാതിലകമായി ഡോണ ജോഷും തെരഞ്ഞെടുക്കപ്പെട്ടു.  എല്ലാ അസോസിയേഷനുകളും അതിലെ അംഗങ്ങളും ഒരു ഉത്സവമാക്കി മാറ്റുകയായിരുന്നു ഈ കലാമേളയെ.

ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും രാഷ്ട്രിയത്തിന്റെയും ചിന്തകളും അതിപ്രസരവുമില്ലാതെയാകണം യുക്മ വളരേണ്ടത്, എങ്കിൽ മാത്രമേ യുകെയിൽ ഈ സംഘടനയ്ക്ക് നിലനിൽപ്പ് ഉണ്ടാകുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ യുക്മ നാഷണൽ ട്രഷറർ പറഞ്ഞത് സദസ്സ് ഹർഷാരവത്തോടെയാണ് പ്രതികരിച്ചത്. യുകെയിൽ യുക്മയുണ്ടായിരിക്കുന്നത് തന്നെ യുകെയിലെ അസോസിയേഷനും മലയാളികൾക്കും വേണ്ടിയാണ് അല്ലാതെ അതിലെ ഭാരവാഹികൾക്ക് വേണ്ടിയുള്ളതല്ലായെന്ന് അധ്യക്ഷ പ്രഭാഷണത്തിൽ റീജിയണൽ പ്രസിഡണ്ട് അഡ്വ.സിജു ജോസഫ് ചൂണ്ടി കാട്ടി സംസാരിച്ചു. 2009 ജൂലൈ 4 ന് തെളിയിച്ച തിരിയിൽ നിന്ന് ഇന്ന് യുക്മ ബഹു ദൂരം മുന്നിലേക്ക് കുതിച്ചുവെന്ന് യുക്മ സ്ഥാപക പ്രസിഡന്റും കലാമേളയുടെ ശിൽപ്പിയുമായിരുന്ന ശ്രീ വർഗ്ഗീസ് ജോണ്‍ ചടങ്ങിൽ പറഞ്ഞു.

രാവിലെ 10.30 ന് തുടങ്ങിയ ഈ കലാമേള വൈകിട്ട് 9 മണിയോടെയാണ് അവസാനിച്ചത്.വാശിയേറിയ മത്സരത്തിൽ ആതിഥേയ അസോസിയേഷനെ പിന്തള്ളി വാറിഗ്ടണ്‍ അസോസിയേഷൻ കിരീടം നിലനിറുത്തി. ഇത്തവണ, കലാപ്രതിഭ പട്ടവും കലാതിലക പട്ടവും ഒരു വീട്ടിലേക്ക് എത്തി ചേർന്നുവെന്നതാണ് വലിയൊരു പ്രത്യേകത. സഹോദരങ്ങളായ ഡിയോൻ ജോഷും ഡോണ ജോഷുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.അതോടൊപ്പം കിഡ്സ് വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായി മാഞ്ചസ്റ്റർ മലയാളി അസോസിയേഷനിൽ നിന്നുള്ള അപർണ്ണ നായരും സീനിയർ വിഭാഗത്തിൽ സൈമണും വ്യക്തിഗത ചാമ്പ്യനായി തെരഞ്ഞെടുക്കപ്പെട്ടു. 

13 അസോസിയെഷനുകളിലായി പരന്നു കിടക്കുന്ന ഈ നോർത്ത് വെസ്റ്റ് റീജീയൻ ഇന്ന് യുക്മയുടെ ജനകീയ പ്രവർത്തനങ്ങളുമായി സജീവ ഭാഗഭാക്കുകളായി മാറിക്കഴിഞ്ഞു. കലാമേളയിൽ അംഗ അസോസിയേഷനുകൾ തങ്ങളുടെ കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിൽ അതീവ ജാഗ്രതയോടെയാണ് പ്രവർത്തിച്ചു വരുന്നത്, അതിനാൽ തന്നെ കേരളത്തിലെ കലോൽസവങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള മത്സരങ്ങളാണ് ഈ കലാമേളയിൽ അരങ്ങേറിയത്.

