CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 13 Minutes 34 Seconds Ago
Breaking Now

യുക്മ സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു; അവാർഡുകൾ ദേശീയ കലാമേളയുടെ വേദിയിൽ നല്കും

ലോകത്തിലെ ഏറ്റവും വലിയ സജീവ മലയാളി പ്രവാസി സംഘടനയായ യുക്മയ്ക്ക് വേണ്ടി യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. എല്ലാ യുകെ മലയാളികൾക്കും പങ്കെടുക്കുവാൻ അവസരമൊരുക്കി ലേഖനം, കഥ, കവിത എന്നീ ഇനങ്ങളിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങൾക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. എല്ലാ വിഭാഗങ്ങളിലുമായി ഇത്തവണ ഇരുനൂറിലധികം രചനകൾ ലഭിച്ചത് തന്നെ പ്രതികരണത്തിന്റെ ആവേശം സൂചിപ്പിക്കുന്നുണ്ട്. മത്സര രചനകളുടെ വിധി നിർണ്ണയിച്ചത് പ്രശസ്ത സാഹിത്യ പ്രതിഭകളായ പത്മഭൂഷണ്‍ കാവാലം നാരായണപണിക്കർ, ശ്രീ. പി. ജെ.ജെ ആന്റണി, ജോസഫ് അതിരുങ്കൽ, ഡോ. ജോസഫ് കോയിപ്പള്ളി, ശ്രീമതി മീര കമല എന്നിവരാണ്.

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി വിജയികളായവർക്കുള്ള അവാർഡുകൾ നവംബർ 21 നു ഹണ്ടിംഗ്ടണിൽ നടക്കുന്ന യുക്മ ദേശീയ കലാമേളയുടെ പ്രൗഢോജ്വലമായ വേദിയിൽ വച്ച് സമ്മാനിക്കും. കൂടാതെ സമ്മാനാർഹമായ രചനകളിലെ പ്രസിദ്ധീകരണ യോഗ്യമായ രചനകൾ യുക്മ സാംസ്കാരിക വേദി എല്ലാ മാസവും 10 ന് പ്രസിദ്ധീകരിക്കുന്ന 'ജ്വാല' ഇ-മാഗസിനിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്ന് യുക്മ ദേശീയഭാരവാഹികളും സാംസ്കാരിക വേദി ഭാരവാഹികളും അറിയിച്ചു.

സാഹിത്യ രചനകൾക്ക് മനുഷ്യമനസ്സിനെ ഉണർത്തുവാനും ഉത്തേജനം നല്കുവാനുമുള്ള ശക്തി അപാരമാണെന്നുള്ള തിരിച്ചറിവോടെ രചനകൾ നടത്തണമെന്നും അലസമായി എഴുതാവുന്ന ഒന്നല്ല സാഹിത്യരചനകളെന്നും ഗൌരവപൂർണ്ണമായ സമീപനം രചനകളോട് വേണമെന്നും വിഷയസംബന്ധിയായി നിന്നുകൊണ്ട് ആവർത്തനങ്ങൾ വരാതെയും ശ്രദ്ധിക്കണമെന്നും വിധികർത്താക്കൾ സൂചിപ്പിച്ചു. ഓരോ ഇനത്തിലും പാലിക്കേണ്ട ഗൌരവമായ ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വാക്കുകളും വാചകങ്ങളും ശ്രദ്ധാപൂർവ്വം ഉപയോഗിച്ചുള്ള രചനകളാണ് നടത്തേണ്ടതെന്ന് ഓർമ്മിപ്പിച്ച വിധികർത്താക്കൾ യുക്മ സാംസ്കാരിക വേദി, യുകെ  മലയാളി സമൂഹത്തിലെ സാഹിത്യാഭിരുചിയുള്ള പ്രതിഭകളെ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനുമായി നടത്തിയ ഈ ഉദ്യമം ശ്ലാഘനീയമാണെന്നും അഭിപ്രായപ്പെട്ടു. ഇത്രയേറെ നിഷ്പക്ഷവും കൃത്യവുമായ വിധിനിർണ്ണയം അന്തിമമാണെന്ന് സാംസ്കാരിക വേദി ഭാരവാഹികൾ കോർഡിനേറ്റർ എബ്രഹാം ജോർജ്, വൈസ് ചെയർമാൻ തമ്പി ജോസ്, ജനറൽ കണ്‍വീനർ സി എ ജോസഫ്, ജയപ്രകാശ് പണിക്കർ, സാഹിത്യവിഭാഗം കണ്‍വീനർ ജേക്കബ് കോയിപ്പള്ളി, ജോയിപ്പാൻ, ജോഷി പുലിക്കൂട്ടിൽ എന്നിവർ അറിയിച്ചു.


