CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 58 Seconds Ago
Breaking Now

മാണി സാറിന്റെ രാജി; മോൻസിനു കോട്ടം......... സ്റ്റീഫന് നേട്ടം ...ശ്രീ മാനുവൽ മാത്യൂ വിലയിരുത്തുന്നു .

കേരള രാഷ്ട്രീയത്തിലെ അതികായനായ കെ.എം. മാണിയുടെ രാജി മലയാളികൾക്കിടയിൽ വ്യതസ്ത രീതികളിൽ ചർച്ച ചെയ്യപെടുകയാണ് . രാജിയോടു കൂടി മാണി സാറിനെതിരെയുള്ള മുറവിളികൾ തീരുമെന്ന് കരുതാം. ഒരേ കാര്യത്തിൽ മാണി സാറിനും കെ. ബാബുവിനും രമേശ്‌ ചെന്നിത്തലക്കും വ്യത്യസ്ത "നീതി" നടപ്പാക്കി എന്നതിൽ ഭാവിയിൽ ചർച്ച രൂക്ഷമായേക്കാം. ചുരുങ്ങിയ പക്ഷം കെ. ബാബുവിന്റെ രാജിയെങ്കിലും സംഭവിച്ചേക്കാം. രാഷ്ട്രീയ തന്ത്രങ്ങളിൽ കെ. കരുണാകരനോടൊപ്പം കിടപിടിക്കുന്ന കെ. എം. മാണിയുടെ നീക്കങ്ങൾ കോണ്‍ഗ്രസ്‌ പിളർപ്പിലേക്ക് എത്തിയാൽ പോലും അത്ഭുതപ്പെടാനില്ല. കേരളത്തിലെ ജാതി പിന്തുണയുടെ വക്താക്കളായ മാർ.ജോസഫ്‌ പൌവത്തിൽ, സുകുമാരൻ നായർ, വെള്ളാപ്പള്ളി നടേശൻ എന്നിവരുമായി ഒരേ സമയം നല്ല ബന്ധം  പുലർത്തുന്ന ഏക രാഷ്ട്രീയ നേതാവായ കെ. എം. മാണി എന്ന ഭീഷ്മാചാര്യൻ അടങ്ങി ഇരിക്കുമെന്ന് കരുതാനാവില്ല. മന്ത്രി സ്ഥാനത്തിന്റെ വിലക്കില്ലാത്ത കെ.എം. മാണി കൂടുതൽ "ശക്തനാവുമെന്നു" ഉമ്മൻ ചാണ്ടിക്കും അറിയാം. 

രാഷ്ട്രീയ കേരളത്തിന്റെ ചർച്ചകൾ ഈ വഴികളിൽ പോകുമ്പോൾ ... കടുത്തുരുത്തി മണ്ഡലമാണ് ഇപ്പോൾ രാഷ്ട്രീയ പ്രവർത്തകരുടെയിടയിൽ പ്രത്യേകിച്ച് കേരള കോണ്‍ഗ്രസ്‌ അനുഭാവികൾക്കിടയിലെങ്കിലും ചർച്ച ചെയ്യപ്പെടുന്നത്. കേരള കോണ്‍ഗ്രസ്‌ എം.എൽ. എ. മാരിൽ എല്ലാവർക്കും തന്നെ അവരവരുടെ നിയോജക മണ്ഡലങ്ങളിലെ പാർട്ടി അണികൾക്കിടയിൽ സ്വാധീനമുണ്ട്. പി.സി.ജോർജിനു പൂഞ്ഞാറിലും,  അനൂപിന് പിറവത്തും ,ഗനേഷിനു പത്തനാപുരത്തും ഉൾപ്പെടെ അങ്ങനെയാണ് . എന്നാൽ  ഇക്കൂട്ടത്തിൽ പെടാത്ത ആളാണ്‌ മോൻസ്‌ ജോസഫ്‌ . പണ്ട് ഇടതുപക്ഷത്ത് നിന്നപ്പോൾ ജോസഫ്‌ ഗ്രൂപ്പ്കാരനായ മോൻസിനു പബ്ലിക്‌ ഇമെജിനോപ്പം സി .പി.എം. അണികളുടെ പിൻബലമായിരുന്നു ശക്തി. കടുത്തുരുത്തിയിലെ ജോസഫ്‌ ഗ്രൂപിന്റെ അംഗബലം മലപ്പുറം ജീല്ലയിൽ മാണി ഗ്രൂപിനുള്ളതിനെക്കാൾ കുറവാണെന്ന് എല്ലാവർക്കും അറിയാം . അന്ന് മോൻസിനു അതൊരുരക്ഷയായിരുന്നു . പാർട്ടി അണികളെ "കൈകാര്യം" ചെയ്യാൻ സമയം നഷ്ടപെടുത്താതെ മുന്നണി താല്പര്യം മാത്രം നോക്കി "സേഫ്" ആയി നടക്കാമായിരുന്നു. 

