Breaking Now

ചര്‍ച്ച പൊളിഞ്ഞു, ഇന്ന്‌ അര്‍ധരാത്രി മുതല്‍ 48 മണിക്കൂര്‍ പൊതുപണിമുടക്ക്‌

നാല്‍പത്തെട്ടു മണിക്കൂര്‍ പണിമുടക്ക്‌ ഒഴിവാക്കാന്‍ വിവിധ തൊഴിലാളി സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

മുന്‍നിശ്‌ചയപ്രകാരം ഇന്ന്‌ അര്‍ധരാത്രി പണിമുടക്ക്‌ ആരംഭിക്കും. തങ്ങളുടെ ആവശ്യങ്ങളില്‍ ഒന്നുപോലും അംഗീകരിക്കാനോ വ്യക്‌തമായ ഉറപ്പുനല്‍കാനോ സര്‍ക്കാര്‍ തയാറാകാത്തതാണു ചര്‍ച്ച പൊളിയാന്‍ കാരണമെന്നു സംയുക്‌ത തൊഴിലാളി സംഘടനാ നേതാക്കള്‍ അറിയിച്ചു. കേന്ദ്ര കൃഷിമന്ത്രി ശരദ്‌പവാര്‍ മുന്‍െകെയെടുത്തു നടത്തിയ ചര്‍ച്ചയില്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണി, ധനമന്ത്രി പി.ചിദംബരം, തൊഴില്‍മന്ത്രി മല്ലികാര്‍ജ്‌ജുന ഖാര്‍ഗെ എന്നിവര്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ചു.

യൂണിയനുകള്‍ ഉന്നയിച്ച കാര്യങ്ങള്‍ എല്ലാം പെട്ടെന്നു നടപ്പാക്കാന്‍ പറ്റാത്തതാണെന്നു ശരദ്‌പവാറും എ.കെ.ആന്റണിയും വ്യക്‌തമാക്കി. നടപ്പാക്കാന്‍ പറ്റാവുന്ന കാര്യങ്ങളെ സംബന്ധിച്ചു വ്യക്‌തമായ ഉറപ്പു നല്‍കാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. വിലക്കയറ്റം തടയുക, പൊതു മേഖലയെ സംരക്ഷിക്കുക, സ്‌ഥിരം തൊഴിലാളികളുടെ സേവനവ്യവസ്‌ഥകള്‍ കരാര്‍ തൊഴിലാളികള്‍ക്കും ബാധകമാക്കുക, കുറഞ്ഞ വേതനം പതിനായിരം രൂപയായി നിശ്‌ചയിക്കുക തുടങ്ങി സംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ കൃത്യമായ ഉറപ്പു നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല.

സമരം മാറ്റിവയ്‌ക്കണമെന്നും ചര്‍ച്ച തുടരാമെന്നും മന്ത്രിമാര്‍ അഭ്യര്‍ഥിച്ചെങ്കിലും നേതാക്കള്‍ വഴങ്ങിയില്ല. പ്രതിരോധ മന്ത്രാലയത്തില്‍ ഇന്നലെ രാത്രി എട്ടരയ്‌ക്ക്‌ ആരംഭിച്ച ചര്‍ച്ച ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടു.
ആവശ്യങ്ങളില്‍ ഏതെങ്കിലും തരത്തില്‍ ഉറപ്പു ലഭിച്ചാല്‍ വഴങ്ങാമെന്ന ധാരണയിലാണു നേതാക്കള്‍ എത്തിയത്‌. എന്നാല്‍ പണിമുടക്ക്‌ എങ്ങനെയെങ്കിലും മാറ്റിവയ്‌പ്പിക്കാനാണു മന്ത്രിമാര്‍ ശ്രമിച്ചതെന്ന്‌ അവര്‍ പറഞ്ഞു. സമരക്കാര്‍ ഉന്നയിച്ച 10 ആവശ്യങ്ങളില്‍ പലതും കാബിനറ്റിന്റെ പരിഗണനയിലാണെന്നു ചൂണ്ടിക്കാണിച്ചാണു മന്ത്രിമാര്‍ സമയം ചോദിച്ചത്‌.

കഴിഞ്ഞ ചര്‍ച്ചയില്‍ കേന്ദ്ര തൊഴില്‍മന്ത്രി പറഞ്ഞതിനപ്പുറമൊന്നും ഇന്നലത്തെ ചര്‍ച്ചയില്‍ സര്‍ക്കാരിനു മുന്നോട്ടു വയ്‌ക്കാനുണ്ടായിരുന്നില്ലെന്നു സി.ഐ.ടി.യു. അധ്യക്ഷന്‍ എ.കെ. പത്മനാഭന്‍ പറഞ്ഞു. കോണ്‍ഗ്രസ്‌ അനുകൂല സംഘടനയായ ഐ.എന്‍.ടി.യു.സിയും പണിമുടക്കില്‍ ഉറച്ചു നില്‍ക്കുമെന്നു ദേശീയ അധ്യക്ഷന്‍ ഡോ.സഞ്‌ജീവ റെഡ്‌ഡി അറിയിച്ചു.

ഇന്നു രാവിലെ പതിനൊന്നിനു ബി.എം.എസിന്‍റെ  കേന്ദ്ര ഓഫീസില്‍ യോഗം ചേര്‍ന്നു നാളെയും മറ്റന്നാളും സമരം നടത്തേണ്ടത്‌ ഏതു രീതിയിലായിരിക്കുമെന്നു തീരുമാനിക്കും. 2009 ല്‍ ആദ്യം സമരം പ്രഖ്യാപിക്കുകയും സര്‍ക്കാരിന്‍റെ  അഭ്യര്‍ഥനയെ തുടര്‍ന്ന്‌ 2011 ലേക്കും ഒടുവില്‍ 2013 ലേക്കും മാറ്റിവയ്‌ക്കുകയായിരുന്നു. ഇനി കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്നായിരുന്നു സംഘടനകളുടെ നിലപാട്‌.




കൂടുതല്‍വാര്‍ത്തകള്‍.