Breaking Now

വയനാട്ടില്‍ രണ്ടുദിവസം കനത്ത ജാഗ്രത

നേതാവ് എ. വര്‍ഗീസ് ദിനാചരണത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കനത്ത ജാഗ്രതാനിര്‍ദേശം

മാവോവാദികളുടെ ഭീഷണിയുണ്ടെന്ന സംശയത്തെത്തുടര്‍ന്നും നക്‌സലൈറ്റ് നേതാവ് എ. വര്‍ഗീസ്ദിനാചരണത്തിന്റെ പശ്ചാത്തലത്തിലും വയനാട്ടില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കനത്ത ജാഗ്രതാനിര്‍ദേശം.

കളക്ടറേറ്റ്, വനം- റവന്യു ഓഫീസുകള്‍ പോലീസ്‌സ്റ്റേഷനുകള്‍ എന്നിവയ്ക്ക് പ്രത്യേകകാവലും ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി കളക്ടര്‍ കെ.ഗോപാലകൃഷ്ണഭട്ട് പറഞ്ഞു.

ഞായറാഴ്ച പത്തുമണിമുതലാണ് ഓഫീസുകള്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തിയത്. ഞായറാഴ്ച വൈകുന്നേരം ഉത്തരമേഖല എ.ഡി.ജി.പി. എന്‍.ശങ്കര്‍റെഡ്ഡി തിരുനെല്ലി, തലപ്പുഴ പോലീസ് സ്റ്റേഷനുകളിലെത്തി. ആറളത്ത് ഉന്നതതലയോഗംചേര്‍ന്ന ശേഷമാണ് എ.ഡി.ജി.പി. വയനാട്ടിലെ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താന്‍ എത്തിയത്.

ജില്ലാ പോലീസ് മേധാവി എ.വി.ജോര്‍ജ്, മാനന്തവാടി ഡിവൈ.എസ്.പി. എ.ആര്‍.പ്രേംകുമാര്‍ എന്നിവരുമായി എ.ഡി.ജി.പി. ചര്‍ച്ചനടത്തി.

മാവോവാദികള്‍ക്കായി നാലാംദിവസമായ ഞായറാഴ്ചയും തിരച്ചില്‍ നടത്തി. കേരള-കര്‍ണാടക അതിര്‍ത്തിമേഖലയായ തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍പ്പെട്ട കട്ടബെള്ള, ദാസനഘട്ട, ദൊഡ്ഡാഡി മസിലക്കുന്ന്, നരിമാന്തിക്കൊല്ലി, അയ്യപ്പന്‍പാറ, ചെമ്പകപ്പാടി എന്നിവിടങ്ങളിലായിരുന്ന തിരച്ചില്‍. തിങ്കളാഴ്ചയും തിരച്ചില്‍ തുടരും.

ഈ സാഹചര്യത്തില്‍ 'പോരാട്ടം' സംഘടന സംഘടിപ്പിക്കാനിരുന്ന വര്‍ഗീസ് അനുസ്മരണം തടഞ്ഞിട്ടുണ്ട്. സി.പി.ഐ. (എം.എല്‍.) ജില്ലാകമ്മിറ്റി മാനന്തവാടിയില്‍ വര്‍ഗീസ് അനുസ്മരണം നടത്തുകയും ചെയ്തു. ഞായറാഴ്ച നടത്തിയ പരിപാടി ഓള്‍ ഇന്ത്യ ക്രാന്തി കാര്യക് കിസാന്‍സഭ സംസ്ഥാന സെക്രട്ടറി സണ്ണി അമ്പാട്ടാണ് ഉദ്ഘാടനം ചെയ്തത്. ജില്ലാസെക്രട്ടറി സാം പി.മാത്യു അധ്യക്ഷതവഹിച്ച യോഗത്തില്‍ 30 പേര്‍ പങ്കെടുത്തു. പോലീസ് അനുമതിയോടെയായിരുന്നു പരിപാടി. 'പോരാട്ട'ത്തിന്റെ പരിപാടിക്കുമാത്രമേ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളൂവെന്ന് പോലീസ് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.