CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 45 Seconds Ago
Breaking Now

ശമ്പള പരിഷ്കരണത്തിനു മുമ്പ് പൊതുക്കടത്തിന്മേൽ സർക്കാർ ധവളപത്രമിറക്കണം: ഇൻഫാം

കോട്ടയം: ശമ്പളപരിഷ്കരണ ശുപാര്‍ശകളിന്മേല്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പള പെന്‍ഷന്‍ വര്‍ദ്ധനവിന് ഒരുങ്ങുന്ന സര്‍ക്കാര്‍ അതിനു മുമ്പായി സംസ്ഥാനത്തിന്റെ പൊതുക്കടം സംബന്ധിച്ച് ധവളപത്രമിറക്കി നാടിന്റെ സാമ്പത്തികസ്ഥിതി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും കാര്‍ഷികരംഗമുള്‍പ്പെടെ വിവിധ സാമ്പത്തികസ്രോതസ്സുകള്‍ തകര്‍ന്നടിഞ്ഞിരിക്കുമ്പോള്‍ അധികനികുതിഭാരം ചുമത്തി ജനങ്ങളെ ദ്രോഹിക്കുവാന്‍ അനുവദിക്കുകയില്ലെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യൻ പറഞ്ഞു. 

2011ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതുക്കടം 82,486 കോടിയായിരുന്നു. 2015 മാര്‍ച്ച് 31ലെ കണക്കുപ്രകാരം പൊതുക്കടം 1,34,458 കോടിയായി കുത്തനെ വര്‍ദ്ധിച്ചു. സാമ്പത്തികകാര്യവിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ 2016 മാര്‍ച്ചിലിത് 1,59,000 കോടിയായി മാറും. അഞ്ചുവര്‍ഷത്തെ ഭരണംകൊണ്ട് സംസ്ഥാനത്തിന്റെ പൊതുക്കടം 100 ശതമാനത്തോളം വര്‍ദ്ധിക്കാവുന്ന സാമ്പത്തിക കെടുകാര്യസ്ഥതയുടെ യാഥാര്‍ത്ഥ്യം പൗരന്മാരെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം ജനാധിപത്യസര്‍ക്കാരിനുണ്ട്. 

3.34 കോടി ജനങ്ങളുള്ള കേരളത്തില്‍ 2015 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും പറ്റുന്ന 5,11,487 ജീവനക്കാരും 4,59,432 പെന്‍ഷന്‍കാരുമാണുള്ളത്. ശമ്പളപരിഷ്കരണ കമ്മീഷന്റെ ഇപ്പോഴത്തെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ 7300 കോടി രൂപ അധികബാധ്യതയുണ്ടാകുമെന്ന് ധനകാര്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പരിഷ്കരണം മുന്‍കാലപ്രാബല്യത്തോടെയാകുമ്പോള്‍ 10000 കോടി രൂപയോളം അധികവരുമാനം കണ്ടെത്തേണ്ടിവരും. ശമ്പളപരിഷ്കരണത്തിനുമുമ്പ് ജനങ്ങളുടെ നിലപാടറിയാന്‍ ഹിതപരിശോധനയ്ക്ക് ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ തയ്യാറാകണം. 

കാര്‍ഷികമേഖല തകര്‍ന്നടിയുമ്പോള്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്താതെ മുഖംതിരിഞ്ഞുനില്‍ക്കുന്ന സര്‍ക്കാര്‍ പെന്‍ഷന്‍കാരുള്‍പ്പെടെ പത്തുലക്ഷത്തോളം സംഘടിത വര്‍ഗ്ഗത്തിനായി മുന്‍കാലപ്രാബല്യത്തോടെ പതിനായിരംകോടി നല്‍കാനൊരുങ്ങുമ്പോള്‍ കാര്‍ഷികമേഖലയിലെ 12 ലക്ഷത്തോളം റബര്‍ കര്‍ഷകര്‍ക്ക് 300 കോടി പ്രഖ്യാപിച്ച് നാല്‍പ്പതുകോടിയില്‍ താഴെമാത്രം വിതരണം ചെയ്തിരിക്കുന്നത് കടുത്ത അനീതിയാണ്.

ശമ്പളപരിഷ്കരണത്തിന്റെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരുള്‍പ്പെടെ ഇതരജനവിഭാഗങ്ങളിലേയ്ക്ക് നികുതിഭാരം അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കും. കടമെടുത്ത് നാടിനെ തീറെഴുതുന്ന സര്‍ക്കാര്‍ നടപടി വരുംനാളുകളില്‍ വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കും. അസംഘടിത കര്‍ഷകസമൂഹത്തെ അവഗണിച്ച് കേരളജനസംഖ്യയുടെ ഒന്നരശതമാനം മാത്രമുള്ള സംഘടിതവര്‍ഗ്ഗത്തിന്റെ ആവശ്യങ്ങള്‍ക്കു മുമ്പില്‍ മുട്ടുമടക്കുന്ന രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ സമൂഹത്തില്‍ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുമെന്നും ഭൂരിപക്ഷജനതയോടുള്ള സര്‍ക്കാരിന്റെ കടുത്ത വഞ്ചനയ്ക്കും അവഗണനയ്ക്കുമെതിരെ പൊതുസമൂഹം ശക്തമായി പ്രതികരിക്കണമെന്നും വി.സി.സെബാസ്റ്റ്യൻ ആഹ്വാനം ചെയ്തു. 




കൂടുതല്‍വാര്‍ത്തകള്‍.