CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 22 Seconds Ago
Breaking Now

ഫോബ്മ കലോത്സവത്തിൽ പങ്കെടുക്കുവാൻ ഇനിയും അവസരം , രജിസ്ട്രേഷൻ അവസാന തിയതി നവംബർ 25 ബുധനാഴ്ച, പ്രസംഗ മത്സര വിഷയങ്ങളും പ്രഖ്യാപിച്ചു

നവംബർ  28 നു ബർമിങ്ങ്ഹാമിൽ വച്ചു നടക്കുന്ന ഫോബ്മ കലോത്സവത്തിന്റെ രജിസ്ട്രേഷൻ സ്വീകരിക്കുന്ന അവസാന തിയതി പൊതു ജന അഭ്യർത്ഥന  മാനിച്ചു മൂന്നു ദിവസം കൂടി നീട്ടി.  ഈ വരുന്ന ബുധനാഴ്ച വരെ ഫോബ്മ കലോത്സവത്തിന് പേരു രജിസ്റ്റർ ചെയ്യാവുന്നതാണ്.  മുൻകൂട്ടി അറിയിച്ചിരുന്നത് പോലെ ഈ വർഷത്തെ കലോത്സവത്തിലെ പ്രസംഗ മത്സര വിഷയങ്ങളും കലോത്സവ കമ്മിറ്റി മത്സരാർത്ഥികളെ അറിയിച്ചു കഴിഞ്ഞു.  രണ്ടു വിഷയങ്ങൾ ആണ് മുൻ‌കൂർ നല്കുക, ഇവയിൽ നിന്ന് കലോത്സവ വേദിയിൽ വച്ച്  നറുക്കിട്ട്  എടുക്കുന്ന ഒരു വിഷയത്തിൽ ആയിരിക്കും മത്സരം നടക്കുക. ഒൻപതു വയസ്സ്   മുതൽ പതിനഞ്ചു വയസ്സ് വരെയുള്ള കുട്ടികൾക്ക്  മലയാളത്തിലും ഇംഗ്ലീഷിലും  വെവ്വേറെ പ്രസംഗ മത്സരങ്ങളാണുള്ളത്.  പതിനാറു വയസ്സിനു മുകളിലേക്കുള്ള സീനിയർ വിഭാഗത്തിൽ മലയാളത്തിൽ മാത്രമേ പ്രസംഗ മത്സരം ഉണ്ടാകൂ

ജൂനിയർ വിഭാഗത്തിന്റെ പ്രസംഗ മത്സര വിഷയങ്ങൾ 

 1. ഒരു നല്ല പ്രസംഗത്തിന്റെ ഗുണങ്ങൾ  /  Qualities  of   a  good  speech

2. ആത്മ വിശ്വാസം  / Confidence 

സീനിയർ വിഭാഗത്തിന്റെ പ്രസംഗ മത്സര വിഷയങ്ങൾ

 1. ഞാൻ ഈ ലോകം ഭരിച്ചാൽ  (If  I  rule  the  World)

2. സമയ വിനിയോഗം  (Time  management )

വ്യക്തിത്വ വികസനത്തിനുപകരിക്കുന്നതും  കാണികളുമായി നേരിട്ടു സംവദിക്കുവാൻ ഏറ്റവും അധികം അവസരം ലഭിക്കുന്ന ഒരു മഹത്തായ കലയാണു പ്രസംഗം.  മുൻപിലിരിക്കുന്ന നൂറു കണക്കിന് കാണികളെയും കൂർമ്മ ദൃഷ്ടിയോടെ കാതു കൂർപ്പിച്ചിരിക്കുന്ന വിധി കർത്താക്കളേയും ഒരുപോലെ നേരിട്ട്  അനുവദനീയ സമയത്തിനുള്ളിൽ തന്നിരിക്കുന്ന വിഷയം ആധികാരികമായും തന്മയത്വമായും  അവതരിപ്പിക്കുവാൻ അവസരം ലഭിക്കുക എന്നത്  സഭാകമ്പം മാറ്റി എടുക്കുവാനും അനുദിന ജീവിതത്തിലെ വെല്ലുവിളികൾ   നേരിടാനുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും സഹായിക്കുന്ന  ഒന്നാണ്. സമ്മാനം ലഭിക്കുക  എന്നതിലും ഈ ഒരു കല നല്കുന്ന വ്യകതിത്വ വികസനം ആണ്  പ്രധാനം.