മത്സര വിജയികൾ

ലേഖനം (സീനിയർ വിഭാഗം)

ഒന്നാം സ്ഥാനം: ബേസിൽ ജോസഫ് (ന്യൂപോർട്ട്‌)

രണ്ടാം സ്ഥാനം: ഷേബാ ജെയിംസ് (ലിങ്കണ്‍ ഷയർ)

മൂന്നാം സ്ഥാനം: ഡോ. ഷാഫി മുത്തലിഫ് (ഇപ്‍സ്വിച്ച്)

ലേഖനം (ജൂനിയർ വിഭാഗം)

ഒന്നാം സ്ഥാനം: ഏഞ്ചലിൻ അഗസ്റ്റിൻ (വോക്കിംഗ്)

രണ്ടാം സ്ഥാനം: അലിക്ക് മാത്യു (ബെബിംഗ്ടണ്‍)

മൂന്നാം സ്ഥാനം: കെവിൻ ക്ലീറ്റസ് (ഗിൽഫോർഡ്)

കഥ (സീനിയർ വിഭാഗം)

ഒന്നാം സ്ഥാനം: "ജുമൈത്സ് വു" (അരുണ്‍ വിജയ്‌ വി.സി., ഡോർക്കിംഗ്)

രണ്ടാം സ്ഥാനം: "ഒരു മഴയുടെ ഓർമ്മയ്ക്കായ്" (ബേസിൽ ജോസഫ്, ന്യൂപോർട്ട്‌)

മൂന്നാം സ്ഥാനം: "ചെറുക്കൻ ഐഡിയ" (മാത്യു ഡോമിനിക്, സ്ളൗ)

കഥ (ജൂനിയർ വിഭാഗം)

ഒന്നാം സ്ഥാനം: "Suicide Is Never The Answer" (ജെറിൻ ജേക്കബ്, സാലിസ്ബറി)

രണ്ടാം സ്ഥാനം: "The Power of Friendship" (ഐവിൻ ജോസ്, ലണ്ടൻ)

മൂന്നാം സ്ഥാനം: "The Trip Of My Life" (കെവിൻ ക്ലീറ്റസ്, ഗിൽഫോർഡ് )

കവിത (സീനിയർ വിഭാഗം)

ഒന്നാം സ്ഥാനം: "മാതൃസ്മൃതി" (ജോയ്‌സ് സേവ്യർ, ലീഡ്സ്)

രണ്ടാം സ്ഥാനം: "ചുരുളുകൾ" (ബേസിൽ ജോസഫ്, ന്യൂപോർട്ട്‌)

മൂന്നാം സ്ഥാനം: "മടങ്ങി വരും നേരം" (സുനി പൗലോസ്, സൌത്താംപ്റ്റണ്‍)

കവിത (ജൂനിയർ വിഭാഗം)

ഒന്നാം സ്ഥാനം: "Slave To The Social Media" (ഏഞ്ചൽ കുരിയാക്കോസ്, അബറിറ്റ്സ്വിത്ത്‌)

രണ്ടാം സ്ഥാനം: "The Battle Of Nightmares" (ഐവിൻ ജോസ്, ലണ്ടൻ)

 

മൂന്നാം സ്ഥാനം: "Learning To Swim" (ഏഞ്ചൽ ജേക്കബ്, സാലിസ്ബറി)

സാഹിത്യമത്സരങ്ങളുടെ വിധിനിർണ്ണയം നടത്തിയ ആദരണീയരായ പ്രതിഭകളോടും മത്സരങ്ങളുടെ വിജയത്തിനായി പ്രവർത്തിച്ച യുക്മ ദേശീയ, റീജിയണൽ, അസോസിയേഷൻ ഭാരവാഹികളോടും എല്ലാ മത്സരാർഥികളോടും സാംസ്കാരികവേദി വൈസ് ചെയർമാൻ തമ്പി ജോസ്, ജനറൽ കണ്‍വീനർമാരായ സി എ ജോസഫ്, ജയപ്രകാശ് പണിക്കർ സാഹിത്യവിഭാഗം കണ്‍വീനർ ജേക്കബ് കോയിപ്പള്ളി എന്നിവർ നന്ദി അറിയിച്ചു.

സാഹിത്യ മത്സരങ്ങളുടെ വിധിനിർണ്ണയിച്ച പ്രശസ്ത സാഹിത്യ പ്രതിഭകളായ പത്മഭൂഷണ്‍ കാവാലം നാരായണപണിക്കർ, ശ്രീ. പി. ജെ .ജെ ആന്റണി, ജോസഫ് അതിരുങ്കൽ, ഡോ. ജോസഫ് കോയിപ്പള്ളി, ശ്രീമതി മീര കമല എന്നീ വിധികർത്താക്കളുടെ പ്രതികരണങ്ങൾ ചുവടെ കൊടുക്കുന്നു. 

