CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 44 Minutes 18 Seconds Ago
Breaking Now

തിരുപിറവിയുടെ സ്മരണയിൽ ലിവർപൂളിൽ ക്രിസ്തുമസ് ആഘോഷം ഭക്തിസാന്ദ്രമായി

പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്നു കൊണ്ട് ലോകമെമ്പാടും ഉള്ള ക്രൈസ്തവർക്കൊപ്പം ലിവർപൂളിലെ മലയാളികളും ക്രിസ്തുമസ് ആഘോഷിച്ചു. ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ചു വ്യാഴാഴ്ച രാത്രി പ്രത്യേക ശുശ്രൂഷകളും പ്രാർത്ഥനകളും നടന്നു. 

ഹോളി നെയിം സീറോ മലബാർ കാത്തലിക് ചർച്ചിന്റെ നേതൃത്വത്തിൽ സെന്റ്‌. ഫിലോമ്ന ദേവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങളിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. തിരുക്കർമ്മങ്ങൾക്ക് സീറോ മലബാർ ലിവർപൂൾ ചാപ്ലയിൻ ഫാ. ജിനോ അരീക്കാട്ട് കാർമ്മികത്വം വഹിച്ചു. വി. കുർബാനയുടെ ആരംഭത്തിൽ ഉണ്ണിയേശുവിന്റെ രൂപം വെഞ്ചെരിച്ച് പ്രദക്ഷിണമായി പുൽക്കൂട്ടിൽ കിടത്തി. തുടർന്ന് തിരുപ്പിറവിയുടെ സന്ദേശം കാർമ്മികൻ വിശ്വാസികൾക്ക് നൽകി.   


പ്രത്യാശയുടെ വെളിച്ചത്തിലൂടെ സഞ്ചരിക്കാനും തെറ്റുകൾ തിരുത്തി ഈശ്വര വിശ്വാസത്തിൽ അധിഷ്ഠിതമായ കുടുംബ ജീവിതം നയിക്കുവാനും തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നവരോട് ഫാ. ജിനോ അരീക്കാട്ട് ആവശ്യപ്പെട്ടു. പരസ്പരം ഉള്ള സ്നേഹവും പങ്കു വയ്ക്കലും കൂടി ചേരുമ്പോൾ ആണ് ക്രിസ്തുമസ് ഒരു വലിയ അനുഭവമായി തീരുന്നതെന്ന് കാര്‍മ്മികന്‍ ക്രിസ്തുമസ് സന്ദേശത്തില്‍ എടുത്ത് പറഞ്ഞു.


ബത്‌ലഹേമിന്റെ മലച്ചെരുവുകളില്‍ ദൈവപുത്രന്റെ വരവറിയിച്ചുകൊണ്ട് രണ്ടായിരം വര്‍ഷം മുന്‍പ് മാലാഖമാര്‍ ആട്ടിടയന്‍മാര്‍ക്ക് സമാധാനത്തിന്റെ പുതിയ സന്ദേശം നല്‍കിയ ആ പുണ്യദിനത്തിന്റെ മാറ്റൊലികള്‍ വീണ്ടും തിരുകര്‍മ്മങ്ങളില്‍ വിശ്വാസികളുടെ മനസ്സില്‍ തെളിഞ്ഞു വന്നു. ബിനോയിയുടെ നേതൃത്വത്തില്‍ ഗായകസംഘത്തിന്റെ ഗാനങ്ങള്‍ തിരുകര്‍മ്മങ്ങളെ ഭക്തിയുടെ ഉന്നതിയില്‍ എത്തിച്ചു.


ഫാ. ജിനോ അരീക്കാട്ട് ലിവര്‍പൂളിലെ എല്ലാ മലയാളികള്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു. പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസ്സുമായി നൂറ് കണക്കിന് വിശ്വാസികള്‍ എല്ലാ തിരുകര്‍മ്മങ്ങളിലും പങ്കെടുത്തു. നാടും നഗരവും ക്രിസ്തുമസ് ആഘോഷത്തിന്റെ നിറവില്‍ മുഴുകിയപ്പോള്‍ തിരുപിറവിയുടെ വിശുദ്ധി ഏറ്റുവാങ്ങി ലിവര്‍പൂളിലെ മലയാളികളും ക്രിസ്തുമസ് കേക്കിന്റെ മധുരത്തില്‍ പരസ്പരം ആശംസകള്‍ കൈമാറി.


ടേം തോമസിന്റെ നേതൃത്വത്തില്‍ ഹോളി നെയിം സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് കമ്മറ്റി അംഗങ്ങളുടെ കൂട്ടായ സംഘാടന മികവ് ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് കൂടുതല്‍ ശോഭ പകര്‍ന്നു. ഡിസംബര്‍ മാസത്തിലെ തണുപ്പിൽ ലിവർപൂൾ മലയാളികൾ പുതുവര്‍ഷ ആഘോഷങ്ങളുടെ ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് വരും ദിനങ്ങളിൽ.




കൂടുതല്‍വാര്‍ത്തകള്‍.