Breaking Now

അഭിനന്ദനവര്‍ഷം; കെ.എം. മാണി ചരിത്രം സൃഷ്‌ടിച്ചെന്ന്‌ ഉപരാഷ്‌ട്രപതി

സംസ്‌ഥാനത്ത്‌ പത്തു ബജറ്റുകള്‍ അവതരിപ്പിച്ച കെ.എം. മാണി ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണെന്ന്‌ ഉപരാഷ്‌ട്രപതി എം. ഹമീദ്‌ അന്‍സാരി.

കേരളത്തിന്‍റെ  ധനമന്ത്രിയെന്ന നിലയില്‍ വേറിട്ടുനില്‍ക്കുന്ന രാഷ്‌ട്രീയ നേതാവും പൊതു പ്രവര്‍ത്തകനുമാണ്‌ അദ്ദേഹമെന്നും ഉപരാഷ്ട്രപതി  പ്രശംസിച്ചു. കെ.എം. മാണിയുടെ പേരില്‍ കുസാറ്റില്‍ ആരംഭിക്കുന്ന ബജറ്റ്‌ പഠന കേന്ദ്രത്തിന്‍റെ  ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പതിനൊന്നം ബജറ്റിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന മന്ത്രി കെ.എം. മാണിയെ ചടങ്ങില്‍ സംബന്ധിച്ചവരെല്ലാം അഭിനന്ദിച്ചു.
എന്നാല്‍ ഇടതുപക്ഷ ഭരണകാലത്ത്‌ മാണി അവതരിപ്പിച്ച രണ്ടു ബജറ്റുകള്‍ മാത്രമാണ്‌ ജനകീയമെന്ന ചെറു വിമര്‍ശനം പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ ഉന്നയിച്ചു. 1976 ലെ കന്നി ബജറ്റുമുതല്‍ എട്ടു ബജറ്റുകള്‍ മാണി അവതരിപ്പിച്ച സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിലായിരുന്നു ചടങ്ങ്‌ സംഘടിപ്പിച്ചത്‌.
മാണിയുടേത്‌ ദേശീയതലത്തിലും ഒരുപക്ഷേ, ആഗോളതലത്തിലും റെക്കോഡായിരിക്കും. ഇത്‌ ആരും തിരുത്തുമെന്ന്‌ കരുതുന്നില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. തപസുപോലെയാണ്‌ ബജറ്റിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ തയാറെടുപ്പ്‌.
അതില്‍ അലിഞ്ഞുചേര്‍ന്ന്‌ നര്‍മവും ഭാവനയും യുക്‌തിയും ശക്‌തിയുമെല്ലാം ചേര്‍ത്തുള്ള ബജറ്റ്‌ അവതരണം തന്നെ ആരെയും ആകര്‍ഷിക്കുന്നതാണ്‌. ബജറ്റിന്‌ ഒരു രാഷ്‌ട്രീയമുഖമുണ്ട്‌. അത്‌ ജനങ്ങളോട്‌ ചേര്‍ന്നു നില്‍ക്കുന്നതും ആശ്വാസം പകരുന്നതുമാണ്‌. അതിനൊരു വികസനമുഖവുമുണ്ട്‌. പതിനൊന്നാം ബജറ്റില്‍ മറ്റൊരു മാണി മാജിക്‌ പ്രതീക്ഷിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
റെക്കോഡിനുടമയാണെങ്കിലും മാണിയുടെ സമീപനത്തോട്‌ യോജിക്കുന്നില്ലെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. എന്നാല്‍ ഇതില്‍ 80, 81 കാലഘട്ടങ്ങളില്‍ അവതരിപ്പിച്ച രണ്ടെണ്ണം വേറിട്ടുനില്‍ക്കുന്നുണ്ട്‌.
അന്നാണ്‌ കര്‍ഷക, തൊഴിലാളി ക്ഷേമത്തിന്‌ മാണി ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കിയത്‌. അത്‌ അന്നത്തെ മുന്നണിയുടെ കാഴ്‌ചപ്പാടിലുള്ള വ്യത്യാസമായിരുന്നു. ബജറ്റുകള്‍ വളര്‍ച്ചപോലെ തകര്‍ച്ചയ്‌ക്കും വഴിവയ്‌ക്കുമെന്നും വി.എസ്‌. ചൂണ്ടിക്കാട്ടി.
ധനമന്ത്രി ഒരിക്കലും ജനകീയനായിരിക്കില്ല. ഡോ: നോ എന്നാണ്‌ അദ്ദേഹം അറിയപ്പെടുകയെന്ന്‌ പതിനാലാം ധനകാര്യ കമ്മിഷന്‍ അംഗം ഡോ: ഗോവിന്ദറാവു അഭിപ്രായപ്പെട്ടു. െദെവത്തിന്റെ സ്വന്തം നാടിന്‌ െദെവത്തിന്റെ സ്വന്തം ബജറ്റ്‌ വേണമെന്ന്‌ ആഗ്രഹിക്കുന്ന വ്യക്‌തിയാണ്‌ കെ.എം. മാണിയെന്ന്‌ കേന്ദ്ര മന്ത്രി ഡോ. ശശി തരൂര്‍ അഭിപ്രായപ്പെട്ടു.
ഇ.കെ. നായനാര്‍ മുതല്‍ ഉമ്മന്‍ചാണ്ടി വരെയുള്ള മുഖ്യമന്ത്രിമാര്‍ക്ക്‌ നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ്‌ മാണി സംസാരിച്ചത്‌.
ബജറ്റ്‌ അവതരണത്തിനു സഹായിച്ച ധനകാര്യ സെക്രട്ടറിമാരായ രവീന്ദ്രന്‍നായര്‍ മുതല്‍ വി.പി. ജോയി വരെയുള്ളവരെയും അനുസ്‌മരിച്ചു.
ബജറ്റ്‌ രൂപീകരണം എന്നത്‌ ആഴത്തിലുള്ള പഠനത്തിന്റെ ശാസ്‌ത്രമാണ്‌. വിവിധ മേഖലകളെക്കുറിച്ചുള്ള വ്യക്‌തമായ രൂപമുണ്ടെങ്കില്‍ മാത്രമേ നല്ല ബജറ്റ്‌ അവതരിപ്പിക്കാന്‍ കഴിയുകയുള്ളെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.