"ലേഖന മത്സരത്തിലെ എല്ലാ മത്സരാർഥികളും ശരാശരി നിലവാരം പുലർത്തി എന്ന് കാണുന്നതിൽ സന്തോഷമുണ്ട്. എങ്കിലും ഒന്നോ രണ്ടോ പേരുടേതൊഴികെ മറ്റുള്ളവരുടെ സമീപനം ഉപരിപ്ലവമായിരുന്നു. വിഷയത്തെ ഗൗരവപൂർണ്ണമായി സമീപിക്കാനുള്ള താല്പര്യം കണ്ടില്ല. സ്വത്വമെന്നത് ഇന്ന് പരക്കെ ചർച്ച ചെയ്യപ്പെടുന്ന വിഷയമായിട്ടും ഒരാൾ പോലും ഇതിനെക്കുറിച്ച് ഇന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി ലഭ്യമായ ഒരു രചനെയെയും പരാമർശിക്കുകയോ ഉദ്ധരിക്കുകയോ ചെയ്തിട്ടില്ല എന്നത് ഖേദകരമാണ്.  മത്സരത്തിൽ പങ്കെടുത്ത എല്ലാവരുടെയും മലയാളം പ്രസാദാത്മകമായിരുന്നുവെന്നത് സന്തോഷത്തോടെ രേഖപ്പെടുത്തുന്നു. ആരും സമകാല മലയാളവുമായി ഇഴചേർന്നില്ലായെന്നതു ഭാവിയിൽ പരിഹരിക്കാവുന്ന ന്യൂനതയാണ്."

 

കുറച്ചു പേരൊഴികെ കൂടുതൽ പേരും കിട്ടിയതൊക്കെ എഴുതി വയ്ക്കുകയായിരുന്നു എന്ന് പറയേണ്ടിവരും. കൂടുതൽ പുസ്തകങ്ങളും വെബ്‌ സൈറ്റുകളും വായിച്ചു നോക്കുന്നതു നന്നായിരിക്കും. എങ്കിലും ഉദ്യമങ്ങൾ പൊതുവെ നല്ലതായിരുന്നു. നന്നായി ശ്രമിച്ചവരാകട്ടെ, വിവിധ ആശയങ്ങളുൾക്കൊള്ളുന്ന ഖണ്ഡികകളായി തിരിച്ചും ആവർത്തന വിരസതയില്ലാതെയും എഴുതിയിട്ടുണ്ട്. എന്നാലും ലേഖനവും പ്രസംഗവും തമ്മിലുള്ള അന്തരം മനസ്സിലാക്കി വാക്കുകളുടെ എണ്ണം പരിമിതപ്പെടുത്തുവാനും വിഷയസംബന്ധിയായി ആവർത്തനങ്ങൾ വരാതെയും ശ്രദ്ധിക്കണം. എല്ലാവരും തന്നെ നല്ല ഉദ്യമത്തിന് അഭിനന്ദനം അർഹിക്കുന്നുണ്ട്. 

കഥാമത്സരങ്ങളിൽ ലഭിച്ച മിക്കകഥകളും ഉദ്ദേശിച്ചത്ര നിലവാരം പുലർത്തിയില്ല എന്നു ഖേദപൂർവ്വം അറിയിക്കട്ടെ. ഗൗരവപൂർവ്വമുള്ള സമീപനം കഥയോട് വേണം. അതു ആവിഷ്കരിക്കുന്നതിനു ചില മാനദന്ധങ്ങൾ ഉണ്ട്. ചില കാര്യങ്ങൾ എഴുതി വച്ചതു കൊണ്ട് മാത്രം അതു കഥയാകുന്നില്ല. പിരിമുറുക്കമുള്ള ഒരു ഭാവാന്തരീക്ഷം കഥയിൽ വരണം. വാക്കുകൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കണം. കഥ ധ്വനിസാന്ദ്രമാകുക എന്നത് പ്രധാനമാണ്. പുതിയ കഥ എവിടെയെത്തിനില്ക്കുന്നു എന്നറിയാനുള്ള ശ്രമം വേണം. അലസമായി എഴുതി അയയ്ക്കുന്ന കുറിപ്പുകളെ കഥയായി കരുതാനാവില്ല. അലസമായി കൈകാര്യം ചെയ്യാവുന്ന ഒന്നല്ല കഥാരചന.

