CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 8 Seconds Ago
Breaking Now

സ്കന്തോർപ്പിലെ ടാറ്റ സ്റ്റീൽ പിരിച്ചു വിടലിനെതിരെ വ്യാപക പ്രതിഷേധം; നാളെ പ്രതിഷേധാത്മക മാർച്ച്‌

നിലവിൽ 4000 ത്തിലേറെ തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്.

വ്യവസായങ്ങളുടെ പൂന്തോട്ട നഗരമെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന SCUNTHORPE എന്ന പട്ടണം, ടാറ്റ സ്റ്റീലിന്റെ അടച്ചു പൂട്ടൽ കാരണം 900 തൊഴിലുകൾ നഷ്ടപ്പെടുമെന്ന നടുക്കുന്ന യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ ഇരുമ്പയിരിന്റെ ഉറവിടം കണ്ടെത്തി അതിന്റെ ഖനനം തുടങ്ങിയതോടെയാണ് Scunthorpe യുകെയിലെ ഏറ്റവും വലിയ സ്റ്റീൽ വ്യവസായ കേന്ദ്രമായത്. 

നിലവിൽ 4000 ത്തിലേറെ തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇവരെ കൂടാതെ അനേകായിരം കരാർ ജോലിക്കാരും കമ്പനിയെ ആശ്രയിക്കുന്നു. 25,000 ത്തോളം ആളുകൾ ഈ വ്യവസായത്തെ ആശ്രയിച്ചു Scunthorpe ലും പരിസര പ്രദേശങ്ങളിലും ജീവിക്കുന്നുണ്ടെന്നാണ് കണക്ക്. Scunthorpe ലെ ജനനസംഖ്യയുടെ മൂന്നിലൊന്നോളം ആളുകൾ സ്റ്റീൽ വ്യവസായവുമായി ബന്ധമുള്ളവരാണെന്ന് ചുരുക്കം. 

ഇപ്പോൾ 900 തൊഴിലാളികൾക്കാണ് ജോലി നഷ്ടമാകുന്നതെങ്കിലും ഭാവിയിൽ ഈ വ്യവസായം പൂർണ്ണമായും ഈ ടൌണിൽ നിന്നും തുടച്ചു നീക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാൻ വയ്യ. എനർജി താരിഫ്, കാർബണ്‍ ടാക്സ്, സ്റ്റീൽ ഇറക്കുമതി എന്നിവയാണ് ഈ വ്യവസായത്തെ നഷ്ടത്തിലാക്കിയത്. 15.2 മില്യണ്‍ പൗണ്ട് ആണ് ടാറ്റാ സ്റ്റീൽ ബിസിനസ്‌ റേറ്റ് ആയി നോർത്ത് ലിങ്കണ്‍ഷയർ കൌണ്‍സിലിന്   ഓരോ വർഷവും നൽകുന്നത്.

ഇതോടൊപ്പം തന്നെ ടാറ്റാ സ്റ്റീലിന് സാമഗ്രികൾ സപ്ലൈ ചെയ്യുന്ന ഇടത്തരം ചെറുകിട വ്യവസായങ്ങളും Scunthorpe ൽ നിരവധിയുണ്ട്. ഇവയുടെ എല്ലാം നിലനിൽപ്പിന് ഭീഷണിയാണ് നിലവിൽ ടാറ്റാ സ്റ്റീലിന്റെ സ്ഥിതി. മുഖ്യമായും ഈ വ്യവസായങ്ങളുടെ നിലനിൽപ്പിനെ ആശ്രയിച്ചാണ് കൌണ്‍സിലിന്റെ വരുമാനവും നിശ്ചയിക്കപ്പെടുന്നത്. പ്രാദേശികമായ വ്യാവസായിക തളർച്ച കൌണ്‍സിലിന്റെ ഭാവി ബഡ്ജറ്റുകളെ തകിടം മറിക്കും. 


സ്കൂളുകൾ, ചിൽട്രൻ സെന്റെഴ്സ്, കമ്മ്യൂണിറ്റി പ്രോജക്ട്സ്, പൊതുമരാമത്ത് ജോലികൾ തുടങ്ങിയവയൊക്കെ കൌണ്‍സിലിന്റെ വരുമാനക്കുറവിന്റെ ദൂഷ്യ ഫലങ്ങൾ അനുഭവിക്കും. 78 സ്കൂളുകളും 3 കോളേജുകളും കൌണ്‍സിലിന്റെ കീഴിലുണ്ട്. Scunthorpe ജനറൽ ഹോസ്പിറ്റലും 20 ജിപി സർജറികളും കൌണ്‍സിലിന്റെ പരിധിയിലാണ്. നോർത്ത് ലിങ്കണ്‍ഷയറിലെ ജനനസംഖ്യയുടെ 7.1% കുടിയേറ്റക്കാരാണ്.

