‘ തന്റെ വിശുദ്ധരുടെ മരണം കര്ത്താവിന് അമൂല്യമാണ് ‘ സങ്കീര്‍ത്തനങ്ങള്‍ 116:15.
നവംബര്‍ 27 വെള്ളിയാഴ്ച ലണ്ടനില്‍ ആറ് മണിക്ക് ശുശ്രൂഷക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് ഒരു ഫോണ്‍ കോള്‍. അലന്റെ മരണവാര്‍ത്ത അറിയിച്ചു കൊണ്ട് മറുതലക്കല്‍ പതറിയ ശബ്ദത്തില്‍ ടുട്ടിങ്ങില് നിന്നുള്ള അനൂപ് ബ്രദര്‍. എന്റെ ഭാവമാറ്റം ശ്രദ്ധിച്ച ടീം അംഗങ്ങള്‍ ഓടിയെത്തി. ഉയര്‍ന്നു വന്ന കരച്ചിലുകളെല്ലാം അടക്കി കൃത്യം ആറ് മണിക്ക് ദൈവ രാജ്യത്തിനായി മറ്റൊരു ശുശ്രൂഷയിലേക്ക് നമ്മള് പ്രവേശിച്ചു.
അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അലനെ ആദ്യമായി പരിചയപ്പെടുന്നത്. സോജിയച്ചന്റെ ക്ഷണപ്രകാരം അലന്റെ നേതൃത്വത്തില്‍ കുറച്ച് കൗമാരപ്രായക്കാര്‍ കവന്‍ട്രിയില്‍ ശുശ്രൂഷക്ക് വന്നു. ആ ദിവസങ്ങളില്‍ അവര്‍ താമസിച്ച വീട്ടിലെ ജയ്സണ്‍ തന്റെ അനുഭവം വിവരിക്കുന്നത് ഇങ്ങനെ ‘ വല്ലപ്പോഴും വന്നു വീഞ്ഞു കുടിക്കുന്നതും ബിയര്‍ കഴിക്കുന്നതും സാരമില്ല എന്നാണ് പലരുടേയും വിചാരം എന്നു തുടങ്ങുന്ന അലന്റെ വാക്കുകള്‍ അന്നു മുതല്‍ ഇന്നു വരെ വിശുദ്ധ കുര്‍ബാനയില്‍ യേശുവിന്റെ രക്തമായി മാറുന്ന വീഞ്ഞല്ലാതെ മറ്റെല്ലാ ലഹരിയില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനില്‍ക്കുന്ന കൃപയിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തി. ‘സ്വര്‍ഗ്ഗം തിരഞ്ഞെടുത്ത ഒരു വ്യക്തിയുടെ സാന്നിദ്ധ്യവും സംസര്‍ഗ്ഗവും എത്രയോ വലുതാണെന്ന് അലന്റെ കൊച്ചു ജീവിതം നമുക്ക് പറഞ്ഞു തരുന്നു'.
സ്വാഭാവികമായ എല്ലാ കഴിവുകളും കുറവുകളുമുണ്ടായിരുന്ന, അതിസ്വാഭാവികമായ കൃപാജീവിതം നയിച്ച വ്യക്തിത്വമായിരുന്നു അലന്റേത്. നിയമ വിദ്യാര്‍ത്ഥിയായ നെവിന് പറയുന്നത് പോലെ "ലോകത്തിന്റെ കെട്ടിലും മട്ടിലും ജീവിച്ച ഒരു കൗമാരക്കാരന്റെ മാനസാന്തരം പലര്‍ക്കും അത്ഭുതമായിരുന്നു. ആ മാറ്റത്തില്‍ സംശയിച്ചവര്‍ ഏറെ. എന്നാല്‍ അലന് തൊട്ട ജീവിതങ്ങള്‍ അനവധി. അവനിലൂടെ വിശ്വാസവഴിയിലേക്ക് കടന്നു വന്നവര്‍ അനവധി." ആരുമറിയാത്ത എത്രയോ മനോഹരങ്ങളായ സാക്ഷ്യങ്ങളാണ് ഈ ദിവസങ്ങളില്‍ ദൈവമഹത്വത്തിനായി പങ്കുവക്കപ്പെടുന്നത്.
