CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 53 Minutes 36 Seconds Ago
Breaking Now

പ്രസിദ്ധമായ മാഞ്ചസ്റ്റർ ദുക്‌റാന തിരുനാളിന് ജൂൺ 26ന് കൊടിയേറും; പ്രധാന തിരുന്നാൾ ജൂലൈ രണ്ടിന്

യുകെയിൽ താമസിക്കുന്ന ക്രൈസ്തവരായ മലയാളികൾക്ക് ഏറ്റവും അധികം ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മയാണ് പള്ളി പെരുന്നാൾ. ഈ തനിമ ഒട്ടും ചോരാതെ കഴിഞ്ഞ പത്തു വർഷത്തിലേറെയായി അവിസ്മരണീയമായ മിഴിവോടെ നടന്നു വരുന്ന ഒന്നാണ് മാഞ്ചസ്റ്റർ ദുക്‌റാന തിരുനാൾ. യുകെയുടെ നാനാഭാഗങ്ങളിൽ നിന്നായി ആയിരങ്ങൾ ഒത്തുചേരുന്ന ദുക്‌റാന തിരുനാൾ മറുനാട്ടിലെ ഏറ്റവും വലിയ തിരുന്നാൾ എന്ന ഖ്യാതി ഇതിനകം നേടികഴിഞ്ഞു.


ഒരാഴ്ച മുൻപേ കൊടിയേറി, നാട്ടിലേതു പോലെ ഭക്തിനിർഭരമായ തിരുന്നാൾ കുർബാനകളും, പ്രദക്ഷിണവും കലാവിരുന്നുകളും പള്ളിപ്പറമ്പിലെ അനുഭവങ്ങളുമെല്ലാം അയവിറക്കാൻ യുകെ മലയാളികൾ മാഞ്ചസ്റ്റർ തിരുന്നാളിൽ ഒത്തുചേരുക പതിവാണ്. തിരുനാളിന് രണ്ടു നാൾ മുൻപേ മാഞ്ചസ്റ്ററിലെ ഭവനങ്ങൾ എല്ലാം അതിഥികളാൽ നിറയും. കണ്മഷിയും, കരിവളയും, പീപ്പിയും ഉഴുന്നാടയും തട്ടുകടകളും എല്ലാം ആയി നാട്ടിൻപ്പുറത്തെ അനുഭവമാണ് ഇക്കുറിയും മാഞ്ചസ്റ്ററിൽ അരങ്ങേറുക.  

പ്രശസ്ത പിന്നണി ഗായകൻ കെ.ജി. മാർക്കോസ് നയിച്ച ഗാനമേള കഴിഞ്ഞ വർഷത്തെ കലാസന്ധ്യക്ക് നിറം പകർന്നപ്പോൾ ഇക്കുറിയും മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകർ അണിനിരക്കുന്ന ഗാനമേള തിരുന്നാൾ പറമ്പിൽ ഓപ്പൺ എയറിൽ പ്രത്യേകം തയ്യാറാക്കുന്ന സ്റ്റേജിൽ അരങ്ങേറും.

ജൂൺ 26 ഞായറാഴ്ച വൈകുന്നേരം 4 നു തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊടിയേറ്റം നടക്കും. ഇടവക വികാരി റവ. ഡോ. ലോനപ്പൻ അരങ്ങാശേരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന ദിവ്യബലി മദ്ധ്യേ പ്രസുദേന്തി വാഴ്ചയും നടക്കും. ദിവ്യബലിയെ തുടർന്ന് ഉത്പന്ന ലേലവും നടക്കും.   

തുടർന്ന് ജൂലൈ ഒന്നാം തീയതി വെള്ളിയാഴ്ച വരെ ദിവസവും വൈകുന്നേരം ദിവ്യബലിയും മധ്യസ്ഥ പ്രാർത്ഥനയും നടക്കും. പ്രധാന തിരുന്നാൾ ദിനമായ ജൂലൈ രണ്ടിന് രാവിലെ 10.30 നു ആഘോഷപ്പൂർവ്വമായ പൊന്തിഫിക്കൽ കുർബാനയ്ക്ക് തുടക്കമാകും. നാട്ടിൽ നിന്നും എത്തിച്ചേരുന്ന ഒരു ബിഷപ്പിനെ കൂടാതെ ഷ്രൂസ്ബറി രൂപതാ ബിഷപ്പ് മാർക്ക് ഡേവീസും യുകെയുടെ പല ഭാഗങ്ങളിൽ നിന്നായി എത്തിച്ചേരുന്ന വൈദികരും തിരുന്നാൾ കുർബാനയിൽ കാർമ്മികരാവും.


ഭാരത അപ്പോസ്തലൻ മാർ തോമാശ്ലീഹായും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാളാണ് ഇക്കുറിയും നടക്കുക. തിരുന്നാൾ കുർബാനയെ തുടർന്ന് പൌരാണികത വിളിച്ചോതിയുള്ള തിരുന്നാൾ പ്രദക്ഷിണവും തുടർന്ന് മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകർ അണിനിരക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. മാഞ്ചസ്റ്ററിലെ കത്തോലിക്കർ മാത്രമല്ല നാനാജാതി മതസ്ഥരായ വിശ്വാസികൾ എല്ലാവരും ഒത്തുചേർന്നാണ് തിരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്.

യുകെയിലെ മലയാറ്റൂരായ മാഞ്ചസ്റ്റർ വീണ്ടും തിരുന്നാൾ ലഹരിയിലേക്ക് നീങ്ങവേ ഷ്രൂസ്ബറി രൂപതാ സീറോ മലബാർ ചാപ്ലയിൻ റവ. ഡോ. ലോനപ്പൻ അരങ്ങാശേരിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിവിധങ്ങളായ കമ്മിറ്റികൾ തിരുന്നാൾ ആഘോഷങ്ങളുടെ വിജയത്തിനായി നിലവിൽ വന്നു.




കൂടുതല്‍വാര്‍ത്തകള്‍.