CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 57 Seconds Ago
Breaking Now

ഫോബ്മ കലോത്സവം 2015 - രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു, പൂരിപ്പിച്ച ഫോമുകൾ സമർപ്പിക്കുവാനുള്ള അവസാന തിയതി നവംബർ 21

നവംബർ 28 നു ബർമിങ്ങ്ഹാമിൽ വച്ചു നടക്കുന്ന ഫോബ്മയുടെ   രണ്ടാമത് കലോത്സവത്തിന്റെ മത്സരവിഭാഗങ്ങളിലേയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നതായി ഫോബ്മ കലാവിഭാഗം കോർഡിനേറ്റർ രശ്മി പ്രകാശ്‌ അറിയിച്ചു. നാട്ടിലെ സ്കൂൾ കലോത്സവത്തിന്റെ അതേ മാതൃകയിൽ എല്ലാ ജനപ്രിയ കലകളും ഉൾപ്പെടുത്തികൊണ്ടു തന്നെയാണ് ഈ വർഷവും കലോത്സവം അരങ്ങേറുക. ഒൻപതു വയസ്സിനും പതിനഞ്ചു വയസ്സിനും ഇടയ്ക്കുള്ള കുട്ടികളുടെ വിഭാഗത്തിൽ ഇംഗ്ലീഷ് പ്രസംഗവും മത്സര ഇനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷവും എല്ലാ വിഭാഗങ്ങളിലെയും പ്രസംഗ വിഷയം മത്സരത്തിനു അഞ്ചു ദിവസം മുൻപേ മത്സരാർത്ഥികളെ   അറിയിക്കും.

മത്സരത്തിന്റെ വിശദാംശങ്ങൾ അറിയുവാനും രജിസ്ട്രേഷൻ ഫോം ലഭിക്കുന്നതിനുമായി ഇൻഫോ.ഫോബ്മ@ജിമെയിൽ.കോം (info.fobma@gmail.com) എന്ന ഈ മെയിൽ അഡ്രസ്സിലേക്കു എഴുതുക. നവംബർ 21 നു മുൻപ് അപേക്ഷിക്കുന്നവർക്കായിരിക്കും ഈ വർഷത്തെ ഫോബ്മ കലോത്സവത്തിൽ മാറ്റുരയ്ക്കുവാൻ  അവസരം ലഭിക്കുക. അഞ്ചു വയസ്സുമുതൽ മുകളിലെയ്ക്കുള്ള കുട്ടികളും മുതിർന്നവരും മൂന്നു ഗ്രൂപ്പുകളിലായി 34 ഇനങ്ങളിൽ ആണ് മത്സരിക്കുക. സ്വർണ്ണ നാണയങ്ങൾ അടക്കമുള്ള ക്യാഷ് അവാർഡുകളാണു വിജയികളെ കാത്തിരിക്കുന്നത്. കലയെ സ്നേഹിക്കുന്ന അതതു മേഖലകളിലെ വിദഗ്ദരായ കലോപാസകരായിരിക്കും ഓരോ ഇനങ്ങളിലും വിധികർത്താക്കളായി കടന്നു വരിക.

ജാതി മത രാഷ്ട്രീയ സംഘടന ചേരി തിരിവുകളില്ലാതെ യുകെയിൽ താമസിക്കുന്ന, സ്വന്തം പ്രതിഭ തെളിയിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരു മലയാളിക്കും തികച്ചും സ്വതന്ത്രമായി പങ്കെടുക്കുവാൻ സാധിക്കുന്ന കലാ മാമാങ്കമാണ് ഫോബ്മ കലോത്സവം. കഴിഞ്ഞ വർഷത്തെ പോലെ   തന്നെ മതമോ രാഷ്ട്രീയമോ ഏതെങ്കിലും സംഘടനയിലെ അംഗത്വമോ മാനദണ്ഡം ആക്കാതെ പ്രതിഭ തെളിയിക്കുവാൻ ആഗ്രഹമുള്ള ആർക്കും പങ്കെടുക്കാവുന്ന തരത്തിൽ ആണു ഫോബ്മ കലോത്സവം ഈ വർഷവും വിഭാവനം ചെയ്തിരിക്കുന്നത്.

കലയ്ക്കും കലാകാരന്മാർക്കും പ്രാധാന്യം കൊടുത്തു കൊണ്ട് അവരുടെ ഉത്തമ പ്രകടനങ്ങൾ പുറത്തെടുക്കുവാനുള്ള അവസരങ്ങൾ ഒരുക്കുക എന്നതാണ് ഫോബ്മ കലോത്സവത്തിന്റെ ലക്‌ഷ്യം. യാതൊരു തിരി മറികൾക്കും ഇട കൊടുക്കാതെ വേദികളിൽ ഉടനുടൻ ഫലങ്ങൾ പ്രഖ്യാപിക്കുന്ന പതിവ് കഴിഞ്ഞ കലോൽസവത്തിലൂടെ യൂകെ മലയാളികൾക്ക് ആദ്യമായി പരിചയപെടുത്തി വിശ്വാസ്യതയും കയ്യടിയും നേടിയ ഫോബ്മ, ഇത്തവണയും പങ്കെടുക്കുന്നവർക്കും സംഘാടകർക്കും ഒരു പോലെ ആസ്വാദ്യകരമായ രീതിയിൽ സുതാര്യമായ കുറ്റമറ്റ വേദികൾ ആണു ഒരുക്കുന്നത്.

സംഘടന അംഗത്വം ഇല്ലാത്തത് കൊണ്ടു മാത്രം സ്വന്തം പ്രതിഭ തെളിയിക്കുവാൻ വേദി ലഭിക്കാതെ പോകുന്നവർക്കുള്ള ഒരു അസുലഭ അവസരമാണ് ഫോബ്മ കലോത്സവം. യുക്മ, യു കെ കെ സി എ എന്നിവയുടെ കലാമേളകൾ മികച്ചതാണെങ്കിലും ആ സംഘടനകളിൽ അംഗത്വമുള്ളവർക്ക് മാത്രമേ പങ്കെടുക്കുവാൻ കഴിയൂ. ഇതര സമാനസംഘടനകളിൽ നിന്നും വ്യത്യസ്തമായി കുറ്റമറ്റ വിധിനിർണ്ണയവും കൃത്യനിഷ്ഠയും സ്വർണ്ണ നാണയങ്ങൾ അടക്കമുള്ള ആകർഷകങ്ങളായ സമ്മാനങ്ങളും ഒക്കെ ആയി ഫോബ്മകലോത്സവം കലാഹൃദയങ്ങൾക്ക്‌ ഒരു പുതു പുത്തൻ അനുഭവം ആയിരുന്നു കഴിഞ്ഞ വർഷം പകർന്നു നല്കിയത്.

സമൂഹത്തിലെ നാനാ തുറകളിൽ പ്രവർത്തിക്കുന്ന സംഘാടക പ്രതിഭകളെ ഉൾപ്പെടുത്തികൊണ്ടുള്ള വളരെ വിപുലമായ കലോത്സവ കമ്മിറ്റി ഈ ആഴ്ചിൽ തന്നെ നിലവിൽ വരും. ഈ മഹത്തായ മാമാങ്കത്തിന്റെ സംഘാടനത്തിൽ പങ്കുകാരായി ചരിത്രത്തിന്റെ ഭാഗമാകുവാൻ ആഗ്രഹിക്കുന്നവർ ഫോബ്മ പ്രതിനിധികളുമായോ info.fobma@gmail.com  എന്ന ഇമെയിലിലോ ബന്ധപ്പെടുക.


  




കൂടുതല്‍വാര്‍ത്തകള്‍.