CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 32 Seconds Ago
Breaking Now

സുബിൻ അമ്പിത്തറയിൽ എന്ന അനുഗ്രഹീത യുവകവിയുടെ "വീട്" എന്ന കവിത ഞങ്ങൾ വായനക്കാർക്കായി സമർപ്പിക്കുന്നു

വീട്

 ........

 

ജോലിക്ക് പോകാൻ

തിരക്കിട്ട് നിരത്തിലിറങ്ങുമ്പോൾ

പിന്നിൽ എന്നേം നോക്കി

ഇളിച്ചുകൊണ്ടിരിക്കുന്നുണ്ടാവും വീട് .

 

ഒരു തൊഴിലിനും പോകാതെ

സദാ സമയം മുറ്റത്തിങ്ങനെ

കുത്തിയിരിക്കുന്ന വീടിനെ

 നാലെണ്ണം പറയാനോങ്ങും .

 

വൈകുന്നേരം ഇങ്ങോട്ട് തന്നെ

വരണമെന്നത് ഓർക്കുമ്പോൾ

ഒന്നും പറയാതെ

തിരിച്ചൊരു ഇളി കൊടുത്തിട്ട്

ഞാനെന്റെ വേലയ്ക്ക് പോകും .

 

പളളിപ്പറമ്പിൽ പൊറുതിക്ക്

പോയതിൽ പിന്നെ

അപ്പനും അമ്മേം തിരിച്ച് വന്നിട്ടില്ല .

അവിടെയാകുമ്പോ

പണിക്കൊന്നും പോകാതെ

സുഖമായ് കിടന്നുറങ്ങിയാ മതിയല്ലോ .

 

വീടിനെ പൂട്ടിയിട്ടേച്ചാ ഞാനിപ്പോ

എവിടെങ്കിലുമൊക്കെ പോകുന്നത് .

തീനും കുടിയും ഹോട്ടലീന്നാക്കിയേ പിന്നെ

വീടിനും ആകെയൊരു ക്ഷീണം വന്നിട്ടുണ്ട് .

 

വല്ലപ്പോഴും അടുക്കള വഴി വരാറുളള

കളളി പൂച്ചയും ഇപ്പോ വരാറില്ല

ഒന്ന് പ്രണയിക്കാനോ ,

മിണ്ടാനോ പറയാനോ

തൊട്ടടുത്തെങ്ങും മറ്റൊരു

വീടുപോലുമില്ലാത്ത

വീടിന്റെ പകലുകളെ ചിന്തിക്കുമ്പോൾ

എന്റെ അവസ്ഥ എത്ര ഭേദമെന്നോർക്കും.

 

രാത്രി വന്ന് ഏകാന്തതയുടെ

വലിയ കറുത്ത പുതപ്പിട്ട്

എന്നേം വീടിനേം പുതപ്പിക്കും .

എനിക്കപ്പോ വീടിനെ

കെട്ടിപ്പിടിച്ച് കരയാൻ തോന്നും .

 

നേരം വെളുക്കുമ്പോൾ കാണാം

മുറ്റമാകെ നനഞ്ഞ് കിടക്കുന്നത് .

എനിക്കറിയാം

മഴയൊന്നും പെയ്തിട്ടല്ലെന്ന്...

രാത്രിയിൽ വീടെന്നെ

കെട്ടിപ്പിടിച്ച് കരഞ്ഞിട്ടാണെന്ന് ...




കൂടുതല്‍വാര്‍ത്തകള്‍.