5638264641a91.jpg

യുക്മ നാഷണൽ ജോയിൻറ് സെക്രട്ടറി ശ്രീമതി ആൻസി ജോയി, നാഷണൽ എസിക്യുട്ടിവ് മെംബർ ദിലീപ് മാത്യു, യുക്മ സൌത്ത് ഈസ്റ്റ് റീജീയൻ പ്രസിഡന്റ്‌ ശ്രീ മനോജ് കുമാർ പിള്ള, റീജിയൻ ട്രഷറർ ശ്രീ ലൈജു മാനുവൽ, റീജിയൻ വൈസ് പ്രസിഡന്റ്‌ ശ്രീ ജോബ് ജോസഫ്, റീജിയൻ ജോയിന്റ് ട്രഷറർ ശ്രീ ജോണി മൈലാടിയിൽ, ആതിഥേയ അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ കുര്യൻ ജോർജ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. തുടർന്ന് എല്ലാ അസോസിയേഷൻ പ്രസിഡന്റുമാരും ചേർന്ന് തിരി തെളിച്ചതോടെ കലാമേളയുടെ മത്സരങ്ങൾക്ക് തുടക്കമായി. റീജിയണൽ സെക്രട്ടറി ഷിജോ വർഗ്ഗീസ് സ്വാഗതവും ആർട്സ് കോ-ഓഡിനെറ്റർ സുനിൽ മാത്യു നന്ദിയും അർപ്പിച്ചു.

ഈ കലാമേള വൻ വിജയമാക്കാൻ പങ്കെടുക്കാനെത്തിയ ഓരോ മത്സരാർത്ഥിക്കും മാതാപിതാക്കൾക്കും പങ്കെടുക്കാനെത്തിയ എല്ലാവർക്കും റീജിയണൽ കമ്മറ്റി പ്രത്യേകം പ്രത്യേകം നന്ദി അറിയിക്കുന്നു. 

കലാമേള വിജയികളെ നിശ്ചയിക്കുന്നതിനായി നമ്മോട് സഹകരിച്ച ജഡ്ജ്മാരായ മരിയ തങ്കച്ചൻ, ഡോ ശ്രീജ ആരുട്ടി, മഞ്ജു വിൻസെന്റ് , അനില കൊച്ചിട്ടി, ജോയിപ്പാൻ, ബെന്നി ഒൾദാം, ഷാന്റി ഒൾദാം, രഞ്ജിത്ത് ഗണേഷ് എന്നിവരുടെ സേവനം എടുത്ത് പറയേണ്ടതാണ്.  

ഈ കലാമേളയുടെ വിജയത്തിനായി ആൽബർട്ട് പ്രെസ്റ്റൻ ,ജിജോ പ്രെസ്റ്റൻ , ഷാരോണ് ബോൾട്ടൻ ,എബിൻ ബോൾട്ടൻ ,സുരേഷ് നായർ എന്നിവരുടെ നിസ്വാർത്ഥ സേവനം എടുത്ത് പറയേണ്ടതാണ്. അതു പോലെ ആങ്കർ ആയി എത്തിയ സുബി ഷിബു ബോൾട്ടനെ പ്രത്യേകം നോർത്ത് വെസ്റ്റ് കമ്മറ്റി അഭിനന്ദിക്കുന്നു.

കലാമേളയുടെ വിജയത്തിനായി നമ്മോട് സഹകരിച്ച പ്രമുഖ സ്പോണ്‍സർമാരായ അലൈഡ് ഫിനാൻഷ്യൽ സർവ്വിസസ്, മുത്തൂറ്റ് ഗ്രൂപ്, ഫസ്റ്റ് റിംഗ് ഗ്ലോബൽ ഓണ്‍ലൈൻ ട്യുഷൻ, ലോ ആൻഡ് ലോയേർസ്, ഏലൂർ കണ്‍സൾട്ടൻസി,ബ്ലീച് പെട്രോളിയം, മൂണ്‍ലൈറ്റ് ബെഡ്റും ആൻഡ് കിച്ചൻസ്, ബോൾട്ടൻ സൌണ്ട് സിസ്റ്റം നല്കിയ ബെന്നി ഒൾദാം, ജോണീസ് കാറ്ററിംഗ് സർവ്വീസ് എന്നിവരോട് പ്രത്യേകം നന്ദി അറിയിക്കുന്നു.

 യുക്മ റീജിയണൽ കലാമേള വൻവിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും ഒരിക്കൽ കൂടി റീജിയണൽ കമ്മറ്റി പ്രത്യേകം പ്രത്യേകം നന്ദി അറിയിക്കുന്നു.

കലാമേളയുടെ ഫോട്ടോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കൂടുതല്‍വാര്‍ത്തകള്‍.