Breaking Now

സുധാകരന്‍റെ പ്രസ്താവന അപലപനീയമെന്ന് ഹൈക്കമാന്‍ഡ്

സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ കെ. സുധാകരന്‍ എം.പിയെ കോണ്‍ഗ്രസ് നേതൃത്വം തള്ളിപ്പറഞ്ഞു.

സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ കെ. സുധാകരന്‍ എം.പിയെ കോണ്‍ഗ്രസ് നേതൃത്വം തള്ളിപ്പറഞ്ഞു. പാര്‍ട്ടി നിലപാടിനെക്കുറിച്ച് ധാരണയില്ലാതെ ചിലയാളുകള്‍ തുടര്‍ച്ചയായി നടത്തുന്ന പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രേണുക ചൗധരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 സുധാകരന്‍െറ പരാമര്‍ശങ്ങള്‍ അപലപനീയവും പാര്‍ട്ടി മുന്നോട്ടുവെക്കുന്ന തത്ത്വങ്ങള്‍ക്ക് എതിരുമാണ്. ഇതൊന്നും കോണ്‍ഗ്രസിന്‍െറ അഭിപ്രായമല്ല. സ്ത്രീകളോട് ചില പാര്‍ട്ടി നേതാക്കള്‍ക്കുള്ള കാഴ്ചപ്പാടില്‍ മാറ്റം വരുത്തണമെന്നും രേണുക ചൗധരി അഭിപ്രായപ്പെട്ടു. സുധാകരന്‍െറ പ്രസ്താവനക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് സ്വന്തം പാര്‍ട്ടി എം.പിക്കെതിരെ കടുത്ത ഭാഷ പ്രയോഗിച്ചത്.
വേശ്യാവൃത്തി നടത്തി പണവും വാങ്ങി, പീഡിപ്പിച്ചുവെന്ന് വിളിച്ചുപറഞ്ഞു നടക്കുന്നത് ശരിയല്ലെന്നാണ് കെ. സുധാകരന്‍ മസ്കത്ത് സന്ദര്‍ശനത്തിനിടയില്‍ പരസ്യമായി പറഞ്ഞത്. തന്‍െറ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ആവര്‍ത്തിക്കുകയും ചെയ്തു. സൂര്യനെല്ലി പ്രശ്നത്തില്‍ പി.ജെ. കുര്യന്‍ രാജിയുടെ വക്കില്‍ നില്‍ക്കുന്നതിനൊപ്പം, മോശമായ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്കാരില്‍നിന്നുണ്ടാകുന്നതില്‍ ഹൈകമാന്‍ഡിനുള്ള അമര്‍ഷമാണ് വക്താവിന്‍റെ  വാക്കുകളില്‍ നിറഞ്ഞത്.
 സുധാകരന്‍െറ പ്രസ്താവനയെ ബി.ജെ.പിയും സി.പി.എമ്മും രൂക്ഷമായി വിമര്‍ശിച്ചു. ദേശീയ വനിതാ കമീഷനും സുധാകരനെതിരെ സംസാരിച്ചു. സുധാകരന്‍െറ മനസ്സാണ് വാക്കുകളില്‍ പ്രതിഫലിക്കുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. മാനഭംഗത്തിന് ഇരയായ ഒരു കുട്ടിയെക്കുറിച്ച് ഇത്രയും മ്ളേച്ഛമായി സംസാരിക്കാന്‍ കഴിയുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ മൗനംകൊണ്ടു മാത്രമാണെന്ന് വൃന്ദ പറഞ്ഞു.  ജയ്പൂരില്‍ നടന്ന ചിന്താശിബിരത്തില്‍ കോണ്‍ഗ്രസ് പറഞ്ഞത് സ്ത്രീയുടെ അന്തസ്സ് പരിപാലിക്കുന്നതിനെക്കുറിച്ചാണ്. എന്നാല്‍, മാനഭംഗത്തിന് ഇരയായവരെ കേരളത്തിലെ പല കോണ്‍ഗ്രസ് നേതാക്കളും വേദനിപ്പിക്കുന്നത് നേതൃത്വം കണ്ടില്ലെന്നു നടിക്കുന്നു. ഇതു നാണക്കേടാണെന്നും വൃന്ദ കൂട്ടിച്ചേര്‍ത്തു.




കൂടുതല്‍വാര്‍ത്തകള്‍.