വട്ടായിയച്ചനോടും സോജിയച്ചനോടുമുള്ള ആഴമേറിയ ആത്മബന്ധം സെഹിയോന്‍ ശുശ്രൂഷകളോട് ചേര്‍ന്നു നില്ക്കാന് അലന് പ്രേരകശക്തിയായി. പിതാവിനടുത്ത വാത്സല്യവും കരുതലുമായിരുന്നു എന്നുവേണം വട്ടായി അച്ചന് അലനോട് ഉണ്ടായിരുന്നത് . സെഹിയോന്‍ ശുശ്രൂഷകളോട് ചേര്‍ന്ന് ലോക സുവിശേഷവത്കരണത്തിനു വേണ്ടി ജ്വലിക്കുന്ന ഓരോ വിശുദ്ധനായ വൈദികനാകണമെന്നത് അവന്റെ ആഗ്രഹമായിരുന്നു. ലണ്ടൻ ഹൈഡ്പോട്ടില് യേശുവിനെ സധൈര്യം പ്രഘോഷിക്കുന്ന അലന്റെ വീഡിയോ അവന്റെ തീക്ഷണതക്ക് വലിയ ഉദാഹരണം. കേരള കാത്തോലിക്കാ സഭയില്‍ ഈ പ്രായത്തില്‍ പരിശുദ്ധാത്മവിന്റെ എല്ലാ വരങ്ങളും ശാന്തമായി ഉപയോഗിക്കുന്ന മറ്റു വ്യക്തികള്‍ ഉണ്ടാവാന്‍ ഇടയില്ല. ആത്മാവിന്റെ എല്ലാ വരങ്ങളും നിറഞ്ഞുനിന്ന ഈ കൊച്ചുജീവിതം അഭിഷേക വളര്‍ച്ചക്കായി നിരന്തരം കൊതിച്ചിരുന്നു. ഡോ. ജോണ്‍, സന്തോഷ് കരുമാത്ര, ഡോ. അപ്പു സിറിയക്, സന്തോഷ് ടി, ഗ്ലിറ്റസ് ബ്രദര്‍, റെജി കൊട്ടാരം തുടങ്ങിയ എല്ലാ ആത്മീയ വ്യക്തികളോടും അടുത്തബന്ധം പുലര്‍ത്താന്‍ അലന് സാധിച്ചു. അനേക ശുശ്രൂഷകളില്‍ ഒന്നായിരിക്കാനും അനേകം തവണ എന്റെ വീട്ടില്‍ ഒരു കുടുംബാംഗത്തെപ്പോലെ ചിലവഴിക്കാനും കര്‍ത്താവ് അനുഗ്രഹം തന്നു.
അലന്റെ നിറഞ്ഞ പുഞ്ചിരിയും, നിഷ്കളങ്ക സ്നേഹവും ആഴമേറിയ വിനയവും വിധേയത്വവും, പ്രാര്‍ത്ഥനാ തീക്ഷണതയും , ത്യയാഗസന്നദ്ധതയും യുവതലമുറക്ക് ആവേശവും കരുത്തുമായി മാറുമെന്നതില്‍ സംശയമില്ല. യുവതീയുവാക്കള്‍ക്ക് വേണ്ടി ഒരുക്കപ്പെട്ട ആദ്യ School Of Evangelyahon പ്രോഗ്രാമില്‍ അലന് ടീമിന്റെ എല്ലാമായിരുന്നു. അലന്റെ തീക്ഷണതയും മാനസാന്തരജീവിതവും യേശുവിനോടുള്ള എന്തെന്നില്ലാത്ത സ്നേഹവും അനേകരെ ആകര്‍ഷിച്ചു. വാഹനാപകടത്തില്‍പ്പെട്ട് മരിക്കുന്ന രണ്ട് യുവതീയുവാക്കളെ കേന്ദ്രമാക്കി സ്വര്‍ഗ്ഗനരകങ്ങളെ കുറിച്ച് അലനും ജാക്സണും ചേര്‍ന്ന് അവതരിപ്പിച്ച സ്കിറ്റ്, അലന്റെ ജീവിതമായി മാറിയത് സ്വര്‍ഗ്ഗീയ പദ്ധതിയെന്ന് നമുക്ക് വിശ്വസിക്കാം. ഈ ഓര്‍മ്മക്കുറിപ്പ് ഒരു അര്‍ത്ഥത്തിലും പൂര്‍ണ്ണമല്ല.