ജീവിതം അനുദിനം മാറുന്നു. സാങ്കേതിക വിദ്യയിൽ വലിയ പുരോഗതി നാം നേടി. ജീവിതവുമായി ബന്ധപ്പെട്ട എല്ലാം മാറി. ഭാഷയിൽ തന്നെ മാറ്റങ്ങൾ വരുന്നു. തീർച്ചയായും കഥയുടെ ആവിഷ്കാരരീതിയും മാറേണ്ടതുണ്ട്. എല്ലാവരും പറഞ്ഞ രീതിയിൽ വീണ്ടും ഒരു കഥ പറയരുത്. പുതിയ വഴി തേടണം. പുതിയ ആവിഷ്കാരരീതി വരുമെങ്കിൽ അഭിനന്ദനീയം. പഴയത് അറിയാതെ പുതിയത് ഉണ്ടാവുകയില്ല. സമ്മാനാർഹമായ കഥകളിൽ ചിലതൊക്കെ സവിശേഷമായ ഒരു മാനസിക വ്യാപാരത്തെ മനോഹരമായി ആവിഷ്കരിക്കുന്നുണ്ട്, അഭിനന്ദനം.

മത്സരത്തിനു കിട്ടിയ കവിതകളിൽ കൂടുതലായി അനുഭവപ്പെട്ടത് ദിശാബോധത്തിന്റെ കുറവാണ്, അവ ശ്രദ്ധിക്കണം. അവയെ അനുഭവവേദ്യമാക്കാൻ കൂടുതൽ വായനകളും ആഴത്തിലുള്ള ചിന്തകളും സഹായിച്ചേക്കാം. കുറച്ചേറെ താളാത്മകമായ കവിതകൾ വായനാസുഖം തന്നു പക്ഷെ, വിഷയബന്ധിയായ താരതമ്യങ്ങളും കവിതയോടുള്ള സമീപനവും ആവിഷ്കരിക്കുന്നതിൽ പിന്നാക്കം പോയിട്ടുണ്ട്. വേറെ കുറച്ചു പേർ എഴുതിയവയിൽ ഒരുപാടു നല്ല രീതികളുടെ ഉപയോഗങ്ങളുണ്ടെങ്കിലും വ്യക്തതയില്ലായ്മ ഒരു ഘടകമായിട്ടുണ്ട്. എല്ലാറ്റിലും മീതെ ഒന്ന് പറയാതെ വയ്യ, ഉദ്യമങ്ങൾ ആത്മാവുള്ളതും ആത്മാർഥവുമായിരുന്നു എന്നു വ്യക്തമാണ്. അതുകൊണ്ട് തന്നെ വളരെ നന്നായിരുന്നു.

മാതൃഭാഷയിൽ നിന്നകന്നു നിന്നിട്ടും അതിനെ നെഞ്ചോടു ചേർക്കാനുള്ള അഭിനിവേശത്തെ ഉൾക്കൊണ്ടു കൊണ്ട് നോക്കുമ്പോൾ മലയാളം എഴുത്തുകാരെയും ആംഗലഭാഷയിൽ സ്വന്തം ഇടം കണ്ടെത്താൻ ശ്രമിക്കുന്ന ആംഗല എഴുത്തുകാരെയും അഭിനന്ദിക്കാതെ വയ്യ എന്നും പറയട്ടെ. യുകെ കലയാളി സംഘടനകളുടെ സംഘടനയായ യുക്മയുടെ ഈ പ്രശംസനീയമായ ഉദ്യമത്തെ അഭിനന്ദിക്കുന്നു."

റീജിയണൽ കലാമേളകളിലും സാഹിത്യമത്സരങ്ങളിലും വിജയികളായവരും പങ്കെടുത്തവരും എല്ലാ യുകെ മലയാളികളും സജീവമായി പങ്കെടുത്ത് യുക്മ ദേശീയ കലാമേള വൻവിജയമാക്കണമെന്ന് ദേശീയ പ്രസിഡന്റ് ഫ്രാൻസീസ് കവളക്കാട്ടിൽ, ദേശീയ ജനറൽ സെക്രട്ടറി സജീഷ് ടോം, ദേശീയ വൈസ് പ്രസിഡന്റും കലാമേള ജനറൽ കണ്‍വീനറുമായ മാമ്മൻ ഫിലിപ്പ് എന്നിവർ അഭ്യർഥിച്ചു.

ദേശീയ കലാമേള നടക്കുന്ന ഹണ്ടിംഗ് ടണിലെ എം എസ് സ്വാമിനാഥൻ നഗറിന്റെ വിലാസം: 

MSV Nagar 

St. IVO Secondary School,

Saint Ives, High Leys 

 

Huntingdonshire PE27 6RR      




കൂടുതല്‍വാര്‍ത്തകള്‍.