CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 10 Seconds Ago
Breaking Now

ഇന്നലെ പ്രസിദ്ധീകരിക്കപ്പെട്ട ബിന്‍സു ജോണിനെ കുറിച്ചുള്ള വ്യാജ വാർത്തയെ സംബന്ധിച്ച് വിജി കെ. പിയുടെയും യുക്മ സ്ഥാപക പ്രസിഡന്റ്‌ വർഗീസ്‌ ജോണിന്റെയും പ്രതികരണം

യുക്മ മുന്‍ ജനറല്‍സെക്രട്ടറി ബിന്‍സു ജോണിനെ അപമാനിച്ച് കൊണ്ട് ഇന്ന്! ഒരു ബ്ലോഗില്‍ അടിസ്ഥാനരഹിതമായ ഒരു ആരോപണം പ്രസിദ്ധീകരിച്ചതായി ശ്രദ്ധയില്‍ പെടുകയുണ്ടായി. ആ വാര്‍ത്തയില്‍ എന്റെ പേരും, ഒരു വര്‍ഷം മുന്‍പ് നടന്ന ഒരു വിവാഹ വാര്‍ഷിക ചടങ്ങില്‍ അന്നത്തെ യുക്മ ഭാരവാഹികള്‍ എല്ലാവരും പങ്കെടുത്തപ്പോള്‍ പൊതുവായി എടുത്ത ഒരു ഫോട്ടോയും ഇതില്‍ പങ്കെടുത്ത ഒരു സുഹൃത്തിന്റെ ഫേസ്ബുക്ക് പേജില്‍ നിന്ന് അടിച്ചെടുത്ത് അതില്‍ അനുബന്ധമായി ചേര്‍ത്തതും ശ്രദ്ധയില്‍ പെടുകയുണ്ടായി. 

ഞാന്‍ യുക്മയുടെ പ്രസിഡണ്ടായി പ്രവര്‍ത്തിച്ച ആദ്യ കാലഘട്ടത്തില്‍ ജോയിന്റ് സെക്രട്ടറി എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ബിന്‍സു ജോണ്‍   പ്രസിഡണ്ട് സ്ഥാനത്തെ എന്റെ രണ്ടാമൂഴത്തില്‍ ജനറല്‍ സെക്രട്ടറിയായി സംഘടനയുടെ അസൂയാവഹമായ വളര്‍ച്ചയ്ക്ക് ശക്തമായ  പിന്‍തുണ നല്‍കിയ ഒരു വ്യക്തിയാണ്. ആ ബിന്‍സു ഇപ്പോള്‍ സംഘടന പിളര്‍ത്തുവാന്‍ വേണ്ടി ഞാനും മുന്‍ പ്രസിഡണ്ടായ ശ്രീ. വര്‍ഗീസ് ജോണുമായും ഗൂഡാലോചന  നടത്തി എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുവാനുള്ള ഒരു വിഫല ശ്രമം നടത്തിയ പത്രാധിപരോട് ഒന്നേ പറയുവാനുള്ളൂ. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാധ്യമ മാടമ്പി ചമഞ്ഞ് എതിര്‍ക്കുന്നവരെ വ്യാജ വാര്‍ത്തകള്‍ ചമച്ച് തന്റെ വരുതിയില്‍ നിര്‍ത്തുന്ന താങ്കളുടെ തരംതാണ മാധ്യമ സംസ്‌കാരത്തെ ചങ്കൂറ്റത്തോടെ യുക്മ എന്ന സംഘടനയുടെ പിന്‍ബലത്തോടെ അടിച്ചമര്‍ത്ത വാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞത് യുകെ മലയാളികളെ പറഞ്ഞ് ബോധിപ്പിക്കേണ്ട കാര്യമില്ല. 