വിശുദ്ധ ബൈബിൾ നെഞ്ചിലേന്തി ജപമാല കരങ്ങളിൽ പിടിച്ച് യേശുവിനു വേണ്ടി ജീവിതം മാറ്റി വച്ച 'ഈ യുവ സുവിശേഷകൻ' സമ്മാനിച്ച നന്മകൾ വാക്കുകൾക്ക് ഉപരിയാണ്. യുകെയിലെ മലയാളി സമൂഹത്തിൽ നിന്നും ആദ്യമായി ദൈവവിളിയ്ക്കായി / സുവിശേഷ വേലക്കായി തീരുമാനമെടുക്കാൻ കർത്താവ് അലനെ അനുഗ്രഹിച്ചു.
ഈ വിശുദ്ധ ജീവിതത്തെ ഓർത്ത് നമുക്ക് കർത്താവിന് നന്ദി പറയാം. നിത്യതക്ക് വേണ്ടി ഒരുങ്ങുവാൻ - യേശുവിനെ പ്രഘോഷിക്കുവാൻ അലന്റെ ജീവിതം നമുക്ക് പ്രചോദനമായി മാറട്ടെ. അലന്റെ ആത്മാവിനു വേണ്ടി ഈ വേർപാടിൽ വേദനിക്കുന്ന പ്രിയപ്പെട്ടവര്‍ക്കായി പ്രാർഥിക്കാം.
അലന്റെ വേർപാട് സെഹിയോന്‍ വലിയ നഷ്ടവും ദു:ഖവുമാണ്. അലന് വേണ്ടി ഉയർത്തപ്പെടുന്ന ഓരോ പ്രാർത്ഥനകളും അശ്രുക്കളിൽ മുറിഞ്ഞു പോകുന്നു. ഭൂമിയിൽ ചെയ്തതിൽ ഏറെ സ്വർഗത്തിൽ നിന്ന് അലൻ ചെയ്യുമെന്ന പ്രത്യാശ ആശ്വാസവും ആവേശവുമായി മാറുകയാണ്.
ആത്മീയ സാന്നിധ്യം കൊണ്ട് നിറയ്ക്കപ്പെടുന്ന അലന്റെ ശവസംസ്കാര ചടങ്ങുകൾ വലിയൊരു ആത്മീയ ശുശ്രൂഷ യായി രൂപാന്തരപ്പെടും. വട്ടായിലച്ചന്റെയും സോജിയച്ചന്റെയും സാനിധ്യവും പ്രാർത്ഥനകളും പ്രിയപ്പെട്ടവർക്ക് ആശ്വാസമായി മാറും. ശവസംസ്കാര ശുശ്രൂഷകൾ യുകെ സമയം രാവിലെ9മുതൽWWW.KARIKUNNAMLIVE.COM എന്ന സൈറ്റിൽ ലഭ്യമാണ്.
അനേകർക്ക് അലൻ ആത്മമിത്രമായിരുന്നു. നൂറു കണക്കിന് കുട്ടികൾക്ക് അവരുടെ പ്രിയപ്പെട്ട അലൻചേട്ടായി, അനേകം മാതാപിതാക്കൾക്ക് പ്രിയപ്പെട്ട അലൻമോൻ. അലൻ നീയെന്റെ അലൻ കുട്ടനായിരുന്നു. '' അലൻ കുട്ടന് കണ്ണുനീരിൽ കുതിർന്ന ഒരായിരം പ്രാർത്ഥനകൾ '' .