നാട്ടിലെ സ്കൂൾ കലോത്സവത്തിന്റെ അതേ മാതൃകയിൽ എല്ലാ ജനപ്രിയ കലകളും ഉൾപ്പെടുത്തികൊണ്ടു തന്നെയാണ് ഈ വർഷവും കലോത്സവം അരങ്ങേറുന്നത്.  മത്സരത്തിന്റെ വിശദാംശങ്ങൾ അറിയുവാനും രജിസ്ട്രേഷൻ ഫോം ലഭിക്കുന്നതിനുമായി ഇൻഫോ.ഫോബ്മ@ജിമെയിൽ.കോം (info.fobma@gmail.com) എന്ന ഈ മെയിൽ അഡ്രസ്സിലേക്കു എഴുതുകയോ  ഫോബ്മ   വെബ്‌ സൈറ്റിലെ കലോത്സവം 2015 എന്ന പേജ് (http://www.fobmauk.org/arts-and-literature/kalolsavam-2015/) സന്ദർശിക്കുകയോ  ചെയ്യുക. നവംബർ 25 നു മുൻപ് അപേക്ഷിക്കുന്നവർക്കായിരിക്കും ഈ വർഷത്തെ ഫോബ്മ കലോത്സവത്തിൽ മാറ്റുരയ്ക്കുവാൻ  അവസരം ലഭിക്കുക .  അഞ്ചു വയസ്സുമുതൽ മുകളിലേയ്ക്കുള്ള കുട്ടികളും മുതിർന്നവരും മൂന്നു ഗ്രൂപ്പുകളിലായി 34 ഇനങ്ങളിൽ ആണ് മത്സരിക്കുക. സ്വർണ്ണ നാണയങ്ങൾ അടക്കമുള്ള കാഷ് അവാർഡുകളാണു  വിജയികളെ കാത്തിരിക്കുന്നത്.   കലയെ സ്നേഹിക്കുന്ന അതതു മേഖലകളിലെ വിദഗ്ദരായ കലോപാസകരായിരിക്കും ഓരോ ഇനങ്ങളിലും വിധികർത്താക്കളായി കടന്നു വരിക.

ജാതി മത രാഷ്ട്രീയ സംഘടന ചേരി തിരിവുകളില്ലാതെ യൂകെയിൽ താമസിക്കുന്ന, സ്വന്തം പ്രതിഭ തെളിയിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരു മലയാളിക്കും തികച്ചും സ്വതന്ത്രമായി പങ്കെടുക്കുവാൻ സാധിക്കുന്ന കലാമാമാങ്കമാണ് ഫോബ്മ കലോത്സവം. കഴിഞ്ഞ വർഷത്തെ പോലെ  തന്നെ  മതമോ രാഷ്ട്രീയമോ ഏതെങ്കിലും സംഘടനയിലെ  അംഗത്വമോ മാനദണ്ഡം ആക്കാതെ  പ്രതിഭ തെളിയിക്കുവാൻ ആഗ്രഹമുള്ള ആർക്കും പങ്കെടുക്കാവുന്ന തരത്തിൽ ആണു ഫോബ്മ കലോത്സവം ഈ വർഷവും വിഭാവനം ചെയ്തിരിക്കുന്നത്.  കലയ്ക്കും കലാകാരന്മാർക്കും പ്രാധാന്യം കൊടുത്തുകൊണ്ട് അവരുടെ ഉത്തമ പ്രകടനങ്ങൾ പുറത്തെടുക്കുവാനുള്ള അവസരങ്ങൾ ഒരുക്കുക എന്നതാണ് ഫോബ്മ കലോത്സവത്തിന്റെ ലക്‌ഷ്യം. യാതൊരു തിരി മറികൾക്കും ഇട കൊടുക്കാതെ വേദികളിൽ ഉടനുടൻ ഫലങ്ങൾ പ്രഖ്യാപിക്കുന്ന പതിവ് കഴിഞ്ഞ കലോൽസവത്തിലൂടെ  യൂകെ മലയാളികൾക്ക്   ആദ്യമായി പരിചയപെടുത്തി വിശ്വാസ്യതയും കയ്യടിയും നേടിയ ഫോബ്മ, ഇത്തവണയും പങ്കെടുക്കുന്നവർക്കും  സംഘാടകർക്കും ഒരു പോലെ ആസ്വാദ്യകരമായ രീതിയിൽ സുതാര്യമായ കുറ്റമറ്റ വേദികൾ ആണു ഒരുക്കുന്നത്.  സംഘടന അംഗത്വം ഇല്ലാത്തത് കൊണ്ടു മാത്രം സ്വന്തം പ്രതിഭ തെളിയിക്കുവാൻ വേദി ലഭിക്കാതെ പോകുന്നവർക്കുള്ള  ഒരു  അസുലഭ അവസരമാണ് ഫോബ്മ കലോത്സവം.  ഇതര സമാനസംഘടനകളിൽ നിന്നും വ്യത്യസ്തമായി കുറ്റമറ്റ വിധിനിർണ്ണയവും കൃത്യനിഷ്ഠയും  സ്വർണ്ണ നാണയങ്ങൾ അടക്കമുള്ള ആകർഷകങ്ങളായ സമ്മാനങ്ങളും ഒക്കെ ആയി ഫോബ്മ കലോത്സവം കലാ ഹൃദയങ്ങൾക്ക്‌ ഒരു പുതു പുത്തൻ അനുഭവം ആയിരുന്നു കഴിഞ്ഞ വർഷം പകർന്നുനല്കിയത്.  ഈ മഹത്തായ മാമാങ്കത്തിന്റെ സംഘാടനത്തിൽ പങ്കുകാരായി ചരിത്രത്തിന്റെഭാഗമാകുവാൻ ആഗ്രഹിക്കുന്നവർ ഫോബ്മ പ്രതിനിധികളുമായോ  info.fobma@gmail.com  എന്ന ഇമെയിലിലോ ബന്ധപ്പെടുക




കൂടുതല്‍വാര്‍ത്തകള്‍.