എങ്കില്‍ പോലും ഒന്ന് രണ്ട് കാര്യങ്ങള്‍ ഇത്തരക്കാരെ ഓര്‍മ്മപ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഈ സംഘടന തുടങ്ങിയ കാലം മുതല്‍ സംഘടനക്കെതിരായും സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ക്കെതിരായും വാര്‍ത്തകള്‍ പ്രചരിപ്പിച്ച് കൊണ്ട് നിങ്ങള്‍ മുന്നോട്ട് പോയപ്പോഴും യുക്മ ശക്തമായി മുന്നോട്ട് പോകുന്നു എന്ന് കണ്ടപ്പോള്‍, ചില തല്‍പ്പര കക്ഷികളുടെ പിന്‍തുണയോടെ യുക്മയ്ക്ക് ബദലായി ഒരു സംഘടനയുണ്ടാക്കാന്‍ നേതൃത്വം കൊടുത്തത് നിങ്ങളല്ലേ?. രണ്ട് വര്‍ഷം കൊണ്ട് യുക്മ തകര്‍ക്കുമെന്ന് വെല്ലുവിളിച്ച് കൊണ്ട് ഉണ്ടാക്കിയ ഫോബ്മയുടെ ഇന്നത്തെ അവസ്ഥ എന്താണെന്നും ആ സംഘടനയില്‍ താങ്കളുടെ സ്ഥാനം എന്താണെന്നും മനസ്സിലാക്കിയാല്‍ യുകെയിലെ മലയാളികള്‍ക്കിടയില്‍ ഉള്ള  നിങ്ങളുടെ സ്ഥാനം എന്തെന്ന് സ്വയം വിലയിരുത്താം.

2014 നവംബര്‍ 8 എന്ന തീയതി എനിക്ക് മറക്കാന്‍ കഴിയില്ല. യുകെ മലയാളി സമൂഹത്തിന്റെ സ്വപ്ന പദ്ധതിയായ, ഉത്സവം പോലെ നമ്മള്‍ കൊണ്ടാടുന്ന യുക്മ നാഷണല്‍ കലാമേളയ്ക്ക് ബദലായി താങ്കള്‍ അന്ന് നേതൃത്വം കൊടുത്ത കടലാസ് സംഘടനയെ കൊണ്ട് അന്നേ ദിവസം തന്നെ കലാമേള നടത്തി യുക്മ കലാമേളയെ തകര്‍ക്കാന്‍ നിങ്ങള്‍ നടത്തിയ ശ്രമത്തെ ജനകീയ പങ്കാളിത്തത്തോടെ മധുരമായി പരാജയപ്പെടുത്തിയത് താങ്കളും മറന്നു കാണില്ലയെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ നടത്തിയ കലാമേളയെ കുറിച്ച് ഒരു കോളം വാര്‍ത്ത പോലും താങ്കളുടെ ബ്ലോഗില്‍ പ്രചരിപ്പിക്കാഞ്ഞിട്ട് പോലും ആ കലാമേള വന്‍ വിജയമാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. 

ഈ വര്‍ഷത്തെ യുക്മ നാഷണല്‍ കലാമേള ഈ വാരാന്ത്യത്തില്‍ നടക്കുമ്പോള്‍ വളരെ സ്‌നേഹപൂര്‍വ്വം ഒരു ചോദ്യം നിങ്ങളോട് ചോദിക്കട്ടെ, അന്ന് നിങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച സംഘടനയുടെ കലാമേള ഈ വര്‍ഷം എന്ന് എവിടെ വച്ച് എന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയുമോ? ഇന്നത്തെ വാര്‍ത്ത കൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്നത് ഒരു കലക്ക വെള്ളത്തിലെ മീന്‍ പിടുത്തം ആണെങ്കില്‍ ഞാന്‍ അടിവരയിട്ട് പറയുന്നു. യുക്മ കലാമേള തുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം നില്‍ക്കുമ്പോള്‍ ഇത് പോലെ ഒരു വ്യാജ വാര്‍ത്ത സൃഷ്ടിച്ച് കൊണ്ട് സംഘടനയ്ക്കുള്ളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് കൊണ്ട് കലാമേളയില്‍ ഒരു കല്ലുകടി ഉണ്ടാക്കുക എന്ന ഗൂഡ ലക്ഷ്യം മാത്രമേ നിങ്ങളുടെ മുന്നിലുള്ളൂ എന്നതുറപ്പാണ്. അപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിച്ച് കൊണ്ട് വാര്‍ത്ത പ്രചരിപ്പിക്കുകയും, നിങ്ങള്‍ എഴുതുന്നത് അപ്പാടെ മലയാളി സമൂഹം വിശ്വസിക്കുമെന്ന വ്യര്‍ത്ഥമായ ചിന്താഗതി വച്ച് പുലര്‍ത്തുകയും ചെയ്യുന്നത് വിദ്യാസമ്പന്നരായ യുകെ മലയാളി സമൂഹത്തെ വളരെ വില കുറച്ച് നിങ്ങള്‍ വിലയിരുത്തുന്നു എന്നതിനാലാണ്. നിങ്ങളുടെ ഈ ശ്രമങ്ങള്‍ ഒക്കെ മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമായി അവശേഷിക്കുകയെ ഉള്ളൂ എന്ന്! കൂടി പറയട്ടെ.. 