ഇവിടുത്തെ സ്റ്റീൽ വ്യവസായത്തിന്റെ തകർച്ചയെ ആശങ്കയോടെയാണ് ഇവിടുത്തെ ഇംഗ്ലീഷ് സമൂഹവും കുടിയേറ്റക്കാരും നോക്കിക്കാണുന്നത്. 30 ഓളം മലയാളി കുടുംബങ്ങൾ Scunthorpe ലും സമീപ പ്രദേശങ്ങളിലുമായി താമസിക്കുന്നുണ്ട്. Scunthorpe M.P Nic Dakin പാർലമെന്റിലും ഗവണ്‍മെന്റ് തലത്തിലും ഈ വ്യവസായത്തെ സംരക്ഷിക്കുവാനുള്ള പരിശ്രമങ്ങൾ നടത്തുന്നുണ്ട്.

ടാറ്റാ സ്റ്റീലിന്റെ ബിസിനസ്‌ റേറ്റ് കുറച്ച് സാമ്പത്തിക പ്രതിസന്ധി കുറയ്ക്കുവാനുള്ള നിർദേശം പ്രതിപക്ഷം കൌണ്‍സിൽ യോഗത്തിൽ കൊണ്ട് വന്നെങ്കിലും ഭരണപക്ഷം യൂറോപ്പ്യൻ യൂണിയൻ നിയമങ്ങൾ മുൻനിർത്തി നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്.

തൊഴിൽ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള കൌണ്‍സിലിന്റെ ടാസ്ക് ഫോഴ്സ് പുതിയ വ്യവസായങ്ങൾ ഇവിടേക്ക് കൊണ്ട് വരുവാനുള്ള കഠിന ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും പുതിയ സാഹചര്യത്തിൽ ആരാണ് Scunthorpe ലേക്ക് പുതിയ സംരംഭവുമായി എത്തുവാനുള്ള റിസ്ക്‌ എടുക്കുവാൻ തയ്യാറാവുക എന്ന ചോദ്യവും ഉയർന്നു കഴിഞ്ഞു.

ടാറ്റാ സ്റ്റീലിൽ നിന്നും നൂറു കണക്കിന് അപ്രന്റീസുകൾ പരിശീലനം കഴിഞ്ഞു അവിടെ ജോലി നേടുകയോ മറ്റു കമ്പനികളിൽ ജോലി നേടുകയോ ചെയ്യാറുണ്ട്. ഈ സ്ഥിതിയിൽ ടാറ്റാ സ്റ്റീലും അനുബന്ധ വ്യവസായങ്ങളും പുതിയ അപ്രന്റീസുകളെ റിക്രൂട്ട് ചെയ്യുന്നത് കുറയും. തലമുറകളായി സ്റ്റീൽ വ്യവസായവുമായി ബന്ധപ്പെടു കഴിയുന്നവരാണ് ഇവിടുത്തെ പല കുടുംബങ്ങളും. 

 കുറഞ്ഞ ജീവിത ചിലവും വീടുകളുടെ മിതമായ വിലയും തൊഴിലവസരങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും Scunthorpe നെ കുടിയേറ്റക്കാരുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റിയിരുന്നു. സാമ്പത്തിക മാന്ദ്യം മൂലം ഹൈസ്ട്രീറ്റിലെ കടകള പലതും അടഞ്ഞു കിടന്ന സ്ഥിതിയിൽ നിന്നും കര കയറി വന്ന ടൌണ്‍ സെന്ററും പുതിയ സാഹചര്യങ്ങളിൽ പിടിച്ചു നിൽക്കാൻ കഷ്ടപ്പെടുമെന്ന ആശങ്കയും നിലവിലുണ്ട്. പ്രാദേശിക വ്യവസായങ്ങളുടെ തകർച്ചയും തൊഴിലവസരങ്ങളുടെ കുറവും Scunthorpe നെ സാമ്പത്തികമായി വലയ്ക്കും. ഭാവിയിൽ ജോലി നേടി ജനങ്ങൾ മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറേണ്ട സാഹചര്യവും വന്നു ചേരും. 


  

  

 

 





കൂടുതല്‍വാര്‍ത്തകള്‍.