ഇപ്പോൾ യു.ഡി.എഫ് മുന്നണിയിൽ വന്നപ്പോൾ മോൻസ്‌ കടുത്തുരുത്തിയിലെ ഏറ്റവും പ്രബല കക്ഷിയായ മാണി ഗ്രൂപിന്റെ ഭാഗമാകേണ്ടി വന്നു. സിറ്റിംഗ് എം.എൽ.എ എന്ന നിലയിൽ കഴിഞ്ഞ തവണ സീറ്റും വിജയവും സ്വന്തമാക്കി. പക്ഷെ അപ്പോൾ പോലും മാണി ഗ്രൂപ്പ് അണികൾക്ക് മോൻസ്‌ ജോസഫ്‌ "എം.എൽ.എ"എന്ന നിലയിൽ സ്വീകാര്യരനായിരുന്നുവെങ്കിലും പൂർണമായും തങ്ങളിലോരുവനായി അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. മോൻസിനും ഇതറിയാം . തന്നോടൊപ്പം ചേർന്ന് നില്ക്കുന്ന മാണി ഗ്രൂപ്പ് നേതാക്കൾ അണികളിലേക്ക് അടുക്കുന്നതിൽ മോൻസിനെ വിദഗ്ദ്ധമായി തടഞ്ഞുവെന്നും പറയപ്പെടുന്നു. തന്റെ വ്യക്തിപ്രഭാവം കൊണ്ട് പാർട്ടിയുടെ കടിഞ്ഞാണ്‍ കൈപിടിയിലാക്കുവാൻ ശ്രമിക്കാതിരുന്നത് മോൻസിനു വിനയായി മാറുകയാണ് . ഇതിനൊക്കെ അപ്പുറമുള്ള പ്രശ്നങ്ങളാണ് കെ.എം. മാണിയുടെ രാജി വിഷയത്തിൽ മോൻസിനു വന്നു ഭവിച്ചത്. കെ.എം .മാണിയുടെ ഹൃദയ താല്പര്യം മനസിലാക്കി നീങ്ങുന്നതിൽ മോൻസ്‌ തീർത്തും പരാജയപ്പെട്ടുവെന്നാണ് കടുത്തുരുത്തിയിലെ മാണി ഗ്രൂപ്പിന്റെ വിലയിരുത്തൽ .

ജോസഫിനോടുള്ള അമിത വിധേയത്വം പുലർത്തുന്ന മോൻസിനെ പാലായെക്കൾ മാണി ഗ്രൂപ്പിന് സ്വാധീനമുള്ള കടുത്തുരുത്തിയിൽ നിലനിർത്തുന്നതിൽ കെ.എം.മാണിക്കും തീരെ താല്പര്യമില്ലെന്നതാണ് വാസ്തവം. ലയന സമയത്തെ ധാരണ പ്രകാരം മോൻസിനു സീറ്റ് കൊടുക്കാനായി തന്റെ മാനസപുത്രനായ സ്റ്റീഫൻ ജോർജിനെ കഴിഞ്ഞ തവണ തഴഞ്ഞതിൽ കെ.എം മാണിക്കു ഇപ്പോഴും വിഷമമുണ്ട്. മാണി സാറിന്റെ വിളിക്കായി കാതോർത്തു കൊണ്ട് സ്റ്റീഫൻ "തൊട്ടു" അടുത്ത് തന്നെയുണ്ട്‌ ഇനി ഇടതുപക്ഷ സ്ഥാനാർഥി ആയി നിന്നാലും തനി മാണിഭക്തരുടെ വോട്ട് സ്റ്റീഫനു കിട്ടിയേക്കും.