യുക്മ മുന്‍ സെക്രട്ടറി ബിന്‍സു ജോണിനെ മോശമായി ചിത്രീകരിച്ച് കൊണ്ട് കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ ബ്ലോഗില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍ പെടുകയുണ്ടായി. ആ വാര്‍ത്തയില്‍ യുക്മയുടെ വളര്‍ച്ചയില്‍ വളരെയധികം പങ്ക് വഹിക്കുകയും ഇപ്പോഴും വഹിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്ന ബിന്‍സു ജോണിനെ യുക്മയെ പിളര്‍ത്താന്‍ ശ്രമിക്കുന്ന ഒരു വ്യക്തിയായി ചിത്രീകരിച്ച് കാണുകയുണ്ടായി. ഇതിന് വിശ്വാസ്യത വരുത്തുന്നതിനായി ബിന്‍സു ജോണ്‍ യുക്മയെ പിളര്‍ത്താന്‍ സഹായിക്കണം എന്ന് എന്നോട് ആവശ്യപ്പെട്ടതായി എഴുതിയിരിക്കുന്നത് കണ്ടു. 

ഇത് സംബന്ധിച്ച എന്റെ നിലപാട് വ്യക്തമാക്കാനാണ് ഞാന്‍ ഈ പ്രസ്താവന പ്രസിദ്ധീകരിക്കുന്നത്. ബിന്‍സു ജോണ്‍ ഒരിക്കല്‍ പോലും യുക്മയെ തകര്‍ക്കുന്നതോ പിളര്‍ക്കുന്നതോ ആയ ഒരു നീക്കത്തിനും വേണ്ടി എന്നെ വിളിച്ചിട്ടില്ല. യുക്മ എന്ന സംഘടനയെ ഏറെ സ്‌നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിലുള്ള സംഭാഷണങ്ങള്‍ അല്ലാതെ ഒരിക്കല്‍ പോലും ബിന്‍സുവും ഞാനും തമ്മില്‍ ഉണ്ടായിട്ടില്ല. ഈ വാര്‍ത്തയില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങള്‍ ബിന്‍സുവിനെ വ്യക്തിപരമായും സംഘടനാപരമായും തേജോവധം ചെയ്യുക എന്ന ഉദ്ദേശത്തില്‍ ഉള്ളതാണ്. യുക്മ എന്ന സംഘടന ഞങ്ങള്‍ക്ക് ഒരു വികാരമാണെന്നും സംഘടനാ വിരോധികളായി ഞങ്ങളെ ചിത്രീകരിക്കാന്‍ ആര് ശ്രമിച്ചാലും ഞങ്ങള്‍ ഒറ്റക്കെട്ടായി തന്നെ അതിനെ നേരിടുമെന്നും ഞാന്‍ വ്യക്തമാക്കുന്നു. 

സ്‌നേഹപൂര്‍വ്വം, 

 

വര്‍ഗീസ് ജോണ്‍ (സ്ഥാപക പ്രസിഡണ്ട്, യുക്മ)




കൂടുതല്‍വാര്‍ത്തകള്‍.