ഇപ്പോഴത്തെ  സാഹചര്യത്തിൽ സ്റ്റീഫനിൽ നിന്നും സീറ്റ് തട്ടിയെടുക്കാൻ നിരവധിപേർ രംഗത്തുണ്ട് പി.സി.തോമസ്‌ ഉണ്ടാക്കിയ ഐ.എഫ്.ഡി.പി. വഴി ഒരു സുപ്രഭാതത്തിൽ "രാഷ്ട്രീയക്കാരനായ" ബിജു കൈപ്പാരാടൻ ഇതിലൊന്നാണ്. പല പാർട്ടികൾ മാറി ഇപ്പോൾ സി.പിഐ യിൽ എത്തി നില്ക്കുന്ന ബിജുവിനു സീറ്റ് നല്കാൻ സി.പിഎം തയ്യാറാകാൻ ഇടയില്ല. സ്റ്റീഫൻ ഐക്യ മുന്നണി സാരഥി ആയാൽ മോൻസ്‌ ഇടതിലേക്ക് മാറും. ഉഴവൂരിൽ ജനപ്രിയയായ സിന്ധു ജേക്കബ് ഇടതു സീറ്റ് കിട്ടാൻ ശ്രമിച്ചേക്കും. ഉഴവൂർകാർക്ക്‌ പരിചിതയെങ്കിലും സിന്ധുവിനു അനുകൂല കാലാവസ്ഥയല്ല കടുതുരുത്തിയിലേത്.

മോൻസിനെ മാറ്റി നിർത്താൻ കെ.എം മാണി നിർബന്ധിക്കപ്പെട്ടാൽ പകരക്കാരനായി സ്റ്റീഫന്റെ മടങ്ങി വരവോ ഏറ്റുമാനൂരിൽ നിന്നും തോമസ്‌ ചഴികാടന്റെ സ്ഥലം  മാറ്റമോ നടന്നേക്കാം. കൂടാതെ യൂത്ത് ഫ്രണ്ട്(എം ) സംസ്ഥാന പ്രസിഡന്റും കേരള കോണ്‍ഗ്രസ് സ്ഥാപക ജനറൽ സെക്രട്ടറി ഓ.വി.ലൂക്കോസിന്റെ മകനുമായ പ്രിൻസ് ലൂക്കോസിന്റെ പേരും സജീവ പരിഗണയിൽ വരും. പ്രിൻസിനു സുരക്ഷിത മണ്ഡലം കൊടുക്കണമെന്ന് കെ.എം മാണിക്കും, ജോസ് കെ. മാണിക്കും ഒരുപോലെ താല്പര്യമുണ്ട്. 2011 ലെ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്നു കരുതപ്പെട്ടിരുന്ന സീനിയർ നേതാവ് ജോയി നടുക്കരയുടെ പേരും ഒത്തുതീർപ്പ് സ്ഥാനാർഥി എന്ന നിലയിൽ വന്നേക്കും. കോണ്‍ഗ്രസിനും ജേക്കബ്‌ ഗ്രൂപ്പ്‌ ഉൾപ്പെടെയുള്ള ഘടക കക്ഷികൾക്കും നടുക്കരയോടാവും പ്രിയം. ഇപ്പോൾ കോണ്‍ഗ്രസ്‌കാരനായ പി.എം .മാത്യു എക്സ്.എംഎൽ. എയും ജേക്കബ്‌ ഗ്രൂപ്പ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മട്ടപ്പള്ളിൽ തുടങ്ങിയ നേതാക്കളും പിന്തുണക്കുന്നത് സീനിയർ നേതാവായ നടുക്കരയെയായിരിക്കും. ജോയ് നടുക്കരെയെപ്പോലെ പരിചയ സമ്പന്നനായ ഒരാളുടെ സജീവ സാന്നിധ്യം കെ.എം. മാണി ഇപ്പോൾ ആഗ്രഹിക്കുന്നുമുണ്ട്. 

 

എന്തായാലും ചങ്കിടിക്കുന്നത് മോൻസിനാണ്. കെ. എം മാണിയുടെ പ്രീതി നേടാനും അണികളെ കൂടെ നിർത്താനും അദ്ദേഹം നന്നേ വിയർക്കേണ്ടിവരും.  


 

 

 

 







കൂടുതല്‍വാര്‍ത്തകള്‍.